Latest NewsIndia

നാട്ടുകാര്‍ കൈയും കെട്ടി നോക്കി നിന്നപ്പോള്‍ വെട്ടേറ്റ് ചോരവാര്‍ന്ന് കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത് പൊലീസ്

ബംഗളൂരു: നാട്ടുകാര്‍ കൈയും കെട്ടി നോക്കി നിന്നപ്പോള്‍ വെട്ടേറ്റ് ചോരവാര്‍ന്ന് കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത് പൊലീസ് . അക്രമിയുടെ വെട്ടേറ്റ് മരണാസന്നയായ യുവതിയെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ രക്ഷപ്പെടുത്തിയത്. ബംഗളൂരുവിലെ ഗിരിനഗറിലാണ് സംഭവം. തനുജ എന്ന 39കാരിയായ അധ്യാപികയെ 42കാരനായ ശേഖര്‍ വടിവാളുകൊണ്ട് ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റ് വഴിയില്‍ വീണ തനൂജയെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. രക്തം വാര്‍ന്ന് യുവതി മരിച്ചിട്ടുണ്ടാകാമെന്നായിരുന്നു എല്ലാവരുടെയും നിഗമനം. എന്നാല്‍, അതുവഴിയെത്തിയ സി.എ.സിദ്ധലിംഗയ്യ എന്ന പോലീസ് ഇന്‍സ്പെക്ടര്‍ തനൂജയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഗിരിനഗര്‍ പ്രദേശത്തെ പോളിംഗ് ബൂത്തുകളുടെ സുരക്ഷ സംബന്ധിച്ച അന്വേഷണത്തിനെത്തിയതായിരുന്നു താനെന്ന് സിദ്ധലിംഗയ്യ പറഞ്ഞു. ഒരു ബൈക്ക് യാത്രികന്‍ പറഞ്ഞാണ് വഴിയരികില്‍ യുവതി രക്തം വാര്‍ന്ന് കിടക്കുന്ന വിവരം അദ്ദേഹം അറിഞ്ഞത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തുകയും തനുജയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. വെട്ടേറ്റ് കുടല്‍മാല ശരീരത്തിന് പുറത്തെത്തിയ അവസ്ഥയിലായിരുന്നു തനുജ.

ആന്തരികാവയവങ്ങള്‍ ശരീരത്തിനുള്ളിലേക്കാക്കി തുണികൊണ്ട് കെട്ടിവച്ച ശേഷമാണ് സിദ്ധലിംഗയ്യ തനുജയെ ഓട്ടോയില്‍ വിക്ടോറിയ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയക്ക് വേണ്ടി യുവതിയ്ക്ക് രക്തം നല്‍കിയതും സിദ്ധലിംഗയ്യ തന്നെയാണ്. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ശേഖറിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ശേഖറിന്റെ രണ്ട് മക്കള്‍ക്കും ട്യൂഷന്‍ എടുക്കുന്നത് വിധവയായ തനുജയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button