KeralaLatest News

ആദിവാസികളെ കുടിയിറക്കാനുള്ള സുപ്രിംകോടതിയുടെ ഉത്തരവ്; റിവ്യൂ ഹര്‍ജി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൊടിക്കുന്നിൽ സുരേഷ്

ഒന്നാം യു.പി.എ സര്‍ക്കാര്‍ പാസ്സാക്കിയ രാജ്യത്താകമാനമുള്ള ആദിവാസികള്‍ക്ക് പ്രയോജനം ചെയ്യുന്ന വനാവകാശ നിയമത്തില്‍പ്പെടാത്ത പതിനായിരക്കണക്കിന് ആദിവാസികളെ കുടിയിറക്കാനുള്ള സുപ്രിംകോടതിയുടെ ഉത്തരവിന്‍മേല്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറകണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. തലമുറ തലമുറകളായി വനാന്തരങ്ങളിലെ വനഭൂമിയില്‍ താമസിച്ച് വന വിഭവങ്ങളെടുത്ത് അനുഭവിക്കുന്ന ആദിവാസികള്‍ക്ക് അവരുടെ കൈവശമുള്ള വനഭൂമിയില്‍ അവകാശം നല്‍കുന്ന വിപ്ലവകരമായ വനാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാനും അര്‍ഹതപ്പെട്ട ആദിവാസികളെ നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കുടിയിറക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു. ഇത് കടുത്ത അനീതിയും അവഗണനയുമായി മാത്രമേ കാണാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി സംരക്ഷക സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിന്‍മേലാണ് സുപ്രിംകോടതി ആദിവാസികള്‍ക്ക് എതിരായ വിധി പ്രസ്താവിച്ചത്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ആദിവാസികളെ രക്ഷിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല. സുപ്രിംകോടതിയില്‍ ഫലപ്രദമായി കേസ് വാദിക്കാന്‍ നടപടി സ്വീകരിക്കാത്ത മോദി സര്‍ക്കാരിന് വനാവകാശ നിയമത്തിന്‍റെ യഥാര്‍ത്ഥ പ്രയോജനം ആദിവാസികള്‍ക്ക് ലഭിക്കുന്നതിനെ സംബന്ധിച്ച് സുപ്രംകോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. വളരെ ലാഘവത്തോടു കൂടിയാണ് വനാവകാശ നിയമത്തിന് എതിരായി സുപ്രിംകോടതിയില്‍ നടന്ന കേസ്സിനെ കേന്ദ്ര സര്‍ക്കാര്‍ കണ്ടത്. കേന്ദ്ര സര്‍ക്കാരിന്‍റെ ദളിത് ആദിവാസി നയത്തിന്‍റെ സമീപനത്തിന്‍റെ ഭാഗമായിട്ടാണ് ഈ സുപ്രിംകോടതി വിധി. പാവപ്പെട്ട ആദിവാസികളെ മറ്റുളളവര്‍ക്കൊപ്പം താരതമ്യം ചെയ്ത് ഈ ജനവിഭാഗത്തിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നതായും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. സുപ്രിംകോടതിയുടെ ഈ വിധി പ്രകാരം കേരളത്തില്‍ ഏകദേശം പതിനായിരത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് കാട് വിട്ട് ഇറങ്ങേണ്ടി വരും. ഇതുമൂലം ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാകാന്‍ പോകുന്ന അസംതൃപ്തി സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വനാവകാശ നിയമം കേരളത്തില്‍ നടപ്പാക്കുന്ന കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ആദിവാസികളുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് യു.പി.എ സര്‍ക്കാര്‍ പാസ്സാക്കിയ വനാവകാശ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്. വന നിയമത്തിന്‍റെ സംരക്ഷണം കിട്ടാത്ത മുഴുവന്‍ ആദിവാസികളേയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. വനാവകാശ നിയമത്തിന്‍റെ പരിധിയില്‍ പെടാത്ത ആദിവാസികളെ വനഭൂമിയില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി രാഷ്ട്രപതിക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. കേരളത്തെയാകെ ഞെട്ടിപ്പിച്ച ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തിന് ഉത്തരവാദികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. ആദിവാസി യുവാവ് മധുവിന്‍റെ ആള്‍ക്കൂട്ട കൊലപാതകത്തിന് ഉത്തരവാദി സി.പി.എമ്മിന്‍റെ പ്രാദേശിക പ്രവര്‍ത്തകരാണ്. എന്നാല്‍ ഈ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി തുടക്കം മുതല്‍ തന്നെ മാര്‍ക്സിറ്റ് പാര്‍ട്ടി സര്‍ക്കാരിനേയും പോലീസിനേയും സ്വാധീനിച്ച് പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴുത് ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു. സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍ക്ക് കേസ് നടത്തിക്കൊണ്ടു പോകാനുള്ള സൗകര്യം ഒരുക്കി കൊടുക്കാതെ ആഭ്യന്തരവകുപ്പ് ഒളിച്ചു കളി നടത്തിക്കൊണ്ടിരിക്കുകയാണ്. മധുവിന്‍റെ കേസ് വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഓഫീസോ, സ്റ്റാഫോ, മറ്റ് അനുബന്ധ സൗകര്യങ്ങളോ ഏര്‍പ്പെടുത്താത്തതിന്‍റെ പേരില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും ഒഴിവായത് അടുത്ത കാലത്താണ്. ഇപ്പോള്‍ വീണ്ടും മധുവിന്‍റെ കൊലയാളികള്‍ രക്ഷപെടുന്ന തരത്തിലുള്ള നീക്കങ്ങളാണ് സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. കൊലയാളികളേയും അക്രമകാരികളേയും സംരക്ഷിക്കാന്‍ യാതൊരു മടിയുമില്ലാത്ത പിണറായി സര്‍ക്കാരില്‍ നിന്നും ആദിവാസി യുവാവായ മധുവിന്‍റെ കുടുംബത്തിന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്കെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button