Latest NewsGulf

പലസ്തീനെതിരേ വീണ്ടും യു.എസ് : നടപടിയെ ശക്തമായി എതിര്‍ത്ത് പലസ്തീന്‍

ജറുസലേം: പലസ്തീനെതിരെ കടുത്ത നടപടികളുമായി യു.എസ്. നയതന്ത്രബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍വീഴ്ത്തി ജറുസലേമിലെ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം യു.എസ്. തിങ്കളാഴ്ച അവസാനിപ്പിച്ചു. പലസ്തീന്‍കാര്‍ നയതന്ത്രകാര്യങ്ങള്‍ക്ക് സമീപിച്ചിരുന്ന കോണ്‍സുലേറ്റിനെ ജറുസലേം എംബസിയുടെ ഭാഗമാക്കാനാണ് തീരുമാനം.

ജറുസലേമിനെ ഇസ്രയേല്‍തലസ്ഥാനമായി അംഗീകരിച്ച് ടെല്‍ അവീവിലെ എംബസി കഴിഞ്ഞവര്‍ഷമാണ് യു.എസ്. അങ്ങോട്ടുമാറ്റിയത്. ഈ എംബസിയില്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ലയിപ്പിക്കാനാണ് തീരുമാനം. ഇതുവരെ കോണ്‍സുലേറ്റുവഴി പലസ്തീന്‍കാര്‍ക്ക് നേരിട്ട് വാഷിങ്ടണുമായി ബന്ധംപുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇസ്രയേലിലെ യു.എസ്. അംബാസഡര്‍ ഡേവിഡ് ഫ്രൈഡ്മാനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ അഫേഴ്‌സ് യൂണിറ്റുവഴിയാണ് ഇനി പലസ്തീന് വാഷിങ്ടണുമായുള്ള നയതന്ത്രബന്ധം സാധ്യമാകുകയുള്ളൂ.

ജൂതന്മാരും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും പുണ്യനഗരമായി കാണുന്ന ജറുസലേമില്‍ 175 വര്‍ഷം മുമ്പാണ് യു.എസ്. കോണ്‍സുലേറ്റ് ആരംഭിച്ചത്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ശക്തമായി എതിര്‍ത്ത പലസ്തീന്‍, പുതിയ തീരുമാനത്തെയും അവര്‍ക്കെതിരായ നീക്കമായാണ് വിലയിരുത്തുന്നത്. അതേസമയം, പ്രവര്‍ത്തനസൗകര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും നയപരമായ മാറ്റമല്ലെന്നും യു.എസ്. വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button