KeralaLatest News

ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യയെ പരിഹസിച്ച ദീപാ നിശാന്തിനു മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍

തൃശ്ശൂര്‍: ആലത്തൂര്‍ മണ്ഡലത്തില്‍ മൂന്നാം തവണ ജനവിധി തേടാനൊരുങ്ങുകയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ പി.കെ ബിജു. ഇദ്ദേഹത്തിനെതിരെ ഏറ്റവും കരുത്തുറ്റ എതിര്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് കുന്നംകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇരു സ്ഥാനാര്‍ത്ഥികളും ശ്കതമായ പ്രചാരണമാണ് മണ്ഡലത്തില്‍ നടത്തുന്നത്. ഇതിനിടെ രമ്യ ഹരിദാസിന്റെ പ്രചാരണ രീതിയെ പരിഹസിച്ച എഴുത്തുകാരി ദീപാ നിഷാന്ത് രംഗത്തെത്തിയത് വലിയ ചര്‍ച്ചാ വിഷയമായി. ഫേസ്ബുക്കിലൂടെയായിരുന്നു ദീപയുടെ പ്രതികരണം.

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ടെന്നായിരുന്നു ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. ദീപയുടെ പോസ്റ്റ് വിവാദമായതോടെ കോണ്‍ഗ്രസ് നേതാക്കളായ അനില്‍ അക്കര എംഎല്‍എ, ശബരിനാഥന്‍ എംഎല്‍എ, വിടി ബല്‍റാം എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ മറുപടിയുമായി രംഗത്തെത്തി.

ദീപ നിഷാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യര്‍ത്ഥനയാണ്.ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേജിലാണ് ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.’ രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും’ എന്നാണ് അവകാശവാദം.ദീര്‍ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍ 1971ലെ പൊതു തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം പി യായി ലോകസഭയില്‍ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.

രണ്ടാമത്തെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത് ബഹു. എം എല്‍ എ ശ്രീ.അനില്‍ അക്കരയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനല്‍വിതാനങ്ങളും കനല്‍വഴികളും പറഞ്ഞ് വോട്ടഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

ഒന്നോര്‍ക്കണം പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.

‘ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!

രണ്ടു നാലു ചിരട്ട കുടിച്ചെന്നാല്‍ ,അച്ഛനാരെടാ ഞാനെടാ, മോനെടാ ‘ എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കില്‍ സുലാന്‍.

അനില്‍ അക്കരയുടെ മറുപടി

എന്റെ ദീപ ടീച്ചറെ ,
പലരും നിയമസഭയില്‍വരെ ടീച്ചറെ കളിയാക്കിയപ്പോഴും ഞാന്‍ അതില്‍
അഭിപ്രായം പറയാതിരുന്നത് എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല ,
എന്റെ നാല്‍പ്പത്തിമൂന്നില്‍
ഒരു പങ്ക് ടീച്ചര്‍ക്ക് ഉണ്ട് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് .
അതിന്റെ കാരണം ഞാന്‍ ഇവിടെ പറയുന്നുമില്ല .
എന്നാല്‍ ഇത്രയും പറഞ്ഞത് ഇന്ന് രമ്യക്കുവേണ്ടി വന്ന കുറിപ്പിലെ വാക്കുകള്‍ ടീച്ചര്‍ എടുത്ത് പറഞ്ഞതുകൊണ്ട് മാത്രം .
യു ജി സി .നിലവാരത്തില്‍ ശമ്പളം വാങ്ങുന്ന ടീച്ചര്‍ക്ക് ചിലപ്പോള്‍ മാളികപ്പുറത്തമ്മയാകാനുള്ള
ആഗ്രഹം കാണില്ല .അതില്‍ തെറ്റുമില്ല .
കാരണം യു ജി സി നിലവാരത്തിലുള്ള ശമ്പളമാണല്ലോ വാങ്ങുന്നത് .
സത്യത്തില്‍ ഞാനറിയുന്ന പേരാമംഗലത്തെ
എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല .അവര്‍ക്ക് ഇങ്ങനെയാകാനും കഴിയില്ല .

ശബരിനാഥന്‍ എംഎല്‍എ നല്‍കിയ മറുപടി

ആലത്തുര്‍ യുഡിഫ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള ദീപ നിഷാന്തിന്റെ ഫേസ്ബുക് പോസ്റ്റ് കണ്ടു. വിഷയത്തിന് ആധാരമായി കാണിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പോസ്റ്റിലെ വസ്തുതാപരമായ തെറ്റ് ഞാന്‍ അംഗീകരിക്കുന്നു, അത് തിരുത്തേണ്ടതാണ്.പക്ഷേ വരികള്‍ക്കിടയില്‍ ദീപ ടീച്ചര്‍ രമ്യയെക്കുറിച്ചു ‘ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പല്ല നടക്കുന്നത്’ എന്ന് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ല.
ഒരു ഇലക്ഷന് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രമ്യ ഹരിദാസ്. ജനാധിപത്യ പ്രക്രിയയിലൂടെവിജയിച്ച കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തയായ പ്രവര്‍ത്തകയുമാണ്. ഇതൊക്ക സൗകര്യപൂര്‍വം മറന്നാണ് ദീപ ടീച്ചറിന്റെ രമ്യയെ ഇകഴ്ത്തിയുള്ള സ്റ്റാര്‍ സിങ്ങര്‍ പരാമര്‍ശം.

ഇതൊക്കെ നമ്മുടെ ഒരു കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ് ടീച്ചറെ….പ്രമുഖ നടനും അമ്മ പ്രസിഡണ്ടുമായ വ്യക്തി സ്ഥാനാര്‍ത്ഥിയായാല്‍ ബലേ ഭേഷ്, പക്ഷെ ത്രിതലപഞ്ചായത്തില്‍ പൊതുപ്രവര്‍ത്തകനായ ഒരു വനിത ലോക്സഭാ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അവരെ ഐഡിയ സ്റ്റാര്‍ സിംഗറോട് ടീച്ചര്‍ തന്നെ ഉപമിക്കുന്നു.

എന്തായാലും നമ്മുടെ ‘armchair intellectualism-ത്തിനും intellectual arrogance’നും ജനാധിപത്യത്തില്‍ വലിയ റോള്‍ ഇല്ല എന്നുള്ളതാണ് ഈ എളിയവന്‍ മനസിലാക്കുന്നത്.പാടുന്നവനും പാടാത്തവനും വിശ്വാസിക്കും വിശ്വാസമില്ലാത്തവര്‍ക്കും എല്ലാവര്ക്കും മത്സരിക്കാനുള്ള ജനാധിപത്യ അവസരമുണ്ട്, നല്ല സ്ഥാനാര്‍ഥിയെ വിജയിപ്പിക്കേണ്ടത് ജനങ്ങളാണെന്ന് മാത്രം.

അതുകൊണ്ട് രമ്യയെക്കുറിച്ചു ദീപ ടീച്ചര്‍ പരിതപിക്കേണ്ട,ആ കുട്ടി വിജയിച്ചു വന്നോളും.

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചരിത്രത്തില്‍ ആദ്യത്തേതോ രണ്ടാമത്തേതോ എന്ന കുതര്‍ക്കങ്ങള്‍ക്കല്ല പ്രാധാന്യം, ഇത്തവണത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്ന് ഒരു ദലിത് യുവതി ഉണ്ടായിരിക്കുക തന്നെ ചെയ്യും. കഴിവും അനുഭവവും ആത്മാര്‍ത്ഥതയുമുള്ള രമ്യ ഹരിദാസ് വിജയിക്കുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button