Latest NewsArticle

വരുംതലമുറയ്ക്കായി ഓരോ തുള്ളിയും ശേഖരിക്കാം.’ഇന്ന് ലോകജലദിനം’

പഞ്ചഭൂതങ്ങളില്ലെങ്കില്‍ ഈ ഭൂമിയില്ല. ഭൂമിയില്ലെങ്കില്‍ ജീവജാലങ്ങളില്ല,സര്‍വ്വോപരി മനുഷ്യനില്ല! പ്രകൃതിയുടെ,ജീവന്റെ ഉറവിനും നിലനില്പിനും കാരണമായ പഞ്ചഭൂതങ്ങളിലൊന്നാണ് ജലം! പൈപ്പിലൂടെ ചീറ്റുന്ന ജലം കണ്ടുശീലിച്ച,ആവശ്യത്തിനും അനാവശ്യത്തിനും പാഴാക്കിക്കളയുന്ന ഇന്നത്തെ ജനതയ്ക്ക് ജലത്തിന്റെ ദൗര്‍ലഭ്യത്തെക്കുറിച്ചോ ജലം ലഭിക്കുന്ന സ്രോതസ്സുകളെക്കുറിച്ചോ,അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ ചിന്തിക്കാന്‍ പോലും നേരമുണ്ടാവില്ല!ഭാവിയിലുണ്ടായേക്കാവുന്ന അങ്ങേയറ്റം രൂക്ഷമായ ജലക്ഷാമത്തെക്കുറിച്ച് ആഗോളതലത്തില്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സത്യം.സ്വതന്ത്ര ഇന്ത്യയിലെ തന്നെ എത്രയോ പ്രദേശങ്ങളില്‍ ഒരു കുടം ശുദ്ധജലത്തിനായ് മൈലുകളോളം സഞ്ചരിക്കുന്നവര്‍! ജലം അമൂല്യമാണെന്നും ഒരു തുള്ളി പോലും പാഴാക്കരുതെന്നും എത്രയോ തലമുറകളായി നാം കേട്ടുപോരുന്നു.എന്നാല്‍ കേള്‍ക്കുന്നതിന്റെ ഒരംശം പോലും ജലം പാഴാക്കാതിരിക്കാനായി നാം പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ തെളിവാണ് അതിരൂക്ഷമായിക്കൊണ്ടിരുന്ന ജലദൗര്‍ലഭ്യവും അനുബന്ധപ്രശ്‌നങ്ങളും.

‘ആരെയും പിന്നിലാക്കാതെ'(LEAVING NO ONE BEHIND)എന്ന അതിപ്രസക്തമായ വാചകമാണ് ഇത്തവണ ഐക്യരാഷ്ട്രസഭയുടെ ‘ലോകജലദിനസന്ദേശത്തില്‍ നല്കുന്നത്.ലോകജനതയുടെ ജലദൗര്‍ലഭ്യപ്രശ്‌നങ്ങള്‍ക്ക് 2030 കാലയളവോടു കൂടി സുസ്ഥിരമായ പോംവഴി കണ്ടെത്തുക എന്നതിന് ഊന്നല്‍ കൊടുത്താണ് ഐക്യരാഷ്ട്രസഭ ഈ സന്ദേശം മുന്നോട്ടു വെയ്ക്കുന്നത്.

ഇനിയൊരു ലോകമഹായുദ്ധം നടക്കുമെങ്കില്‍ അത് ജലത്തിനു വേണ്ടിയായിരിക്കുമെന്ന് ലോകമെമ്പാടും പ്രചരിക്കുന്നത് എല്ലാവര്‍ക്കും പരിചിതമാണ്.ഇത് ജലദൗര്‍ലഭ്യത്തിന്റെ ഭീകരതയാണ് വെളിപ്പെടുത്തുന്നത്. ആഗോളതാപനവും,പ്രകൃതിദത്ത ജലസംഭരണികളുടെ പരിമിതിയും കാരണങ്ങളായി പറയുന്നുണ്ടെങ്കിലും അവശേഷിച്ച ജലലഭ്യതയുടെ അളവുകോലുകളായി ജനങ്ങളെ മുഖം നോക്കി,സ്റ്റാറ്റസ് നോക്കി,സാമ്പത്തികാവസ്ഥ നോക്കി,ദേശാതിര്‍ത്തിക്കള്‍ നോക്കി തരംതിരിച്ചു നിര്‍ത്തി ജലം ലഭ്യമാക്കുന്ന പ്രവണത ഇപ്പോഴുമുണ്ടെന്ന് രഹസ്യമായ പരസ്യമാണ്.അതിനെതിരെ പ്രവര്‍ത്തിക്കാനും എല്ലാ മനുഷ്യനും ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്നും അതിനെ ഒന്നിന്റെ പേരിലും തരംതിരിക്കാന്‍ ഒരാള്‍ക്കും അധികാരമില്ലെന്നും ഐക്യരാഷ്ട്രസഭയുടെ ‘സുസ്ഥിര ജലവികസന പദ്ധതി’യുടെ പ്രമേയമായ ‘ലീവിങ്ങ് നോ വണ്‍ ബിഹൈന്‍ഡ്’ ല്‍ പറയുന്നു.

