Specials

എവിടെ വരെയെത്തി സര്‍ക്കാരിന്റെ നവകേരള നിര്‍മാണം..

കേരളത്തെ വികസിപ്പിച്ച് വികസിപ്പിച്ച് മാറി മാറി ഭരിക്കുന്ന സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ് പശ്ചിമഘട്ട മലനിരകളെയും കുട്ടനാടന്‍ പ്രദേശങ്ങളെയും ദുരിതത്തിലാഴ്ത്തിയ മഹാപ്രളയം. വികസനത്തിന് മാറ്റു കൂട്ടാന്‍ കുന്നും മലകളും ഇടിച്ചുനിരത്തി തണ്ണീര്‍ത്തടങ്ങള്‍ നികത്തി മുന്നോട്ട് പോകുമ്പോള്‍ തന്നെയാണ് പ്രളയാനന്തര കേകരളനിര്‍മാണം നടക്കുന്നത്. പുഴകളുടെ മൂലസ്ഥാനത്ത് നിന്നുവരെ മലകള്‍ തോണ്ടിമാറ്റപ്പെടുമ്പോള്‍ മഴയില്‍ മണ്ണിടിച്ചിലും വേനലില്‍ കൊടുംവരള്‍ച്ചയുമാണ് കേരളത്തിന് സമ്മാനമായി ലഭിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ ഏപ്രില്‍ മാസത്തിനകം പൂര്‍ണമായും നിര്‍മിച്ച് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഭവനരഹിതര്‍ക്കായുള്ള ലൈഫ് പദ്ധതിയും ലക്ഷ്യത്തിലേക്കടുക്കുകയാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

വാസ്തവത്തില്‍ അതിവര്‍ഷം മാത്രമല്ല കേരളത്തെ പ്രളയത്തില്‍മുക്കിയത്. ഡാമുകള്‍ സമയോചിതമായി തുറന്നുവിടത്താതാണ് പ്രധാനകാരണമായി വിദഗ്ധര്‍ പോലും ചൂണ്ടിക്കാണിച്ചത്. അനുനിമിഷം ഉയരുന്ന ജലനിരപ്പ് ഓര്‍മ്മിപ്പിച്ചത് ഒഴുക്കുവഴികള്‍ കെട്ടിയടച്ച് നടത്തിയ വികസനങ്ങളുടെ നിരര്‍ത്ഥകതയാണ്.

പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതായിടങ്ങളിലാണ് വെള്ളപ്പൊക്കം ഏറ്റവുമധികം നാശനഷ്ടം വരുത്തിയതെന്നോര്‍ക്കുക. നവകേരള നിര്‍മാണത്തിനായി ലോക ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് കേരളം. നവകേരളമെന്നാല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അതേ പോലെ സൃഷ്ടിക്കുക എന്നതല്ല സര്‍ക്കാര്‍ നയമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറയുകയുണ്ടായി. പകരം തകര്‍ന്നു പോയതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ കേരളത്തെ സൃഷ്ടിക്കുക അഥവാ നവ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

മനുഷ്യന് എന്തും ആകാമെന്ന ധാര്‍ഷ്ട്യത്തോടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് പ്രകൃതിക്ഷോഭത്തിന് കാരണമാകുന്നത്. ഇക്കഴിഞ്ഞ പ്രളയത്തില്‍ 2,55,300 ല്‍ അധികം വീടുകളാണ് തകര്‍ന്നത്. ഇത് മുന്നില്‍ കണ്ട് സാങ്കേതിക വൈധഗ്ധ്യവും ശാസ്ത്ര ബോധവും ഉള്‍ക്കൊണ്ട് നവേകരളം നിര്‍മ്മിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പ്രളയത്തെത്തുടര്‍ന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ പരിശോധനയില്‍ പല ഭൂമികളും വാസയോഗ്യമല്ലാത്തവയായി കണ്ടെത്തിയിട്ടുണ്ട്. ഏത് ഭൂമിയാണ് വാസയോഗ്യം, ഇനിയൊരു ദുരന്തുണ്ടായാല്‍ എങ്ങനെ വീടുകളുടെ തകര്‍ച്ച പരമാവധി കുറയ്ക്കാം എന്നൊക്കെ കൃത്യമായി പഠിച്ചതിന് ശേഷമായിരിക്കും പുതിയ ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ ഈ തിരിച്ചറിവുകള്‍ എത്രത്തോളം ജനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്നത് കാലം തെളിയക്കേണ്ടതാണ്. സര്‍ക്കാരിന്റെ ഭവന സമുച്ചയങ്ങള്‍ മാത്രമല്ല വ്യക്തികള്‍ നിര്‍മ്മിക്കുന്ന ഭവനങ്ങളും അതത് പ്രദേശത്തിന്റെ നിര്‍മാണ രീതിക്ക് അനുയോജ്യമായിരിക്കണം

