Latest NewsKerala

മാവോയിസ്റ്റ് സി.പി ജലീലിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

വയനാട്ടില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം. മൃതദേഹം വിട്ടു നല്‍കണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ ഇതുവരെ പൊലീസ് തീരുമാനം എടുത്തിട്ടില്ല.മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.പ്രസന്നന്റെ നേതൃത്വത്തിലാവും പോസ്റ്റ്മോര്‍ട്ടം നടത്തുക. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങാന്‍ ജലീലിന്റെ ബന്ധുകള്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രോ വാസു അറിയിച്ചു. പൊലീസ് അനുവദിക്കുന്ന പക്ഷം മൃതദേഹം താന്‍ തന്നെ ഏറ്റുവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ നാല് മണിയോടെ ജലീലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരക്കിട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതില്ലെന്നായിരുന്നു തീരുമാനം. ഇന്ന് രാവിലെ എട്ടരയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങും. ആദ്യം ബുള്ളറ്റുകള്‍ മൃതദേഹത്തിലുണ്ടോയെന്ന് കണ്ടെത്താനായി സ്‌കാനിങ് നടത്തും. പിന്നീടായിരിക്കും പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ജലീലിന്റെ സഹോദരന്‍ സി.പി റഷീദ് വയനാട് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിരുന്നു. ഇതിലുള്ള തീരുമാനം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അറിയാക്കാമെന്നാണ് ഇപ്പോഴത്തെ പൊലീസ് നിലപാട്. മൃതദേഹം വിട്ടുകിട്ടിയാല്‍ മലപ്പുറത്തെ വസതിയിലേക്ക് പൊതു ദര്‍ശനത്തിനായി കൊണ്ടു പോകാനാണ് ബന്ധുക്കളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button