KeralaLatest News

പൊങ്കാല രാത്രിയില്‍ തന്നെ തിരുവനന്തപുരം ക്ലീന്‍ സിറ്റി : ഇതും റെക്കോര്‍ഡ്

തിരുവനന്തപുരം : പൊങ്കാല രാത്രിയില്‍ തന്നെ തിരുവനന്തപുരം ക്ലീന്‍ സിറ്റി . ഇതും റെക്കോര്‍ഡ്. ക്ലീന്‍ സിറ്റി ആക്കിയെടുത്തതിനു പിന്നില്‍ 3383 തൊഴിലാളികളും, 116 ഉദ്യോഗസ്ഥരും. ഒരു മിനിറ്റ് പോലും വിശ്രമമില്ലാതെ നഗരത്തിലെ 7 കിലോമീറ്റര്‍ ചുറ്റളവിലുണ്ടായ ടണ്‍ കണക്കിനു മാലിന്യം മണിക്കൂറുകള്‍ക്കകം നീക്കം ചെയ്തു. ഉച്ചയ്ക്ക് 2.15നു പൊങ്കാല നിവേദ്യത്തിനു തൊട്ടുപിന്നാലെ തുടങ്ങിയ മാലിന്യ നീക്കം അവസാനിച്ചതു രാത്രിയോടെ. മേല്‍നോട്ടം വഹിച്ചു മേയര്‍ വി.കെ.പ്രശാന്ത് ഉള്‍പ്പെടെയുള്ള ഭരണ സമിതി അംഗങ്ങളും രംഗത്തുണ്ടായിരുന്നു

ശുചീകരണത്തിനു നഗരസഭയിലെ 1133 തൊഴിലാളികള്‍ക്കു പുറമെ 2250 താല്‍ക്കാലിക തൊഴിലാളികളെയും നിയോഗിച്ചിരുന്നു. ഹെല്‍ത്ത്് ഓഫിസറുടെ മേല്‍നോട്ടത്തില്‍ 3 ഹെല്‍ത്ത്് സൂപ്പര്‍വൈസര്‍മാര്‍, 27 ഹെല്‍ത്ത്് ഇന്‍സ്‌പെക്ടര്‍മാര്‍, 86 ജൂനിയര്‍ ഹെല്‍ത്ത്് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണു ശുചീകരണത്തിനു നേതൃത്വം നല്‍കിയത്. 35 വലിയ ടിപ്പറും 10 ചെറിയ ടിപ്പറുകളും 12 ലോറി, 25 പിക്കപ് ഓട്ടോ, 3 ജെസിബി, 2 മിനി പ്രൊക്ലൈനര്‍, 2 സക്കിങ് മെഷീന്‍ എന്നിവയും ഉപയോഗിച്ചു

പൊങ്കാലയടുപ്പുകള്‍ നിരന്ന സ്ഥലങ്ങളെ വിവിധ മേഖലകളായി തിരിച്ചായിരുന്നു ശുചീകരണം. നിവേദ്യത്തിനു തൊട്ടു മുന്‍പ് തൊഴിലാളികള്‍ ഈ സ്ഥലങ്ങളിലെത്തി. നിവേദ്യത്തിന് തൊട്ടുപിന്നാലെ ചൂലും മറ്റുമായി രംഗത്തിറങ്ങി. മിച്ചംവന്ന വിറക്, കടലാസ് എന്നിവ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ കൂട്ടിയിട്ടു കത്തിച്ചു. പ്ലാസ്റ്റിക് ശേഖരിച്ചിട്ടുണ്ട്. ഇവ തരംതിരിച്ച് മുട്ടത്തറയിലെ ഷഡിങ് കേന്ദ്രത്തില്‍ എത്തിക്കും.

പ്രധാന റോഡുകളിലെ മാലിന്യം സന്ധ്യയോടെ നീക്കം ചെയ്തു. ഇടറോഡുകളിലെ മാലിന്യ നീക്കത്തിനു പിന്നെയും സമയമെടുത്തു. പാതിരാത്രിയും കഴിഞ്ഞു ശുചീകരണം നീണ്ടു. തൊഴിലാളികള്‍ക്ക് കുടിവെള്ളം ഉള്‍പ്പെടെ കോര്‍പറേഷനിലെ ആരോഗ്യ വിഭാഗം എത്തിച്ചു. രാത്രിയോടെ കൃത്രിമ മഴ പെയ്യിച്ച് റോഡുകള്‍ വൃത്തിയാക്കി. ഇരുപതോളം ടാങ്കറുകളിലാണ് ഇതിനായി വെള്ളം എത്തിച്ചത്. കുടിവെള്ള വിതരണത്തിനായി നഗരസഭയുടെ 7 ടാങ്കര്‍ ലോറികള്‍ സജ്ജമാക്കിയിരുന്നു.

ലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിച്ച തലസ്ഥാന നഗരിയില്‍ പഴുതടച്ച സുരക്ഷ ഒരുക്കിയും ഗതാഗതക്കുരുക്കു പരമാവധി ഒഴിവാക്കിയും സിറ്റി പൊലീസിന്റെ മികവ്. ഒരു രാത്രി മുഴുവന്‍ ആയിരക്കണക്കിനു സ്ത്രീകള്‍ നിരത്തുകളില്‍ തമ്പടിച്ചിട്ടും നിസ്സാര കുറ്റകൃത്യം പോലും അരങ്ങേറിയില്ല. പൊങ്കാല കഴിഞ്ഞു ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ നഗരത്തിലെ ഗതാഗതം ഏറെക്കുറെ സുഗമമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button