Kerala

അച്ഛനെ തോൽപിച്ച രോഗത്തെ കീഴടക്കുമെന്ന ദൃഢനിശ്ചയത്തോടെ കാൻസറിനെ തോൽപ്പിച്ച ഒരു യുവാവ്; കുറിപ്പ് വൈറലാകുന്നു

അച്ഛനെ തോൽപിച്ച രോഗത്തെ കീഴടക്കുമെന്ന ദൃഢനിശ്ചയത്തോടെ കാൻസറിനെ തോൽപ്പിച്ച ഒരു യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണിപ്പോൾ വൈറലാകുന്നത്. ഏഴു കീമോകൾ പൂർത്തിയാക്കി ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്ന സിജിത്ത് ഊട്ടുമഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. കുന്നംകുളം സ്വദേശിയായ സിജിത്ത് 7 വർഷം മുൻപാണ് ട്രെയിലർ ഡ്രൈവറായി ഖത്തറിൽ എത്തുന്നത്. രക്താർബുദം മൂലമായിരുന്നു അച്ഛൻ സിദ്ധാർത്ഥന്റെ മരണം. അതോടെ സാമ്പത്തികമായി തകർന്ന കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു സിജിത്തിന്റെ ജോലി.എന്നാൽ കലശലായി മാറിയ നടുവേദന സിജിത്തിന്റെ ജീവിതത്തെ തലകീഴായി മറിച്ചു. ചികിൽസിച്ചു സുഖപ്പെടുത്താൻ ഏറ്റവും വിഷമമുള്ള ഹോഡ്ജ്കിൻ ലിംഫോമയായിരുന്നു അത്.

അച്ഛനെ തോൽപിച്ച രോഗത്തെ കീഴടക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് ആദ്യ രണ്ട് ഹൈഡോസ് കീമോകൾക്കും വിധേയനായത്. രണ്ടു കീമോകൾ കഴിഞ്ഞപ്പോഴേക്കും ശരീരം ക്ഷീണിക്കുകയും മുടി കൊഴിയുകയും ചെയ്‌തു. കാൻസറിനെ അതിജീവിച്ചവരുടെ ‘അതിജീവനം’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ സിജിത്ത് സജീവമായി. ഒരു മാസത്തെ റേഡിയേഷൻ കൂടി കഴിഞ്ഞാൽ പൂർണാരോഗ്യവാനായി നാട്ടിലേക്കു മടങ്ങാം. നാട്ടിൽ സിജിത്തിന്റെ തിരിച്ചുവരവു കാത്തിരിക്കുകയാണ് അമ്മ ശ്രീലതയും അനിയൻ സുജിത്തും. ഖത്തറിൽ ചികിൽസ തുടരാൻ സഹായിച്ച ഒട്ടേറെ സുമനസുകൾക്ക് ഹൃദയംകൊണ്ട് നന്ദി പറയുകയാണ് ഈ യുവാവ്. മെഡിക്കൽ സിറ്റിയിലെ അർബുദ പരിചരണ ഗവേഷണ ദേശീയ കേന്ദ്രത്തിൽ രോഗികൾക്കു ലഭിക്കുന്ന പരിചരണവും അവരുടെ മാനസികോല്ലാസത്തിന് അധികൃതർ ചെയ്തുകൊടുക്കുന്ന സൗകര്യങ്ങളും കേരളത്തിലെ കാൻസർ ആശുപത്രികൾ മാതൃകയാക്കണമെന്നും സിജിത്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button