KeralaLatest NewsIndia

പ്രളയക്കെടുതി സഹായം ലഭിക്കാന്‍ കൈക്കൂലി കൊടുക്കാന്‍ പണമില്ല ; വൃക്ക വില്‍ക്കാനൊരുങ്ങി വൃദ്ധദമ്പതികള്‍

കൈക്കൂലി കൊടുക്കാന്‍ പണമുണ്ടാക്കാനാണ് വൃക്ക വില്‍ക്കുന്നതെന്നും തകര്‍ന്ന വീടിന്റെ ഭിത്തിയില്‍ എഴുതിയ പരസ്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ ആനുകൂല്യം ലഭിക്കാൻ കൈക്കൂലി നൽകാനായി വൃക്ക വില്‍ക്കാനൊരുങ്ങി വൃദ്ധന്‍. അടിമാലി വെള്ളത്തൂവല്‍ സ്വദേശിയായ 72 കാരന്‍ തണ്ണിക്കോട്ട് ജോസഫാണ് വീടിന്റെ ചുവരില്‍ വൃക്ക വില്‍പ്പനയ്ക്ക് എന്ന് എഴുതിവെച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ഇതുവരെ ആനുകൂല്യമൊന്നും കിട്ടിയിട്ടില്ല. കൈക്കൂലി കൊടുക്കാന്‍ പണമുണ്ടാക്കാനാണ് വൃക്ക വില്‍ക്കുന്നതെന്നും തകര്‍ന്ന വീടിന്റെ ഭിത്തിയില്‍ എഴുതിയ പരസ്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ജോസഫും ഭാര്യ ആലീസും താമസിക്കുന്ന ആ വീട്, കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ ഉരുള്‍പൊട്ടിയാണ് തകര്‍ന്നത്. ഇരുപത്തിയഞ്ച് വര്‍ഷം മുമ്ബ് നിര്‍മ്മിച്ച വീടിന്റെ താമസയോഗ്യമായ ഒരു മുറിയിലാണ് ജോസഫും ഭാര്യ ആലീസും കഴിയുന്നത്. ജോസഫിനും ഭാര്യക്കും മറ്റു വരുമാന മാര്‍ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ വീടിന്റെ രണ്ട് മുറികള്‍ വാടകയ്ക്ക് കൊടുത്ത് കിട്ടുന്നതുകൊണ്ടായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. പ്രളയത്തില്‍ വീട് തകര്‍ന്നതോടെ ആ വരുമാനവും നിലച്ചു.

വീടിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കയറിയിറങ്ങാത്ത ഓഫീസുകളോ മുട്ടാത്ത വാതിലുകളോ ഇല്ലെന്ന് ജോസഫ് പറയുന്നു. പക്ഷേ, ഇത്ര നാളായിട്ടും സര്‍ക്കാരില്‍ നിന്നും ഒരു സഹായവും കിട്ടാതെ വന്നതോടെയാണ് ജോസഫ് തന്റെ നിസ്സഹായത ഇത്തരത്തില്‍ എഴുതി പുറംലോകത്തെ അറിയിച്ചത്.രോഗംമൂലം ആരോഗ്യമില്ലാത്തതിനാലാണ് പുനര്‍നിര്‍മ്മാണത്തിന് വൃക്ക വിറ്റ് പണം നേടാന്‍ ശ്രമിക്കുന്നതെന്നും ജോസഫ് പറയുന്നു.

മേസ്തരിയായിരുന്ന ജോസഫ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തില്‍ ഭാഗമായിട്ടുണ്ട്. എന്നാല്‍ വീടു പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ലാത്തതും, തകര്‍ന്ന ഭാഗത്ത് വാടകക്കാരുണ്ടായിരുന്നതും അടക്കമുളള സാങ്കേതിക തടസ്സങ്ങളാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.വെള്ളത്തൂവലിലെ പന്ത്രണ്ടാം വാര്‍ഡില്‍ മുസ്ലിംപള്ളിപ്പടിക്കു സമീപത്താണ് ജോസഫിന്റെ വീട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button