KeralaLatest News

കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ്: എറണാകുളത്തും ഹരിപ്പാടും ചാർജിംഗ് സൗകര്യം ഏർപ്പെടുത്തി

തിരുവനന്തപുരം•കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾക്ക് തിരുവനന്തപുരത്തിന് പുറമെ ഹരിപ്പാടും എറണാകുളത്തും ചാർജ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി കെ.എസ്.ആർ.ടി.സി എം.ഡി അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ എട്ട് ഇലക്ട്രിക് ബസുകളാണ് 25ന് നിരത്തിലിറക്കിയത്. ഇതിൽ രണ്ട് ബസുകളുടെ ചാർജാണ് സർവീസിനിടെ തീർന്നത്. ഇലക്ട്രിക് ബസുകൾ ഒറ്റ ചാർജിങ്ങിൽ ശരാശരി 250 കിലോമീറ്റർ ദൂരം ഓടും.

കഴിഞ്ഞ ശബരിമല സീസണിൽ യാതൊരു തടസ്സവും കൂടാതെ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തിയിരുന്നു. 24ന് രണ്ട് ബസുകൾ തിരുവനന്തപുരത്ത് നിന്നും ആലുവ വരെ വിജയകരമായി ട്രയൽ റൺ നടത്തുകയും ചെയ്തിരുന്നു. ആലുവയിൽ എത്തിയപ്പോൾ 20 ശതമാനം ചാർജ് ബാക്കിയുണ്ടായിരുന്നു. തുടർന്നാണ് 25ന് ബസുകൾ ഓട്ടം തുടങ്ങിയത്.

തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട രണ്ട് ഇലക്ട്രിക് ബസുകളുടെ ഓപ്പറേറ്റിംഗ് കമ്പനി ലഭ്യമാക്കിയ ഡ്രൈവർമാരുടെ പരിചയക്കുറവ് മൂലം അധികം ചാർജ് ഉപയോഗിച്ചതാണ് വണ്ടിയുടെ ട്രിപ്പ് മുടങ്ങാൻ പ്രധാനകാരണം. മറ്റ് ബസുകളെല്ലാം സർവീസ് പൂർത്തിയാക്കിയിരുന്നു. ഈ വിഷയത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന് എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് (വിജിലൻസ്) നിർദ്ദേശം നൽകിയതായി എം.ഡി അറിയിച്ചു. എട്ട് ബസുകളും സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ ഗതാഗത മന്ത്രിയും കെ.എസ്.ആർ.ടി.സിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button