KeralaLatest News

സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും 10 ദിവസത്തിനുളളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിക്കുച്ച ഫ്‌ലക്‌സുകള്‍ ബോര്‍ഡുകള്‍ പത്ത് ദിവസത്തിനുളളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഈ വിഷയത്തില്‍ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഓരോ അനധികൃത ഫ്‌ളക്‌സിനും അയ്യായിരം രൂപ വീതം പിഴയിടാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി ആരുടെ മുഖമാണോ ഫ്‌ലക്‌സിലുള്ളത് അയാളുടെ കയ്യില്‍ നിന്ന് പണം ഈടാക്കണമെന്നും പറഞ്ഞു. നിര്‍ദേശം അട്ടിമറിച്ചാല്‍ ഉദ്യോഗസ്ഥര്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് സിംഗിള്‍ ബെഞ്ച് താക്കീത് നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നീക്കാനുളള ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കും.

ഫ്‌ലക്‌സില്‍ മുഖം വരുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിക്കെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. നടപടിയെടുക്കാനാകില്ല എന്നാണ് ഡിജിപി പറയുന്നതെന്ന് നിരീക്ഷിച്ച കോടതി ഡിജിപിയുടെ പവര്‍ എന്താണെന്ന് കോടതി കാട്ടിക്കൊടുക്കാമെന്ന് പറഞ്ഞു.

നവകേരള നിര്‍മാണം ഇതാണോയെന്ന് കോടതി ചോദിച്ചു. കൂടാതെ അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നിയന്ത്രിക്കാന്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസറെ നിയമിക്കുന്നതിനെ പറ്റി ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരെ കടുത്ത നിലപാടെടുത്തിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മുഴുവന്‍ അനധികൃത ഫ്‌ലെക്‌സുകളും കൊടിതോരണങ്ങളും പൊതുയിടങ്ങളില്‍ നിന്ന് പത്തുദിവസത്തിനുളളില്‍ നീക്കം ചെയ്യണം. തദ്ദേശ സ്ഥാനപന സെക്രട്ടറിമാര്‍ക്കാണ് അതിന്റെ ഉത്തരവാദിത്വം. അനധികൃത ബോര്‍ഡുകള്‍ പത്തുദിവസത്തിനുശേഷവും വഴിവക്കില്‍ ശേഷിച്ചാല്‍ അതത് സെക്രട്ടറിമാരില്‍ നിന്ന് പിഴ ഈടാക്കാനാണ് കോടതി തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button