Latest NewsIndia

പണമില്ലാത്തതിന്‍റെ പേരില്‍ ഒരു രോഗിക്കും ചികിത്സ കിട്ടാതെ പോകരുത്; 350 -ലധികം ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് ഈ ഡോക്ടർ

പണമില്ലാത്തതിന്‍റെ പേരില്‍ ഒരു രോഗിക്കും ചികിത്സ കിട്ടാതെ പോകരുത്. ഇതാണ് ഡോക്ടര്‍ മനോജ് ദുരൈരാജയുടെ ലക്ഷ്യം. അദേഹത്തെ സംബന്ധിച്ച്‌ തന്‍റെ പ്രൊഫഷന്‍ രോഗികളുടെ മുറിവുണക്കാനുള്ള ഒന്ന് മാത്രമായിരുന്നില്ല. പകരം, അവര്‍ക്ക് പുതിയൊരു ജീവിതം നല്‍കാനുള്ളത് കൂടിയായിരുന്നു. പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലെ കാര്‍ഡിയാക് സര്‍ജനും, മരിയന്‍ കാര്‍ഡിയാക് സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച്‌ ഫൌണ്ടേഷന്‍ തലവനുമാണ് ഡോ. മനോജ്. ഹൃദയ സംബന്ധമായ അസുഖങ്ങളെ അവിടെ അദ്ദേഹം സൌജന്യമായിട്ടാണ് ചികിത്സിച്ചിരുന്നത്.

”പണമില്ലാത്തതിന്‍റെ പേരില്‍ ഒരു രോഗിക്കും വേണ്ട ചികിത്സ നല്‍കാതിരുന്നിട്ടില്ല. നല്ല ചികിത്സ നല്‍കേണ്ടത് എന്‍റെയും ഫൌണ്ടേഷന്‍റെയും കടമയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” എന്നാണ് ഡോക്ടര്‍ പറയുന്നത്.
അച്ഛനില്‍ നിന്ന് പഠിച്ച പാഠം. ഡോ. മനോജിന്‍റെ പിതാവ് ഡോ. മാനുവേല്‍ ദുരൈരാജ് 21 വര്‍ഷം ഇന്ത്യന്‍ ആര്‍മിയില്‍ കാര്‍ഡിയോളജിസ്റ്റായിരുന്നു. റൂബി ഹാള്‍ ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം തുടങ്ങുന്നതും അദ്ദേഹമായിരുന്നു. പക്ഷെ, സമൂഹത്തിന് അദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവന മരിയന്‍ കാര്‍ഡിയാക് സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച്‌ സെന്‍ററായിരുന്നു. 1991 -ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. 2005 -ല്‍ മനോജ് ഇതില്‍ പങ്കു ചേര്‍ന്നു.

”എന്‍റെ അച്ഛന്‍ അദ്ദേഹത്തിന്‍റെ സമയവും പണവും മെഡിക്കല്‍ രംഗത്തെ അറിവും ഇതൊന്നും കിട്ടാതെ ഒരുപാട് ദൂരെ നില്‍ക്കുന്നവര്‍ക്കായി നല്‍കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതാണ്, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുക എന്നത് വെറുമൊരു ജോലി മാത്രമല്ല എന്ന് എന്നെ പഠിപ്പിച്ചത്. ഏറ്റവും ആവശ്യമുള്ളവരിലേക്ക് ചികിത്സ എത്തിക്കുക എന്നതാണ് അതിന്‍റെ കര്‍ത്തവ്യം” മനോജ് പറയുന്നു.

ഇന്ന് ക്ലിനിക്ക് അതിന്‍റെ തന്നെ ഫണ്ടുപയോഗിച്ച്‌ 300 -ലധികം പേര്‍ക്ക് പുതുജീവന്‍ നല്‍കിയിരിക്കുന്നു. ”നമ്മുടെ ഡോണേഴ്സ് ഒന്നും വലിയ നിലയിലുള്ള ആള്‍ക്കാരൊന്നും അല്ല. സാധാരണക്കാരും വിരമിച്ചവരും ഒക്കെയാണ്. അതുപോലെ തന്നെ, നേരത്തെ ഇവിടെ ചികിത്സിച്ച രോഗികളും സഹായിച്ചു.” മനോജ് പറയുന്നു. സാധാരണക്കാരായ മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ക്കടക്കം 350 -ലേറെ പേര്‍ക്കാണ് സൌജന്യ ശസ്ത്രക്രിയ നടത്തിയത്. അതുപോലെ, ശസ്ത്രക്രിയ നടത്തിക്കൊടുക്കാന്‍ ഫണ്ടില്ലാതെ വന്നപ്പോള്‍ പലരും സഹായിച്ച കഥയും അദ്ദേഹം പറയുന്നു.

ക്ലിനിക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. വിവിധയിടങ്ങളില്‍ സഞ്ചരിക്കുകയും ചികിത്സിക്കാന്‍ പണമില്ലാത്തവര്‍ക്ക് സഹായം നല്‍കുകയും, ചികിത്സിച്ച കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുകയും കൂടി ചെയ്യുന്നുണ്ട്.

shortlink

Post Your Comments


Back to top button