Latest NewsArticleWriters' Corner

ഗാനവീഥിയിലെ ബ്രഹ്മനക്ഷത്രം: വയലാർ പിറന്നാൾ സ്മൃതി

“”ഇന്നേവരെ ജീവിച്ച സംസ്കാരങ്ങള്‍ എന്നിലുണ്ടെന്നും ഇനി വിടരുന്ന സംസ്കാരങ്ങളില്‍ ഞാന്‍ ഉണ്ടാകുമെന്നും””” പകരം വെയ്ക്കാനാവാത്ത തൂലികയിലൂടെ ഊട്ടിയുറപ്പിച്ച് പറഞ്ഞ് മരണമില്ലാത്ത ഓർമ്മകളും ഗാനങ്ങളും ചിന്തകളും മലയാളിക്ക് നല്കി ഗന്ധർവ്വലോകത്തേയ്ക്ക് മടങ്ങിയ വിപ്ലവസൂര്യൻ വയലാറിന് ഇന്ന് (മാർച്ച്-25)ജന്മദിനം.

യുഗങ്ങൾ ഇത്രയേറെ കൊഴിഞ്ഞുപോയിട്ടും ഇന്നും മലയാളചലച്ചിത്രഗാനശാഖയിലെ നവവസന്തമാണ് വയലാർഗാനങ്ങൾ. അതീവഭംഗിയുള്ള പദപ്രയോഗങ്ങളാൽ ഭാഷയുടെ മനോഹരസഞ്ചയങ്ങൾ കൂട്ടിയിണക്കി കാവ്യാർച്ചന നടത്തിയ മറ്റൊരു കവിയില്ല എന്നു തന്നെ പറയാം. ഭാഷയെ ഇത്രയേറെ കാവ്യാത്മകസൗന്ദര്യത്താൽ അണിയിച്ചൊരുക്കിയ കവിയെ അനുകരിക്കാൻ പലരും ശ്രമിച്ചെങ്കിലും തികഞ്ഞ പരാജയമാണുണ്ടായത്. സംസ്കൃതഭാഷയിലെ അഗാധജ്ഞാനവും തികച്ചും ലളിതമായ ഭാഷയുടെ അവബോധവും സർവ്വോപരി സാധാരണക്കാരനെയും അവന്റെ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്ത പ്രകൃതവുമാണ് അദ്ദേഹത്തെ മലയാളിയുടെ മനസ്സിൽ ഇന്നും അനശ്വരനായി നിലനിർത്തുന്നത്. വയലാറിലെ ഗ്രാമാന്തരീക്ഷത്തിൽ നിന്നും മലയാളിയുടെ ഹൃദയങ്ങളിലേയ്ക്ക് അദ്ദേഹം നടന്നു കയറുന്നത് വയലാർ-ദേവരാജൻമാഷ് കൂട്ടുകെട്ടിൽ പിറന്ന മഹാകാവ്യങ്ങളിലൂടെയാണ്.പ്രശസ്തിയുടെ കൊടുമുടിയിൽ നില്ക്കുമ്പോഴായിരുന്നു നാല്പത്തിയെട്ടാം വയസ്സിൽ മരണം കവർന്നെടുത്തത്.അതോടെ സിനിമയിലെ വയലാർവസന്തം അവസാനിക്കുകയും ചെയ്തു.

വെള്ളാരപ്പള്ളി കേരളവർമ്മയുടെയും രാഘവപ്പറമ്പിൽ അംബാലികത്തമ്പുരാട്ടിയുടെയും ഏകമകനായ “കുട്ടൻ തമ്പുരാൻ”എന്ന വയലാർ രാമവർമ്മയുടെ ഗാനങ്ങൾ ഒരേസമയം കവിതകളുടെ രൂപവും കൈവരിക്കുന്നവയായിരുന്നു.രാഘവപ്പറമ്പിലെ മണ്ണിൽ ശാന്തമായുറങ്ങുന്ന അംബാലികത്തമ്പുരാട്ടിയുടെ പ്രിയപുത്രൻ വയലാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്താനായി നിരവധി പേരാണ് നിത്യേനയെന്നോണം എത്തുന്നത്. നിറഞ്ഞ പുഞ്ചിരിയോടെ വിരുന്നുകാരെ വരവേല്ക്കാൻ പൂമുഖത്ത് പ്രിയപത്നി ഭാരതിത്തമ്പുരാട്ടിയും മക്കളായ ശരത്ചന്ദ്രവർമ്മ (ഗാനരചയിതാവ്) ഇന്ദുലേഖ,യമുന,സിന്ധു എന്നിവരുമുണ്ട്.

യുഗങ്ങളിനിയും കൊഴിയും,ഋതുഭേദങ്ങളിനിയുമുണ്ടാവും.വിപ്ലവവീര്യം തീഷ്ണതയോടെ തൂലികയിൽ വരച്ചിട്ട കാവ്യഗന്ധർവ്വൻ ഇന്ദ്രധനുസ്സിന്റെ തീരങ്ങളിൽ മലയാളനാടിന് ചന്ദ്രകളഭം ചാർത്താൻ ഇനിയും പുനർജ്ജനിക്കും.അന്ന് വില്വാദ്രിയിലെ പുനർജ്ജനിക്കാറ്റ് പുഞ്ചിരിയോടെ വീശും.!മലയാളിയുടെ ഹൃദയാകാശങ്ങളിൽ വീണ്ടും കാവ്യസൂനങ്ങൾ സുഗന്ധം പരത്തും!!

shortlink

Related Articles

Post Your Comments

Related Articles


Back to top button