Latest NewsArticle

ഹൃദയരാഗങ്ങളുടെ കാവല്ക്കാരന്‍ ; ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് പിറന്നാള്‍

മലയാളചലച്ചിത്രഗാനശാഖയില്‍ ഹൃദയത്തില്‍ നിന്നടര്‍ന്ന പ്രണയതൂലികയില്‍ ,അതിമധുരം വിതറി അനുപമസുന്ദരഗാനങ്ങളുടെ ഇലഞ്ഞിപ്പൂമണം മലയാളിയുടെ ഇന്ദ്രിയങ്ങളിലേയ്ക്ക് പടര്‍ത്തിയ അനുഗ്രഹീതനായ ഹിറ്റ്‌മേക്കര്‍ക്ക് ഇന്ന് ജന്മദിനത്തില്‍ ഒരായിരം ആശംസകള്‍.മലയാളിയുടെ ചുണ്ടില്‍ മായാത്ത ഈണങ്ങളുടെ ഉഷഃസന്ധ്യകളുണര്‍ത്തി,ഹൃദയസരസ്സിലെ പ്രണയപുഷ്പത്തെ ഇതള്‍വിടര്‍ത്തിയ ഗാനരചയിതാവാണ് ശ്രീകുമാരന്‍തമ്പി എന്ന ലാളിത്യമാര്‍ന്ന വ്യക്തിത്വം.

വയലാറിനെയും ഭാസ്‌ക്കരന്‍ മാഷിനെയും പോലെയുള്ള പ്രതിഭകളുടെ സുവര്‍ണകാലഘട്ടത്തിലാണ്,വേറിട്ട ശൈലിയുടെ രാഗങ്ങളും ഈണങ്ങളുമായി വന്ന് മലയാളമുറ്റത്തെ സാന്ധ്യനേരങ്ങളെ ഇദ്ദേഹം സിന്ദൂരമണിയിച്ചത്.അകലെ അകലെ നീലാകാശം,ഒന്നാംരാഗം പാടി,ഒരു മുഖം മാത്രം,ശ്രീപദം വിടര്‍ന്ന,എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍,ഉണരുമീ ഗാനം,ആറാട്ടുകടവില്‍,ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു,ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം…ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ ഇന്നത്തെ തലമുറയുടെ ചുണ്ടുകള്‍ പോലും മൂളുന്നു.

ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന ആലപ്പുഴയിലെ ക്ഷേത്രനഗരിയായ ഹരിപ്പാട് പരേതരായ ശ്രീ കളരിക്കല്‍ കൃഷ്ണപിള്ളയുടെയും ശ്രീമതി ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനായി 1940 മാര്‍ച്ച് 16 ന് ജനിച്ചു.ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ തിരുനടയിലും ആല്‍ത്തറയിലും കൂത്തമ്പലത്തിലും ദുഃഖങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും ഒരുപോലെ പങ്കിട്ട ശ്രീകുമാരന്‍തമ്പി മലയാളസിനിമയുടെ മാന്ത്രികലോകയ്ക്ക് കടന്നുവരുന്നത് 1966ല്‍ തന്റെ ഇരുപത്തിയാറാം വയസ്സില്‍ ‘കാട്ടുമല്ലിക ‘എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചു കൊണ്ടായിരുന്നു എങ്കിലും പ്രശസ്തിയാര്‍ജ്ജിച്ചത് ‘ചിത്രമേള’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയായിരുന്നു! സംവിധായകന്‍, തിരക്കഥാകൃത്ത്,ഗാനരചയിതാവ്,നിര്‍മ്മാതാവ്,കവി,നോവലിസ്റ്റ്,സംഗീതസംവിധായകന്‍ തുടങ്ങി ഇദ്ദേഹമണിയാത്ത വേഷങ്ങളില്ല എന്നു പറയാം.എങ്കിലും ശ്രീകുമാരന്‍തമ്പി എന്ന് പേര് കേള്‍ക്കുമ്പോള്‍ അദ്ദേഹമെഴുതിയ അപൂര്‍വ്വസുന്ദരഗാനങ്ങളുടെ പ്രണയാര്‍ദ്രശീലുകളാണ് മനസ്സിലാകെ മന്ദഹാസം വിടര്‍ത്തിയുണരുന്നത്.

കാലയവനികക്കുള്ളില്‍ മറഞ്ഞ ശ്രേഷ്ഠ സംഗീതസംവിധായകരായ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍,ശ്രീ അര്‍ജ്ജുനന്‍മാഷ്,ശ്രീ ദേവരാജന്‍മാഷ്,കോഴിക്കോടിന്റെ സ്വന്തം ബാബുരാജ് മാഷ് തുടങ്ങിയവരുടെ അനശ്വരരാഗങ്ങള്‍ക്കൊപ്പം ശ്രീകുമാരന്‍തമ്പിയുടെ ഈടുറ്റ ഭാവനാസമ്പന്നമായ അസാധ്യവരികളും ഒരുമിച്ചപ്പോള്‍ പിറന്ന ഗാനങ്ങള്‍ മലയാളസിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളായി മാറി.കേരളീയ സമൂഹത്തില്‍ ആലപ്പുഴപട്ടണത്തിനെയും ആറാട്ടുകടവിനെയും കാവാലംചുണ്ടനെയും പായിപ്പാട് വള്ളംകളിയെയും ഒക്കെ അറിയാനും സ്‌നേഹിക്കാനും പഠിപ്പിച്ചതില്‍ ശ്രീകുമാരന്‍തമ്പിയുടെ തൂലികയ്ക്ക് വളരെ വലിയ പങ്കുണ്ട്.സിനിമയിലെ ജയപരാജയങ്ങളില്‍ അമിതവികാരം പ്രകടിപ്പിക്കാതെ സമചിത്തതയോടെ നേരിട്ട ശ്രീകുമാരന്‍തമ്പിയുടെ ഗാനസപര്യ ഇന്നും അനസ്യൂതം തുടരുന്നതിന് ഉദാഹരണമാണ് അടുത്ത കാലത്തിറങ്ങിയ ഒരു കുപ്രസിദ്ധപയ്യനില്‍ അദ്ദേഹം രചിച്ച ഗാനങ്ങള്‍.അദ്ദേഹത്തിനിഷ്ടപ്പെട്ട 1001 ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ‘ഹൃദയസരസ്സ്’ എന്നൊരു ബുക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാട്ടുകളെ സ്‌നേഹിക്കുന്ന മലയാളിക്ക് ഹൃദയം കൊണ്ട് എഴുതിയ ഗീതങ്ങളുടെ പ്രണയവസന്തം സമ്മാനിച്ച ശ്രീകുമാരന്‍തമ്പിക്ക് സിനിമാരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പരമോന്നത പുരസ്‌കാരമായ ജെ.സി.ഡാനിയേല്‍ പുരസ്‌കാരമടക്കം നിരവധി ദേശീയ,സംസ്ഥാനപുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ജീവിതയാത്രയിലെ ഉയര്‍ച്ചതാഴ്ചകളില്‍,സുഖദുഃഖങ്ങളില്‍ അദ്ദേഹത്തിന് താങ്ങും തണലുമായി നിന്നിരുന്നത് പ്രിയപത്‌നി രാജേശ്വരിയാണ്. കവിത, പരേതനായ ചലച്ചിത്ര സംവിധായകന്‍ രാജകുമാരന്‍തമ്പി എന്നിവരാണ് മക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button