Latest NewsUAEGulf

യു.എ.ഇയില്‍ കാലാവസ്ഥയില്‍ വന്‍ മാറ്റം : അതിശക്തമായ കാറ്റ് : തിരമാല 9 അടിവരെ ഉയര്‍ന്നു

ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

അബുദാബി : യു.എ.ഇയില്‍ വന്‍ കാലാവസ്ഥാ മാറ്റം. യുഎഇയില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിലും ചാറ്റല്‍ മഴയിലും ജനങ്ങള്‍ ദുരിതത്തിലായി. പുറത്തിറങ്ങാനാവാത്തവിധം വീശിയടിച്ച ശക്തമായ കാറ്റ് നിര്‍മാണ തൊഴിലാളികളെയും കാല്‍നട, ബൈക്ക് യാത്രക്കാരെയും വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നവരെയുമാണ് ഏറെ ബാധിച്ചത്. ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതവും ദുഷ്‌കരമാക്കി. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കാനിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി.

നിര്‍മാണ കേന്ദ്രങ്ങളില്‍ താല്‍ക്കാലിക വേലികള്‍ പൊളിഞ്ഞുവീണു. ടെറിസിന് മുകളില്‍ സ്ഥാപിച്ച ഡിഷുകളും ഒടിഞ്ഞുവീണു. അബുദാബി, ദുബായ്, ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ എമിറേറ്റുകളിലെ ചില ഭാഗങ്ങളില്‍ ഇന്നലെ ചാറ്റല്‍ മഴയുണ്ടായി. റാസല്‍ഖൈമയില്‍ ആറുനിലയുള്ള പഴയ കെട്ടിടം ഇടിഞ്ഞുവീണു. ഒട്ടേറെ വാഹനാപകടങ്ങളുമുണ്ടായി. ആളപായമില്ല. ചൊവ്വാഴ്ച വരെ ഇതേ കാലാവസ്ഥ തുടരുമെന്നും വരും ദിവസങ്ങളില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും ഇടിമിന്നലിന്റെ അകമ്പടിയോടെയുള്ള മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

അറേബ്യന്‍ ഉപദ്വീപില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് കാറ്റ് ശക്തമാകാന്‍ കാരണം. അടുത്ത 2 ദിവസംകൂടി കാറ്റിന്റെ ശക്തികൂടും. പിന്നീട് കുറഞ്ഞുവരും. തണുപ്പില്‍നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണ് അസ്ഥിര കാലാവസ്ഥ. ആസ്മ, അലര്‍ജി രോഗങ്ങളുള്ളവര്‍ പുറത്തിറങ്ങരുതെന്നും അത്യാവശ്യ ഘട്ടത്തില്‍ പോകേണ്ടിവന്നാല്‍ മുഖാവരണം ധരിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button