Latest NewsIndia

ട്രാഫിക് നിയമങ്ങള്‍ പാലിച്ചാല്‍ 100 രൂപയും സര്‍ട്ടിഫിക്കറ്റും; ബോധവത്കരണത്തിന് വേറിട്ട മാര്‍ഗവുമായി പോലീസ്

 

ഒഡീഷ: ട്രാഫിക് നിയമങ്ങളെല്ലാം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കുന്നവര്‍ക്ക് 100 രൂപ കാഷ് അവാര്‍ഡും അനുമോദന സര്‍ട്ടിഫിക്കറ്റും. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ഒഡീഷ പോലീസ് വേറിട്ട പദ്ധതി നടപ്പിലാക്കിയത്. ഒഡീഷയിലെ ക്യോഞ്ചാര്‍ ജില്ലയിലാണ് പോലീസ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്. റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള പണം വിനിയോഗിക്കുന്നത്. റോഡ് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ഡ്രൈവര്‍മാര്‍ തിരിച്ചറിയാനും അപകടങ്ങള്‍ തടയാനുമാണ് ഇത്തരമൊരു പദ്ധതി പോലീസ് നടപ്പാക്കിയത്.

ആദ്യദിനം തന്നെ നിയമം പാലിച്ച് വണ്ടിയോടിച്ച അമ്പതോളം പേര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കിയതായി ജില്ലാ പോലീസ് സുപ്രണ്ട് ജയ് നാരായണ്‍ പങ്കജ് പറഞ്ഞു. നിയമലംഘകരെ പിടികൂടുന്നതും പിഴ അടപ്പിക്കുന്നതും നമ്മുടെ രാജ്യത്ത് സര്‍വസാധാരണമാണ്. ഇതിലൊരു മാറ്റമെന്ന നിലയിലാണ് നിയമംപാലിച്ച് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ മികച്ച ഡ്രൈവര്‍മാര്‍ക്ക് പോലീസ് കാഷ് അവാര്‍ഡ് നല്‍കുന്നത് രാജ്യത്ത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവിങ് ലൈസന്‍സ് – ഇന്‍ഷുറന്‍സ് തുടങ്ങിയ വാഹന രേഖകള്‍, സീറ്റ് ബെല്‍റ്റ് – ഹെല്‍മറ്റ് ഉപയോഗം, വാഹനത്തിന്റെ വേഗ പരിധി, ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിശോധിച്ചാണ് കാഷ് അവാര്‍ഡ് നല്‍കണോ വേണ്ടയോ എന്ന് പോലീസ് തീരുമാനിക്കുക. ഇവയെല്ലാം കൃത്യമാണെങ്കില്‍ പരിശോധന സ്ഥലത്തുവെച്ച് തന്നെ 100 രൂപയും അനുമോദന സര്‍ട്ടിഫിക്കറ്റും ഡ്രൈവര്‍ക്ക് സമ്മാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button