Latest NewsKerala

നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്ന് പ്രസംഗിച്ച് നടക്കുന്നവർ സ്വകാര്യ നിക്ഷേപത്തെ എതിർക്കുന്നു : കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്ന് പ്രസംഗിച്ച് നടക്കുന്നവർ തന്നെ സ്വകാര്യ നിക്ഷേപത്തെ എതിർക്കുന്നത് കാപട്യമാണെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിസ് സംഘടിപ്പിച്ച മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സ്വകാര്യ പങ്കാളിത്തം എന്നത് ലോകം അംഗീകരിച്ച മാതൃകയാണ്. ഇതേ മാതൃകയിൽ കേരളത്തിൽ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. നിക്ഷേപം തേടി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നുമുണ്ട്. എന്നിട്ടും സ്വകാര്യ നിക്ഷേപത്തെ എതിർക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വികസനം നടപ്പാകാൻ ഇച്ഛാശക്തി മാത്രമാണ് ആവശ്യം. തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് പുനഃസ്ഥാപിക്കാൻ കഴിയാത്തതിന് കാരണം അതിനായി പരിശ്രമിച്ചവർക്ക് ഇച്ഛാശക്തി ഇല്ലാത്തതാണ്. എംപിയായാൽ ബഞ്ച് പുനഃസ്ഥാപിക്കാൻ ശ്രമിക്കും. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വ്യക്തിക്ക് വിറ്റു എന്ന പ്രചരണം കളവാണ്. യാത്രക്കാർക്ക് സൗകര്യം ഒരുക്കാൻ നിക്ഷേപം നടത്തുന്നതിനാണ് ടെൻഡർ വിളിച്ചത്. ഇതിൽ സംസ്ഥാന സർക്കാരും പങ്കെടുത്തിരുന്നു. ടെൻഡർ കിട്ടാത്തപ്പോൾ നടപടിയെ എതിർക്കുന്നത് ബാലിശമാണ്. കേരളത്തിന് എയിംസ് നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നു എങ്കിലും സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകാത്തത് കൊണ്ടാണ് അത് നടക്കാതെ പോയത്.

മെട്രോ റെയിൽ തിരുവനന്തപുരത്ത് സാധ്യമാകുമെന്ന് ഇ ശ്രീധരൻ വ്യക്തമാക്കിയതാണ്. അതും നടക്കാതെ പോയത് സംസ്ഥാന സർക്കാരിന് താത്പര്യമില്ലാത്തതിനാലാണ്. തിരുവനന്തപുരത്തെ നദികൾ എല്ലാം ശുദ്ധീകരിക്കുമെന്ന് ഉറപ്പ് നൽകുന്നതായും കുമ്മനം കൂട്ടിച്ചേർത്തു. ഇതൊന്നും തെരെഞ്ഞെടുപ്പ് വാഗ്‌ദാനം മാത്രമായി കാണേണ്ടതില്ല. ചെയ്യാവുന്ന കാര്യങ്ങൾ മാത്രമേ പറയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിസ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ, സെക്രട്ടറി ആർ ശ്രീധർ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ്‌, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button