Kerala

കുട്ടികള്‍ ആത്മവിശ്വാസത്തോടെ പൊതു പരീക്ഷയെ നേരിടുന്നതിന് രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം

കുട്ടികളെ ആത്മവിശ്വാസത്തോടെ പൊതു പരീക്ഷയെ നേരിടാന്‍ പ്രാപ്തരാക്കുന്നതിന് രക്ഷിതാക്കല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശിച്ചു. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കു തിളപ്പിച്ചാറിയ വെള്ളം വീട്ടില്‍നിന്ന് നിര്‍ബന്ധമായും കൊടുത്തയക്കുക. നിലവാരമില്ലാത്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. പരീക്ഷാര്‍ത്ഥികള്‍ക്കു പകര്‍ച്ചവ്യാധികളും മറ്റു നിര്‍ജ്ജലീകരണവും ഉണ്ടാവാതിരിക്കാന്‍ ധാരാളം തിളപ്പിച്ചാറിയ വെള്ളം നല്‍കുക. പരീക്ഷാര്‍ത്ഥികള്‍ പുറത്തുനിന്നുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കു സ്‌കൂളില്‍ ശുദ്ധമായ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക.

കുട്ടികള്‍ക്ക് ആവശ്യമായ ഉറക്കം, വിശ്രമം എന്നിവ ഉറപ്പ് വരുത്തുക. പരീക്ഷയുടെ തലേ ദിവസം കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കാതെ പഠിക്കാന്‍ പ്രേരിപ്പിക്കരുത്. കുട്ടികളെ പഠനത്തില്‍ നിന്നും പെട്ടന്നു ശ്രദ്ധതിരിക്കുന്ന ശബ്ദ കോലാഹലങ്ങളും മറ്റും ഉണ്ടാകാതെ ശ്രദ്ധിക്കുക.കുട്ടികളില്‍ അമിതമായ ഉത്കണഠയും, മാനസിക സമ്മര്‍ദ്ദവും ചെലുത്താതിരിക്കുക. അതതു ദിവസത്തെ പരീക്ഷകളെ വിലയിരുത്തി കുട്ടിയെ കുറ്റപ്പെടുത്താതെ അടുത്ത ദിവസത്തെ പരീക്ഷയ്ക്കു സജ്ജമാക്കുക. വീട്ടില്‍ സന്തോഷകരവും ശാന്തവും സൗഹ്യദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുക. കുട്ടികള്‍ക്ക് ആരോഗ്യകരവും, പെട്ടന്ന് ദഹിക്കുന്നതുമായ ഭക്ഷണം നല്‍കുക. കുട്ടിക്ക് ഗുണകരമായതും, പ്രായത്തിന് അനുയോജ്യമായ സമ്മാനങ്ങള്‍ മാത്രം വാഗ്ദാനം നല്‍കുക. രാഷ്ട്രീയപാര്‍ട്ടികള്‍, ക്ലബ്ബുകള്‍, മത സംഘടനകള്‍ തുടങ്ങിയവരുടെ പൊതു പരിപാടികള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെയും യാത്രസൗകര്യത്തെയും, പരീക്ഷകളെയും ഒരു തരത്തിലും ബാധിക്കാത്ത രീതിയില്‍ ക്രമീകരിക്കുക. ആരാധനാലയങ്ങള്‍ കേന്ദ്രികരിച്ചുള്ള ഉച്ചഭാഷിണി ഉപയോഗം വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയില്‍ ക്രമീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button