KeralaLatest News

യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍

ചിറയിന്‍കീഴ്: യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. പെരുങ്ങുഴിയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് നാലുപേരേ ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം എഫ്.സി.ഐ. ഗോഡൗണിനു സമീപം കൈരളി നഗര്‍ തെക്കേമുക്ക് വീട്ടില്‍ ബാബുവിന്റെയും ഓമനയുടേയും മകന്‍ വിഷ്ണു (22) ആണ് മര്‍ദനമേറ്റ് മരിച്ചത്. പെരുങ്ങുഴി ഇടിഞ്ഞിമൂല കണ്ണേറ്റു വീട്ടില്‍ രാജ് സൂര്യന്‍(20), സഹോദരന്‍ രാജ് സംക്രാന്ത്(23), പെരുങ്ങുഴി മുഹമ്മദ് വില്ലയില്‍ മുഹമ്മദ് ആഷിക്(24), പെരുങ്ങുഴി ഇടഞ്ഞിമൂല കിഴക്കേ വീട്ടില്‍ സുനാജ്(30) എന്നിവരാണ് അറസ്റ്റിലായത്. സംഘം ചേര്‍ന്നുള്ള ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് വിഷ്ണു മരിച്ചത്. മൃതപ്രായനായ വിഷ്ണുവിനെ സംഘം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പെരുങ്ങുഴി നാലുമുക്കിലുള്ള സുഹൃത്ത് രാജ് സൂര്യന്റെ വീട്ടിലെത്തിയതായിരുന്നു വിഷ്ണു. ഐ.ടി.ഐ. പഠനത്തിനുശേഷം മൈസൂര്‍ റെയില്‍വേ വര്‍ക്ക്‌ഷോപ്പില്‍ അപ്രന്റീസ് ട്രെയിനികളായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. വിഷ്ണുവും സൂര്യയും തമ്മില്‍ നേരത്തെതന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഇത് പറഞ്ഞ് പരിഹരിക്കുന്നതിനായി പെരുങ്ങുഴിയിലുള്ള സൂര്യയുടെ വീട്ടില്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്നുമാണ് സൂചന. പെരുങ്ങുഴി ഇടഞ്ഞുംമൂല കോളം എന്ന സ്ഥലത്ത് ഇരുവരും വഴക്കിടുകയും സൂര്യയുടെ ബന്ധുവും സുഹൃത്തും ഒപ്പം ചേര്‍ന്ന് വിഷ്ണുവിനെ ക്രൂരമായി മര്‍ദിക്കുയും ചെയ്തതായാണ് സൂചന.

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് യുവാവിനെ മൂന്നംഗസംഘം എത്തിച്ചത്. ഇടഞ്ഞുംമൂലയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കൊണ്ടുവരുന്ന വഴി ശാര്‍ക്കരയില്‍ വച്ച് വിഷ്ണുവിനെ 108 ആംബുലന്‍സിലേക്ക് മാറ്റിയിരുന്നു. വിഷ്ണു മരിച്ചതായി തെളിഞ്ഞതോടെ മൂന്നംഗ സംഘം കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തെങ്ങില്‍ നിന്ന് വീണാണ് യുവാവിന് പരിക്കേറ്റതെന്ന് സംഘം ആശുപത്രിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിഷ്ണുവിന്റെ ദേഹത്ത് ധാരാളം മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നത് പോലീസിനെ സംശയിപ്പിച്ചു. കഴക്കൂട്ടം സ്വദേശിയാണ് മരിച്ചതെന്ന് രാത്രി വൈകിയാണ് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരേ ചിറയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button