Latest NewsIndia

അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് യു.പിയില്‍ പരക്കെ അക്രമം

തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു

ലക്‌നൗ: അലഹബാദ് സര്‍വകലാശാലയിലെ യൂണിയന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്കു പുറപ്പെട്ട് യു.പി മുന്‍ മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തില്‍ വ്യാപക പ്രതിഷേധം. പ്രയാഗ്‌രാജില്‍ എസ്പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ആക്രമാസക്തമായി.

തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എംപി ധര്‍മേന്ദ്ര യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം വിഷയം ഗവര്‍ണര്‍ റാം നായിക്കിനെ കണ്ട് ധര്‍മേന്ദ്ര യാദവ് ബുധനാഴ്ച ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എ ബി വി പിയെ പരാജയപ്പെടുത്തി സമാജ് വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനയായ സമാജ് വാദി ഛാത്രസഭയാണ് അലഹബാദ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. യൂണിയന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനു വേണ്ടി പ്രത്യേക വിമാനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അഖിലേഷിനെ പോലീസ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

അഖിലേഷ് യാദവ് തന്നെയാണ് സംഭവത്തെ കുറിച്ച് ട്വിറ്ററില്‍ പങ്കു വച്ചത്. ഉദ്യോഗസ്ഥന്‍ തടയുന്നതിന്റെ ചിത്രം സഹിതമാണ് അലിലേഷ് യാദവ് ട്വീറ്റ് ചെയ്തത്. വിദ്യാര്‍ഥി യൂണിയന്‍ പരിപാടി പോലും അസഹിഷ്ണുതയോടെ കാണുന്ന യോഗി ആദിത്യനാഥും ബി ജെ പിയും പരാജയഭീതിയിലാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ബി ജെ പി യുടെ ഏകാധിപത്യസ്വഭാവമാണ് സംഭവം വ്യക്തമാക്കുന്നതെന്ന് എസ് പിയുെടെ സഖ്യകക്ഷിയായ മായാവതി പ്രതികരിച്ചു. കൂടാതെ സംഭവത്തില്‍ വിധാന്‍ സഭയിലും വിധാന്‍ പരിഷത്തിലും വലിയ പ്രതിഷേധമുണ്ടായി.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര പ്രദേശ് മുഖ്യന്‍ ചന്ദ്രബാബു നായിഡു, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി തുടങ്ങിയവരെല്ലാം യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. അഖിലേഷ് യാദവിനെ തടഞ്ഞ സംഭവത്തെ അപലപിക്കുന്നതായി മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്. ആളുകള്‍ക്ക് ഒരു സ്ഥലത്ത് പോകുന്നതിന് പോലും വിലക്കാണെന്നും മമത പറഞ്ഞു. രാഷ്ട്രീയ എതിരാളികളോട് ബിജെപി കാണിക്കുന്ന അസഹിഷ്ണുതയുടെ ഉദാഹരണമാണ് അഖിലേഷിനെ തടഞ്ഞതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.

അതേസമയം സര്‍വകലാശാല ക്യാമ്പസില്‍ അക്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അഖിലേഷിനെ തടഞ്ഞതെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button