Devotional

ഈ മൂന്ന് ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാന്‍ കൈലാസദര്‍ശനത്തിന് തുല്യം

പരശുരാമനാല്‍ സ്ഥാപിതമായ 108 ശിവാലയങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ കോട്ടയം ജില്ലയിലുള്ള 3 പ്രധാന ശിവക്ഷേത്രങ്ങളാണ് വൈക്കം, ഏറ്റുമാനൂര്‍ , കടുത്തുരുത്തി. ഈ മൂന്ന് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തിയാല്‍ കൈലാസത്തില്‍ ചെന്ന് ശിവദര്‍ശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം.

തുല്യ അകലത്തിലാണ് ഈ മൂന്നു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത് . ഇതിനുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ത്രേതായുഗത്തില്‍ മുത്തച്ഛനായ മാല്യവാനില്‍ നിന്നു ശൈവവിദ്യോപദേശം നേടിയ ഖരന്‍ എന്ന അസുരന്‍ ചിദംബരത്തില്‍ ചെന്ന് കഠിനതപസ്സ് ആരംഭിച്ചു. ഭക്തന്റെ തപസ്സില്‍ സംപ്രീതനായ ശിവഭഗവാന്‍ വരങ്ങള്‍ക്കൊപ്പം മൂന്ന് ശിവലിംഗങ്ങള്‍ സമ്മാനമായി നല്‍കി . വലതുകൈയിലും ഇടതുകൈയിലും കഴുത്തിലുമായി ശിവലിംഗങ്ങള്‍ വച്ച് ഖരന്‍ യാത ആരംഭിച്ചു. ശിവലിംഗങ്ങളുടെ ഭാരം കാരണം വിശ്രമിച്ച ഖരന് പിന്നീടവ അവിടെ നിന്ന് ഇളക്കാന്‍ സാധിച്ചില്ല. വിഷണ്ണനായ അദ്ദേഹം വ്യാഘ്രപാദമഹര്‍ഷിയെ കണ്ടപ്പോള്‍ ശിവലിംഗങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച് മോക്ഷം നേടി.

ഖരമഹര്‍ഷി ഒരു കയ്യില്‍ വച്ച ശിവലിംഗം വൈക്കം ശിവക്ഷേത്രത്തിലും കഴുത്തില്‍ നിന്ന് ഇറക്കിവച്ചത് കടുത്തുരുത്തിയിലും മറ്റേ കയ്യില്‍ വച്ചത് ഏറ്റുമാനൂരിലും ഇന്നു പൂജിച്ച് ആരാധിച്ചുപോരുന്നു . ഈ മൂന്നു ക്ഷേത്രങ്ങളിലും ഉച്ചപ്പൂജയ്ക്ക് മുമ്പ് ദര്‍ശനം നടത്തുന്നത് പുണ്യമാണ്

വൈക്കം മഹാദേവക്ഷേത്രം.

ശ്രീപാര്‍വതീസമേതനായി കിഴക്കോട്ടു വാണരുളുന്ന മഹാദേവന്‍ അന്നദാനപ്രഭു എന്നാണ് അറിയപ്പെടുന്നത് . ഭഗവാന്‍ ഒരു ദിവസം മൂന്നു ഭാവങ്ങളില്‍ ദര്‍ശനം നല്‍കുന്നു. പ്രഭാതത്തില്‍ ആദിഗുരുവായ ദക്ഷിണാമൂര്‍ത്തിയായും ഉച്ചയ്ക്ക് കിരാതമൂര്‍ത്തിയായും വൈകുന്നേരം പാര്‍വതീസമേതനായി ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദര്‍ശനം നല്‍കുന്ന രാജരാജേശ്വരനായും ഭക്തരെ അനുഗ്രഹിക്കുന്നു. വിദ്യാലാഭത്തിനായി പ്രഭാതദര്‍ശനവും ശത്രുനാശനത്തിനായി ഉച്ചസമയത്തെ ദര്‍ശനവും കുടുംബസൗഖ്യത്തിനു വൈകുന്നേരത്തെ ദര്‍ശനവും ഉത്തമമാണ്. കേരളത്തില്‍ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലും ഈ ക്ഷേത്രത്തിലാണുള്ളത് . ഭഗവാന്റെ ഋഷഭവാഹനവും ഒരു വെള്ളിവടി കൈയ്യില്‍ പിടിച്ച് ഭഗവാന്റെ കീര്‍ത്തനം ചൊല്ലുന്ന ഘട്ടിയം ചൊല്ലല്‍ ചടങ്ങ്" ഇവിടത്തെ പ്രത്യേകതയാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വൈക്കത്തഷ്ടമി. വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷ അഷ്ടമിയും പൂരം നാളും ഒന്നിച്ചുവരുന്ന ദിനമാണിത്. ക്ഷേത്രത്തിലെ ആല്‍മരച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്കു മുന്നില്‍ പാര്‍വതീദേവിയോടൊപ്പം ഭഗവാന്‍ ശിവശങ്കരന്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ച പുണ്യമുഹൂര്‍ത്തത്തിലാണ് വൈക്കത്തഷ്ടമിദര്‍ശനം എന്നാണ് വിശ്വാസം.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

