Latest NewsKerala

കെ.വി കുഞ്ഞിരാമനു മറുപടിയുമായി ശരത്ത് ലാലിന്റെ അച്ഛന്‍

കാസര്‍കോട്: കൊല്ലപ്പെട്ട മകനെ അധിക്ഷേപിക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്ത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ശരത്ത് ലാലിനെതിരെ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കൊലപാതകം നടന്ന ശേഷം മുന്‍ എംഎല്‍എ ആദ്യം പോയത് മുഖ്യ പ്രതിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനാണെന്നും സത്യനാരായണ്‍ പറഞ്ഞു. കള്ളത്തരം പറഞ്ഞ് സിപിഎമ്മിനെ രക്ഷിച്ചെടുക്കാനാണ് കുഞ്ഞിരാമന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പ്രവര്‍ത്തകനായിരുന്നു ശരത്ലാല്‍ എന്നായിരുന്നു കെ.വി കുഞ്ഞിരാമന്‍ പറഞ്ഞത്. ക്രിമിനല്‍ മനോഭാവമുള്ള കോണ്‍ഗ്രസുകാര്‍ താമസിക്കുന്ന പ്രദേശമാണ് കല്ല്യോട്ടെന്നും അവിടെ കോണ്‍ഗ്രസുകാര്‍ മറ്റ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാറില്ലെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. പീതാംബരന് എതിരെ നടന്ന ആക്രമണത്തിലെ പ്രതിയായ ശരത് ലാല്‍ നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കുഞ്ഞിരാമന്‍ ആരോപിച്ചു.സിപിഎമ്മിന്റെ പ്രചരണ ബോഡുകള്‍ പരസ്യമായി നശിപ്പിച്ച ആളാണ് ശരത്തെന്നും കുഞ്ഞിരാമന്‍ പറയുന്നു.

കോണ്‍ഗ്രസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ധാരാളം യുവാക്കള്‍ കല്ലിയോട്ടുണ്ടെന്നും ഇവരെ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്താറെന്നും കുഞ്ഞിരാമന്‍ ആരോപിച്ചു. കൊലപാതകത്തില്‍ സിപിഎമ്മിന് അറിവോ പങ്കോ ഇല്ലെന്നും കുഞ്ഞിരാമന്‍ ആവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button