201920 വര്‍ഷത്തെ ബജറ്റില്‍ നവകേരളത്തിന് 25 പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 25 മേഖലകളെ മുന്‍നിര്‍ത്തിയായിരിക്കും പദ്ധതികള്‍ക്ക് ലക്ഷ്യം കാണുക. 1.42 ലക്ഷം കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്. മെച്ചപ്പെട്ട പുനര്‍നിര്‍മാണം ലക്ഷ്യമിട്ടുള്ള നടപടിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ദുരിതാശ്വാസ നിധിയില്‍നിന്ന് ഇതുവരെ 1131 കോടി രൂപ ചെലവായി. പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുക.
ജി.എസ്.ടിക്ക് പുറമെ ഒരു ശതമാനം പ്രളയ സെസ് പിരിക്കാന്‍ കേരളത്തിന് ജി.എസ്.ടി കൗണ്‍സില്‍ യോഗം അനുമതി നല്‍കിയിട്ടുമുണ്ട്. പ്രളയത്തിന് ശേഷം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. എന്തായാലും ഏത് രീതിയില്‍ ഫണ്ട് കണ്ടെത്തി നവകരേളനിര്‍മാണം നടത്തിയാലും തോടുകള്‍ക്കും പുഴകള്‍ക്കും ഒഴുകാന്‍ സ്ഥലമുണ്ടായിരിക്കണം. അതുപോലെ തന്നെ നീരുറവകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ അവിടെയുള്ള പരിസ്ഥിതി സംരക്ഷിക്കപ്പെടുകയും വേണം. പരിസ്ഥിതിയെ ഗൗനിക്കാതെ ഒരു തരത്തിലുമുള്ള വികസനമോ നിര്‍മ്മിതിയോ കേരളത്തിന് സാധ്യമല്ലെന്ന് ഈ പ്രളയം കൊണ്ട് പഠിച്ചില്ലെങ്കില്‍ നാം ഇനിയും അത് ഒരിക്കലും പഠിക്കാനും പോകുന്നില്ല.

അതേസമയം പ്രളയാന്തരപ്രവര്‍ത്തനങ്ങല്‍ സര്‍ക്കാര്‍ കൃത്യമായി വെളിപ്പെടുത്തണം. എത്ര തുക ലഭിച്ചെന്നും അത് ഏതെല്ലാം മേഖലകളില്‍ ചെലവഴിച്ചെന്നും മിച്ചമെത്രയുണ്ടെന്നും ഇനി എത്ര രൂപയുടെ ചെലവു വരുമെന്നെും അറിയാനുള്ള പൂര്‍ണ അവകാശം ജനങ്ങള്‍ക്കുണ്ട്. കാരണം പ്രളയക്കെടുതിയില്‍ നിന്ന് കേരളം പിടിച്ചുനിന്നത് ജനങ്ങളുടെ കൂട്ടായ്മ കൊണ്ടും പരസ്പര സഹകരണം കൊണ്ടും മാത്രമാണ്. ലോകം മുഴുവന്‍ ശ്രദ്ധിച്ച ആ കൂട്ടായ്മയും സഹായ സന്നദ്ധതയും ഇനിയും സര്‍ക്കാരിനൊപ്പമുണ്ടാകണമെങ്കില്‍ നവകേരളനിര്‍മാണം അമാന്തമില്ലാതെ ആത്മാര്‍ത്ഥതയോടെ പുരോഗമിക്കുകയാണെന്ന് ജനത്തിന് ബോധ്യപ്പെടണം. അത് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

shortlink

Post Your Comments


Back to top button