Latest NewsKerala

സ്ഥാനാര്‍ത്ഥി നിര്‍ണയം : സംസ്ഥാന നേതൃത്വത്തോട് നിലപാട് കടുപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത് ആര്‍എസ്എസ് തന്നെ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ അതൃപ്ത് പ്രകടിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നേതൃത്വം തയാറാക്കുന്ന സ്ഥാനാര്‍ഥി പട്ടിക വേണ്ടെന്നും പ്രവര്‍ത്തകരുടെ അഭിപ്രായം സ്വരൂപിച്ചുള്ള പട്ടിക മതിയെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബിജെപി സംസ്ഥാനഘടകത്തോട് നിര്‍ദേശിച്ചതായാണ് വിവരം. ഇതു പ്രകാരം ഓരോ ലോക്‌സഭാ മണ്ഡലത്തിലെയും മണ്ഡലം ഭാരവാഹികളുടെ മുതല്‍ സംസ്ഥാന നേതാക്കളുടെ വരെ അഭിപ്രായം ഓരോരുത്തരുടേതായി കേട്ട് ഏകോപിപ്പിച്ച് പട്ടിക നല്‍കാന്‍ ഒ.രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, സികെ.പത്മനാഭന്‍ എന്നിവരുടെ പാനലിന് ബിജെപി കോര്‍കമ്മിറ്റി രൂപം നല്‍കി.

സ്ഥാനാര്‍ഥി പട്ടിക കേന്ദ്രനേതൃത്വത്തിന് നല്‍കിയെന്നും ഇല്ലെന്നുമുള്ള നേതൃത്വത്തിലെ തന്നെ ആശയക്കുഴപ്പവും സ്ഥാനാര്‍ഥി സംബന്ധിച്ചു വിവാദങ്ങളും നിലവിലുള്ള അനൂകൂലാവസ്ഥയെ ബാധിക്കുമെന്നതിനാലാണ് ദേശീയ നേതൃത്വം കര്‍ശനമായി ഇടപെട്ടത്. എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളോ അല്ലെങ്കില്‍ പ്രമുഖരായ സ്വതന്ത്രരെയോ രംഗത്തിറക്കണമെന്നും അപ്രധാന സ്ഥാനാര്‍ഥികളെ രംഗത്തിറക്കി മല്‍സരത്തിന്റെ ഗൗരവം കുറയ്ക്കരുതെന്നും ആര്‍എസ്എസ് ബിജെപിയോട് നിര്‍ദേശിച്ചിരുന്നു.

ഒ. രാജഗോപാല്‍ വടക്കും സി.കെ. പത്മനാഭന്‍ തെക്കും പി.കെ.കൃഷ്ണദാസ് മധ്യമേഖലയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെയും നേതാക്കളെയാണ് നേരിട്ടു കാണുന്നത്. ഇതിനായി കോഴിക്കോട്, എറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളില്‍ താഴെത്തട്ടിലെ നേതാക്കളുടെ യോഗം ഇന്നും നാളെയുമായി നടക്കും. മണ്ഡലം നേതാക്കള്‍ പാര്‍ട്ടിയുടെ ബൂത്ത്, ശക്തി കേന്ദ്ര ഭാരവാഹികളുടെയും പേജ് പ്രമുഖ്മാരുടെയും അഭിപ്രായം സ്വരൂപിച്ച് വേണം പാനലിന് മുന്നില്‍ അഭിപ്രായം അറിയിക്കാന്‍. തങ്ങളുടെ ലോക്‌സഭാ മണ്ഡലത്തില്‍ ആരു വേണം സ്ഥാനാര്‍ഥിയെന്ന് നേരിട്ട് അറിയിക്കാം.

സ്ഥാനാര്‍ഥിയായി പേരു നിര്‍ദേശിക്കുന്നയാള്‍ക്ക് മണ്ഡലത്തില്‍ ഉണ്ടാകാവുന്ന അനൂകൂല ഘടകങ്ങളും പറയണം. ഈ അഭിപ്രായങ്ങള്‍ ഏകോപിച്ച് റിപ്പോര്‍ട്ട് തയാറാക്കി സംസ്ഥാന കോര്‍കമ്മിറ്റിയ്ക്കും ഇതിനു ശേഷം ആര്‍എസ്എസ് നേതൃത്വത്തിനും നല്‍കണം.

ലോക്‌സഭാ മണ്ഡലങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുതമല ആര്‍എസ്എസ് പ്രാന്തീയ (സംസ്ഥാന) നേതാക്കള്‍ ഏറ്റെടുത്തു. ബിജെപിയുടെ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതിന് സമാന്തരമായി പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരുടെ കമ്മിറ്റികളും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങും. ഇതിന്റെ നിയന്ത്രണവും ആര്‍എസ്എസ് ഭാരവാഹികള്‍ക്കായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button