പടിഞ്ഞാറോട്ടു ദര്‍ശനമായി വാണരുളുന്ന ഭഗവവാന്‍ രാവിലെ അഘോരമൂര്‍ത്തിയായും വൈകുന്നേരം ശരഭമൂര്‍ത്തിയായും അത്താഴപൂജയ്ക്കു ശിവശക്തി സങ്കല്പത്തിലും ദര്‍ശനം നല്‍കുന്നു. ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും അതിപ്രശസ്തമാണ് . സര്‍വൈശ്വര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഏഴരപ്പൊന്നാന ദര്‍ശനവും വലിയകാണിക്ക സമര്‍പ്പണവും വര്‍ഷത്തില്‍ കുംഭമാസത്തില്‍ മാത്രമാണ് സാധ്യമാവുക. ബലിക്കല്‍പുരയിലെ കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്. വലിയ വിളക്കില്‍ എണ്ണ ഒഴിച്ച് നൊന്തു പ്രാര്‍ത്ഥിച്ചാല്‍ ഏറ്റുമാനൂരപ്പന്‍ വിളികേള്‍ക്കും എന്നാണ് വിശ്വാസം. വലിയ വിളക്കിന്റെ മൂടിയില്‍ പിടിച്ചിരിക്കുന്ന മഷികൊണ്ട് കണ്ണെഴുതിയാല്‍ നേത്രരോഗങ്ങള്‍ ശമിക്കും . പന്ത്രണ്ടു ദിവസം മുടങ്ങാതെ നിര്‍മാല്യ ദര്‍ശനം നടത്തിയാല്‍ ഏത് അഭീഷ്ടകാര്യവും സാധിക്കുമെന്നും അനുഭവസ്ഥര്‍ പറയുന്നു.

ചെമ്പകശ്ശേരി രാജാവിനു സഹിക്കാന്‍ പറ്റാത്ത വയറുവേദന വന്നപ്പോള്‍ ഏറ്റുമാനൂരമ്പലത്തില്‍ ഭജനമിരിക്കുകയും രോഗം ശമിച്ചപ്പോള്‍ വെള്ളോടുകൊണ്ട് കാളയെ വാര്‍ത്ത് അതിനുള്ളില്‍ ചെന്നെല്ല് നിറച്ച് നടയ്ക്കു വയ്ക്കുകയും ചെയ്തു. ഇതിനുള്ളില്‍ നിന്നു നെല്ലെടുത്തു കഴിച്ചാല്‍ ഉദരവ്യാധികള്‍ക്കു ശമനമുണ്ടാകുമെന്നാണു വിശ്വാസം.

കടുത്തുരുത്തി തളി മഹാദേവക്ഷേത്രം

കടുത്തുരുത്തിയില്‍ കിഴക്കോട്ടു ദര്‍ശനമായാണ് ഭഗവാന്റെ ശ്രീകോവില്‍ . നിത്യവും അഞ്ചു പൂജയും മൂന്നു ശീവേലിയും പതിവുണ്ട്. 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന നാല് തളി ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ധനുമാസത്തിലെ തിരുവാതിര നക്ഷത്രം ആറാട്ട് വരുന്ന വിധത്തില്‍ പത്തു ദിവസമാണ് ഇവിടെ ഉത്സവം .

Tags

Post Your Comments

Related Articles


Back to top button
Close
Close