Latest NewsUAE

മഞ്ജു മണിക്കുട്ടന് നവയുഗത്തിന്റെ സ്വീകരണം

ദമ്മാം: 2018 ലെ ‘നാരിശക്തി പുരസ്‌ക്കാര’ജേതാവായ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന് നവയുഗം കേന്ദ്രകമ്മിറ്റി സ്വീകരണം ഒരുക്കുന്നു. മാർച്ച് 14 വൈകുന്നേരം 7.30ന് ദമ്മാം ബദർഅൽറാബി ആഡിറ്റോറിയത്തിൽ വെച്ചാണ് സ്വീകരണയോഗം നടത്തുന്നത്.

ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന ഏറ്റവും പരമോന്നതബഹുമതിയായ “നാരി ശക്തി പുരസ്‌കാരം” , കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയമാണ്, സൗദി അറേബ്യയയുടെ കിഴക്കൻ പ്രവിശ്യയിൽ ഇന്ത്യക്കാരായ വനിതകൾക്കും, വീട്ടുജോലിക്കാരികൾക്കും വേണ്ടി നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളെ പരിഗണിച്ച്, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടന് നൽകിയത്. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8ന്, രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ വെച്ച്, ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ്‌ ഗോവിന്ദിന്റെ കൈയ്യില്‍ നിന്നും മഞ്ജു മണിക്കുട്ടന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി.
സർട്ടിഫിക്കറ്റും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും ഉൾപ്പെടുന്നതാണ് അവാർഡ്.

നവയുഗം സംഘടിപ്പിയ്ക്കുന്ന സ്വീകരണചടങ്ങിൽ, നവയുഗം പ്രവർത്തകരും, കുടുംബങ്ങൾക്കുമൊപ്പം, സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രവാസസംഘടന പ്രതിനിധികളും, സാമൂഹിക, സാംസ്ക്കാരിക, സാഹിത്യ, ജീവകാരുണ്യരംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. നവയുഗം കലാകാരന്മാർ അവതരിപ്പിയ്ക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. എല്ലാ പ്രവാസികളെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

shortlink

Post Your Comments


Back to top button