Latest NewsKerala

തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു : തീരുമാനം കേന്ദ്രനേതൃത്വത്തിന്റെ

ഇനി തീപാറുന്ന പോരാട്ടം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരം തീപാറും. മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് തീരുമാനമായി. ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ കുമ്മനത്തിന് ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായി പാര്‍ട്ടി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് ശക്തമായ നിലപാടെടുത്തിരുന്നു.

ഇതോടെ സംസ്ഥാനവും കേന്ദ്രവും ഉറ്റുനോക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലേയ്ക്കാണ്. ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിയ്ക്കും എന്നുള്ളതിനാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ആദ്യം മുതല്‍ ഉയര്‍ന്ന് കേട്ടത് കുമ്മനം രാജശേഖരന്റെ പേരായിരുന്നു. കുമ്മനം സ്ഥാനാര്‍ത്ഥി ആകണമെന്ന് തന്നെയായിരുന്നു അണികളുടേയും പാര്‍ട്ടിയുടേയും താത്പ്പര്യം.

തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ വ്യക്തമായിരുന്നു. 14,501 വോട്ടിനാണ് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്. ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു നടത്തിയ സര്‍വേ കണ്ടെത്തിയത്. ഇതിനു പിന്നാലെ കുമ്മനത്തിനായി ആര്‍എസ്എസ് ശക്തമായി രംഗത്തുവരികയും ചെയ്തു.

കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഒ രാജഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവരിക കൂടി ചെയ്തതോടെ കേന്ദ്ര നേതൃത്വം ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശശിതരൂരും, എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി സി.ദിവാകരനും ആകുമ്പോള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തീ പാറുന്ന മത്സരമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button