KeralaLatest News

നാടിന് ആഘോഷമായി മഹിളാ മന്ദിരത്തിലെ നാല് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യം

ആലപ്പുഴ•ആലപ്പുഴ മഹിളാ മന്ദിരത്തിലെ നാല് പെൺകുട്ടികൾക്ക് സർക്കാരിന്റെയും സഹൃദയരുടെയും ആശിർവാദത്തിൽ മംഗല്യഭാഗ്യം. വനിതാ ശിശു വികസനവകുപ്പിന്റെയും നഗരസഭയുടെയും കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ മഹിളാമന്ദിരത്തിലെ വി ജെ ഗോപിക, എസ് ശ്രീക്കുട്ടി, ശാലിനി, അയ്ടു ബറുവ എന്നിവരുടെ വിവാഹമാണ് നാടിന്റെ ആഘോഷമായി മാറിയത്.

ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. പകൽ 11നു മുമ്പായി വരൻമാരുടെ സംഘങ്ങളെത്തി. പിന്നാലെ നാലുകാറുകളിലായി വിവാഹവേഷത്തിൽ യുവതികളും. വിശിഷ്ടാതിഥികൾ ചേർന്ന് വധൂവരൻമാർക്ക് വൻ വരവേൽപ്പ്.

പാലക്കാട് ആലത്തൂർ പാണ്ടൻകോട് ചന്ദ്രന്റെ മകൻ വിജയകുമാർ വി ജെ ഗോപികയ്ക്കും വിജയകുമാറിന്റെ സഹോദരൻ വിപിൻകുമാർ ശ്രീക്കുട്ടിയ്ക്കും താലി ചാർത്തി. അമ്പലപ്പുഴ കക്കാഴം കണ്ണംപുള്ളിൽ രാധാകൃഷ്ണന്റെ മകൻ യദുകൃഷ്ണൻ ശാലിനിക്കും മാള പൂവത്തുശ്ശേരി പടിഞ്ഞാറേ വാരിയത്ത് ശങ്കരവാര്യരുടെ മകൻ ഉണ്ണിക്കൃഷ്ണൻ അയ്ടുവിനും മിന്നുചാർത്തി. എ എം ആരിഫ് എംഎൽഎയും നഗരസഭ ചെയർമാൻ തോമസ് ജോസഫും യുവതികളുടെ കൈപിടിച്ച് വരൻമാരെ ഏൽപിച്ചു. വിപിൻകുമാറും വിജയകുമാറും കർഷകരാണ്. യദുകൃഷ്ണൻ കട നടത്തുന്നു. കൊച്ചി ദേവസ്വം ബോർഡിനു കീഴിലെ കുഴൂർ ക്ഷേത്രത്തിൽ കഴകക്കാരനാണ് ഉണ്ണിക്കൃഷ്ണൻ. 24കാരിയായ ഗോപിക ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണ്. 21കാരിയായ ശ്രീക്കുട്ടി ഹോട്ടൽ മാനേജ്‌മെന്റിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. ഇരുവരും ആറുവയസുള്ളപ്പോൾ മന്ദിരത്തിലെത്തിയതാണ്. ശാലിനിയും അയ്ടു ബറുവയും മന്ദിരത്തിന്റെ ഭാഗമായിട്ട് ഒരുവർഷമാകുന്നതേയുള്ളൂ.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി മാത്യു, മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സി ജ്യോതിമോൾ, മഹിളാമന്ദിരം മാനേജിങ് കമ്മിറ്റി അധ്യക്ഷ ബിന്ദു തോമസ്, സൂപ്രണ്ട് വി എ നിഷമോൾ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ എ റസാഖ്, മഹിളാമന്ദിരം മാനേജിങ് കമ്മിറ്റിയംഗം എ എൻ പുരം ശിവകുമാർ, കൗൺസിലർമാർ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ് മിനിമോൾ, ഉദ്യോഗസ്ഥർ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി. നഗരസഭയിലെ കൗൺസിലർമാരും ഉദ്യോഗസ്ഥരും മഹിളാമന്ദിരം മാനേജിങ് കമ്മിറ്റിയംഗങ്ങളും ചില സുമനസുകളുമാണ് വിവാഹത്തിന്റെ ചെലവ് പൂർണമായും വഹിച്ചത്. അഞ്ചുപവൻ വീതം സ്വർണാഭരണങ്ങൾ നാലുയുവതികൾക്കും സമ്മാനമായി നൽകി. സെന്റ് ജോസഫ്‌സ് കോളേജിലെ മുൻ അധ്യാപിക പ്രൊഫ. ആനിയുടെ വകയായിരുന്നു വിവാഹവസ്ത്രങ്ങൾ. എസ്ഡി കോളേജിലെ പൂർവ വിദ്യാർഥികളും യുഐടി വിദ്യാർഥികളും ചേർന്ന് 1000 പേരുടെ സദ്യയൊരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button