water scarcity

ഇത്രയേറെ മഴ ലഭിക്കുന്ന,പ്രളയജലം കുടിച്ചുതീര്‍ത്ത നമ്മുടെ നാട് കൊടുംവരള്‍ച്ചയിലാണെന്നു കേള്‍ക്കുമ്പോള്‍ തെല്ലും അതിശയോക്തിയില്ല.പ്രകൃതി കനിഞ്ഞു നല്കിയ ജലസമ്പത്തുകളധികവും ചൂഷണം ചെയ്തും കടയ്ക്കല്‍ കത്തിവെച്ചും ജീവിതത്തിന്റെ ആഡംബരസ്വാര്‍ത്ഥലോഭങ്ങള്‍ക്കു വേണ്ടി മനുഷ്യന്‍ ദുരുപയോഗം ചെയ്യുമ്പോള്‍ അവന്‍ സ്വന്തം കുഴി മാത്രമല്ല തോണ്ടുന്നത്,അവന്റെ പിന്‍ഗാമികളുടെ സ്വച്ഛന്ദജീവിതത്തിന് തടയിടുക കൂടിയാണ് ചെയ്യുന്നത്. കാടുകള്‍ നശിപ്പിച്ചും,കുളങ്ങള്‍ നികത്തിയും കിണറുകള്‍ക്കു പകരം ഭൂഗര്‍ഭ ജലമൂറ്റിയും,കിടങ്ങുകള്‍,പാടങ്ങള്‍,മറ്റു ചെറുകിട ജലസ്രോതസ്സുകള്‍ വറ്റിച്ചും,നദിയുടെ ആത്മാവൂറ്റിയും,നദീതടങ്ങള്‍ കൊന്നൊടുക്കിയും,മലിനമാക്കിയും അഹങ്കാരത്തിന്റെ കൊടുമുടിയില്‍ വിരാജിക്കുന്ന മനുഷ്യന്റെ അധഃപതനത്തിന് കാരണഹേതുവായി മാരകരോഗങ്ങളും ഉഷ്ണതാപവും അന്തരീക്ഷമലീനികരണവും കൂടെപ്പിറപ്പായി മാറിയിരിക്കുന്നു.

ഇനി അവശേഷിക്കുന്ന ജലസമ്പത്തുകളെ,അവയുടെ തനത് രൂപത്തില്‍,മലിനമാക്കാതെ സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍,മഴയിലൂടെ ലഭിക്കുന്ന ഓരോ തുള്ളിയും ശേഖരിക്കാനും മണ്ണിലേയ്ക്ക് ലയിപ്പിക്കാനും കഴിഞ്ഞാല്‍,മനുഷ്യന്‍ മറന്നു പോയ ലളിതജീവിതത്തിന്റെ ഒരംശമെങ്കിലും തിരിച്ചെടുക്കാനായാല്‍,ഈ സുന്ദരഭൂമി വരുംതലമുറയ്ക്കും കൂടി അനുഭവിക്കാനുള്ളതാണെന്ന തിരിച്ചറിവുണ്ടായാല്‍,നാം തന്നെയാണ് സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കുന്നതെന്ന തിരിച്ചറിവുണ്ടായാല്‍,ശുദ്ധജലം ആരോഗ്യത്തിന് സുപ്രധാനമാണെന്ന് തിരിച്ചറിവുണ്ടായാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button