Latest NewsKerala

മിന്നല്‍ ഹര്‍ത്താല്‍ ; ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി

തിരുവനന്തപുരം : കാസർകോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിനെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കി. രമേശ് ചെന്നിത്തല ജനുവരി ഏഴിനിട്ട ഫേസ്ബുക്ക് പോസ്റ്റാണിത്.

മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായിരുന്നു ചെന്നിത്തലയുടെ അന്നത്തെ പോസ്റ്റ്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

ചെന്നിത്തലയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
ഇതിന്റെ വെളിച്ചത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി ആയിരിക്കെ ഞാൻ കൊണ്ടു വന്ന ഹർത്താൽ നിയന്ത്രണ ബില്ല് ഈ സര്‍ക്കാര്‍ പാസ്സാക്കണം.
ഹൈക്കോടതി പറയുന്ന ഇതേ ആവശ്യത്തിനാണ് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അന്ന് കൊണ്ടു വന്നത്. അതില്‍ മൂന്ന് ദിവസം മുന്‍പ് നോട്ടീസ് നല്‍കിയേ ഹര്‍ത്താല്‍ പ്രഖ്യാപിക്കാവൂ എന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. ഇപ്പോള്‍ കോടതി അത് ഏഴ് ദിവസമാക്കിയിരിക്കുന്നു. അന്ന് ഞാൻ ആ ബില്ല് കൊണ്ടു വന്നപ്പോള്‍ കരിനിയമം എന്ന് പറഞ്ഞ് ശക്തിയായി എതിര്‍ത്തത് ഇടതുമുന്നണി ആയിരുന്നു. അന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കാരണം പിന്നീട് നിയമം ആക്കാൻ കഴിഞ്ഞില്ല.

ഹര്‍ത്താലിന്റെയും മറ്റും മറവില്‍ പൊതു സ്വത്ത് എന്ന പോലെ സ്വകാര്യ സ്വത്തും നശിപ്പിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരാനുള്ള ഇടതു മന്ത്രിസഭയുടെ തീരുമാനം സി.പി.എമ്മിന്റെ വൈകി വന്ന വിവേകമാണ്. സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിച്ച് അതിന്റെ മറവില്‍ ഏറ്റവും കൂടുതല്‍ പൊതു സ്വത്തും സ്വകാര്യ സ്വത്തും നശിപ്പിച്ചിട്ടുള്ളത് സി.പി.എം ആണ്. ഇപ്പോള്‍ അവര്‍ അധികാരത്തിലേറിയപ്പോള്‍ ബി.ജെ.പിക്കാര്‍ അത് തന്നെ ചെയ്യുന്നത് കണ്ടപ്പോഴാണ് സി.പി.എമ്മിന് യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിഞ്ഞത്. ഇപ്പോഴെങ്കിലും സി.പി.എമ്മിന് അത് തെറ്റാണെന്ന് മനസിലായതില്‍ സന്തോഷമുണ്ട്.
യു.ഡി.എഫ് ഒരിക്കലും അക്രമത്തില്‍ വിശ്വസിക്കുന്നില്ല. ജനങ്ങളെ ദ്രോഹിക്കുന്ന അനാവശ്യ ഹര്‍ത്താലുകള്‍ പാടില്ല എന്നാണ് യു.ഡി.എഫ് നയം. അവസാന ആയുധമായാണ് ഹര്‍ത്താല്‍ പ്രയോഗിക്കേണ്ടത്. അതിനാലാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് കൊണ്ടു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button