Latest NewsKerala

എന്റെ കിച്ചു പുതിയ ഉടുപ്പിട്ട് പോയത് ഒരിയ്ക്കലും തിരിച്ചുവരാത്ത യാത്രയിലേയ്‌ക്കോ ? ആ അമ്മയുടെ വാക്കുകള്‍ കേട്ട് കേരളം കരയുന്നു

ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കിയാണ് ആ സുഹൃത്തുക്കള്‍ പോയത്. ഇനി ഒരിയ്ക്കലും തിരിച്ചുവരാത്ത ലോകത്തേയ്ക്ക്. വെറും അരക്കിലോമീറ്റര്‍ ദൂരം മാത്രമേയുളളു ആ രണ്ട് വീടുകള്‍ തമ്മില്‍. രണ്ട് വീടുകളിലെയും ഏക ആണ്‍തരികള്‍. ഒന്നിച്ചു പഠിച്ചവര്‍, ഒന്നിച്ചു പോരാടിയവര്‍. അവസാനത്തെ യാത്രയിലും ഒരുമിച്ച്. പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും വീടുകളില്‍ നിന്നുളള തേങ്ങലുകളില്‍ പിടഞ്ഞു കരയുകയാണ് കേരളത്തിന്റെ മനഃസാക്ഷി.

കൊന്നതെന്തിനാ എന്റെ കിച്ചുവിനെ..’ കൃപേഷിന്റെ അമ്മ ബാലാമണിയുടെ ചോദ്യങ്ങളെ എങ്ങനെ നേരിടുമെന്ന് പോലും നിശ്ചയമില്ലാതെ ഉലയുകയായിരുന്നു കുറെ മനുഷ്യര്‍. ഒറ്റമുറി മാത്രമുള്ള ഓലക്കുടിലിന്റെ മൂലയ്ക്കുള്ള കട്ടിലില്‍ കരഞ്ഞുതളര്‍ന്നു കിടക്കുകയാണു ബാലാമണി. ഇടയ്ക്ക് കണ്ണുതുറന്നു കൈകകള്‍ കൊണ്ടു ചുറ്റും പരതും. ‘എന്റെ മോനെവിടെ’ എന്നു ചോദിക്കും.

പ്ലസ് ടു കഴിഞ്ഞു പെരിയയിലെ പോളിടെക്‌നിക്കില്‍ പഠിക്കാന്‍ അയച്ചതാണ്. എസ്എഫ്‌ഐക്കാരുടെ മര്‍ദനം സഹിക്കാന്‍ വയ്യാതെയാണ് അവന്‍ പഠിപ്പ് നിര്‍ത്തിയത്. അച്ഛന്റെ കൂടെ പെയിന്റിങ് ജോലിക്കു പോയായിരുന്നു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. 19 വര്‍ഷമായി കിടക്കുന്ന ഓലപ്പുരയില്‍ നിന്ന് മാറി എങ്ങനെയെങ്കിലും ഒരു വീടുണ്ടാക്കണമെന്നത് അവന്റെ ആഗ്രഹമായിരുന്നു കരഞ്ഞു കലങ്ങിയ കണ്ണുമായി ബാലമണി പറയുന്നു

ശരത്‌ലാലിന്റെ വിയോഗവാര്‍ത്തയറിഞ്ഞു തളര്‍ന്നു വീണതാണ് അമ്മ ലത. ആശുപത്രിക്കിടക്കയിലും തിരിച്ചു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലുമെല്ലാം ലത തിരഞ്ഞതു മകനെയാണ്. ‘എന്റെ കുഞ്ഞിയെവിടെ… എന്റെ മോനെ കൊണ്ടുവാ… ഇന്നലെ പുത്തനുടുപ്പിട്ടു പോയത് ഇതിനായിരുന്നോ? ഹൃദയം ഉലയ്ക്കുന്ന ആ കരച്ചിലിന് അവിടെ കൂടി നിന്നവര്‍ക്ക് ഉത്തരം ഇല്ലായിരുന്നു.

മംഗളുരുവില്‍ നിന്നു സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശരത്ലാല്‍ നാട്ടിലെ എല്ലാ പരിപാടികളിലും സജീവമായിരുന്നു. ക്ലബ്ബിന്റെയും ക്ഷേത്ര കമ്മിറ്റികളുടെയും പരിപാടികളില്‍ നാടകം സംവിധാനം ചെയ്തിരുന്ന ശരത് കുട്ടികള്‍ക്കു നാടകപരിശീലനവും നല്‍കിയിരുന്നു. കല്യോട്ടെ വാദ്യകലാസംഘത്തിന്റെ പരിപാടികളില്‍ ശരത്തിനൊപ്പം ശിങ്കാരിമേളം കൊട്ടാന്‍ കൃപേഷുമുണ്ടാവുമായിരുന്നു. ഈ വാദ്യകലാസംഘത്തിന്റെ ഓഫിസ് ആക്രമിക്കപ്പെട്ടതാണു കല്യോട്ടെ സംഘര്‍ഷങ്ങളുടെ തുടക്കമെന്നു വീട്ടുകാര്‍ പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close