Latest NewsIndia

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയ്ക്ക് കേരളത്തില്‍ നിന്നും മികച്ച പ്രതികരണം : കേരളത്തില്‍ നിന്നു 12 ലക്ഷം അപേക്ഷകര്‍

തിരുവനന്തപുരം :  പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കു കേരളത്തിലും മികച്ച പ്രതികരണം. കര്‍ഷകരുടെ അക്കൗണ്ടിലേക്കു പണം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ചേരാന്‍ കേരളത്തില്‍നിന്ന് ഇതുവരെ അപേക്ഷിച്ചത് 12 ലക്ഷം പേര്‍. ഇതുവരെ 1.30 ലക്ഷംപേര്‍ സാമ്പത്തിക ആനുകൂല്യം ലഭിക്കാന്‍ അര്‍ഹത നേടി.

മറ്റുള്ളവരുടെ രേഖകള്‍ പരിശോധനാ ഘട്ടത്തിലാണ്. രേഖകള്‍ പരിശോധിച്ച് 9,624 അപേക്ഷകള്‍ തള്ളി. ഒരു വര്‍ഷം 6,000 രൂപയാണു കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ആദ്യ ഗഡുവായ 2,000 രൂപ ലഭിക്കുന്നതിന് മാര്‍ച്ച് 31 വരെ കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നു കാര്‍ഷിക വികസന ഡയറക്ടറുടെ ഓഫിസ് അറിയിച്ചു.

ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് പട്ടികജാതി വിഭാഗത്തില്‍നിന്ന് 3,011 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് 855 പേരും ജനറല്‍ വിഭാഗത്തില്‍ 1,26,750 പേരും അടക്കം 1,30,616 പേര്‍ സാമ്പത്തികാനുകൂല്യത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തിന് 60,22,000 രൂപയും പട്ടികവര്‍ഗവിഭാഗത്തിന് 17,10,000 രൂപയും, ജനറല്‍ വിഭാഗത്തിന് 25,35,00000 രൂപയും ഉള്‍പ്പെടെ 26,12,32,000 രൂപയുടെ വിതരണത്തിന് അനുമതി ലഭിച്ചു.

കര്‍ഷകര്‍ക്ക് പദ്ധതിയില്‍ എപ്പോള്‍ വേണമെങ്കിലും പങ്കാളിയാകാന്‍ സാധിക്കുമെന്നു കൃഷിവകുപ്പ് വ്യക്തമാക്കുന്നു. ആദ്യഗഡുവായ 2,000 രൂപ ലഭിക്കണമെങ്കില്‍ മാര്‍ച്ച് 31ന് മുന്‍പു പേരു നല്‍കണം. ഒരു വര്‍ഷം നല്‍കുന്ന 6,000 രൂപ മൂന്നു ഗഡുക്കളായാണു വിതരണം ചെയ്യുന്നത്. ആദ്യഗഡു 2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവിലേതാണ്.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണു രണ്ടാം ഗഡു. അപേക്ഷിക്കുന്ന അര്‍ഹരായവര്‍ക്കു മാത്രം അക്കൗണ്ടില്‍ പണമെത്തും. വെബ് സൈറ്റില്‍ പേരു റജിസ്റ്റര്‍ ചെയ്ത ശേഷം മാനദണ്ഡങ്ങള്‍ അനുസരിച്ച് അനര്‍ഹരെ വെബ്സൈറ്റ് സ്വയം പുറത്താക്കും. സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍ഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥലപരിധി കണക്കാക്കുന്നത്. 2019 ഫെബ്രുവരി ഒന്ന് വരെയുളള കൈവശ ഭൂമിയുടെ രേഖകളാണ് പരിഗണിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button