KeralaLatest NewsIndia

ഒരു മുൻ മന്ത്രി, രണ്ട് മുൻ എംഎൽഎമാർ, സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ: ഇന്ന് ബിജെപിയിൽ ചേരുന്നവരുടെ പട്ടികയിൽ പ്രമുഖർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ഇന്ന് പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ഇന്ന് രാവിലെ 11ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലായിരിക്കും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുകയെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ഏതൊക്കെ നേതാക്കളാണ് ബിജെപിയില്‍ ചേരുന്നതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണിപ്പോള്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാക്കള്‍ അറിയിക്കുന്നത്. തിരുവനന്തപുരം: എന്നാൽ, കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്നലെ രാത്രിയിൽ കേരളം സാക്ഷ്യം വഹിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും തിരക്കിട്ട അനുനയ നീക്കങ്ങൾക്ക്.

കോൺ​ഗ്രസ് വിട്ടുപോകാൻ സാധ്യതയുള്ള എല്ലാ നേതാക്കളുമായും മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ആശയവിനിമയം നടത്തി. കേരളത്തിൽ കോൺ​ഗ്രസിന് അനുകൂല സാഹചര്യമാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ കോൺ​ഗ്രസ് തകർപ്പൻ വിജയം നേടുമെന്നും ഇടഞ്ഞുനിൽക്കുന്ന നിൽക്കുന്ന നേതാക്കളെ ബോധ്യപ്പെടുത്തി ഒപ്പം നിർത്താനാണ് കോൺ​ഗ്രസ് ശ്രമം.ഒരു മുൻ മന്ത്രിയും രണ്ട് മുൻ എംഎൽഎയും സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷയും ഉൾപ്പെടെയുള്ളവരാണ് ഇന്ന് ബിജെപിയിൽ ചേരുക എന്നാണ് റിപ്പോർട്ട്.

2011-16 ഉമ്മൻ ചാണ്ടി സർക്കാരിൽ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണ് നേതൃത്വത്തിന്റെ അവ​ഗണനയിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് വിടാനൊരുങ്ങുന്നത്. ഈ കോൺഗ്രസ് നേതാവ് ബിജെപി പാളയത്തിൽ എത്തുകയാണെങ്കിൽ അദ്ദേഹത്തെ കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപി നീക്കം. അതോടൊപ്പം തന്നെ പദ്മജ വേണുഗോപാലിന് പിന്നാലെ കെ കരുണാകരനുമായി അടുത്ത ബന്ധമുള്ള ചില നേതാക്കളും ബിജെപിയിൽ പോയേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

തിരുവനന്തപുരത്തെ കർഷക കോൺഗ്രസിന്റെ പ്രമുഖ നേതാവും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ചില കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്ക് ചേക്കേറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഏഷ്യൻ ഗെയിംസ് മെഡൽജേതാവും കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് ഇന്ന് ബിജെപിയിൽ ചേരുമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയിൽ ചേരുന്നത്. താൻ ബിജെപിയിൽ ചേരുമെന്ന് പത്മിനി തോമസ് സ്ഥിരീകരിച്ചു എന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കുകയാണ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരളത്തിൽ 2019 ആവർത്തിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെ സംബന്ധിച്ച് ഇപ്പോഴുണ്ടാകുന്ന ഈ നീക്കം വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെ എത്തിക്കും. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായതോടെ മുൻ മന്ത്രിയെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം വലിയ ഇടപെടലുകൾ നടത്തുന്നുണ്ട്. എന്നാൽ നേതൃത്വത്തോട് ഇക്കാര്യം ചർച്ച ചെയ്യാൻ പോലും മുൻ മന്ത്രി തയ്യാറായിട്ടില്ലെന്നാണ് വിവരം.

സിപിഎമ്മിലേക്ക് നേതാക്കൾ പോയാലും ബിജെപിയിലേക്ക് പോകരുതെന്നും അത്തരമൊരു നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കോൺഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. ഭരണവിരുദ്ധ വികാരം കേരളത്തിൽ ശക്തമാണെന്നും അതുകൊണ്ട് തന്നെ കേരളത്തിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും നേതൃത്വം വിലയിരുത്തുന്നു. ഇത്തരമൊരു സാചര്യത്തിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോയാൽ അത് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നും നേതൃത്വം വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button