KeralaLatest NewsIndia

രാജ്യസുരക്ഷയ്ക്ക് യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല, കേരളത്തെ സംഘർഷങ്ങളുടെ നാടാക്കിയത് സിപിഎം- നിര്‍മലാ സീതാരാമന്‍

സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മേടിക്കാന്‍പോലും തയ്യാറായിരുന്നില്ല. റാഫേല്‍ യുദ്ധവിമാനം വേണമെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല.

തിരുവനന്തപുരം: രാജ്യസുരക്ഷയ്ക്കായി പത്ത് വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടും ചെറുവിരലനക്കിയില്ല. സൈന്യം എന്തിനും തയ്യാറായിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയും തീരുമാനവുമാണ് ഇല്ലാതിരുന്നത്. കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു നിര്‍മല. സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മേടിക്കാന്‍പോലും തയ്യാറായിരുന്നില്ല. റാഫേല്‍ യുദ്ധവിമാനം വേണമെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല. തോക്കുണ്ടായിട്ടും വെടിയുണ്ടകള്‍ ഇല്ലായിരുന്നു.

രാജ്യം കാക്കുന്ന സൈന്യത്തിന് ആത്മവിശ്വാസം നല്‍കുന്ന ഒന്നും ചെയ്യാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞില്ല. അന്നത്തെ പ്രതിരോധമന്ത്രി മലയാളിയായിരുന്നു. മുതിര്‍ന്ന നേതാവായിരുന്നതിനാല്‍ വ്യക്തിപരമായി അദ്ദേഹത്തെ വിമര്‍ശിക്കുന്നില്ല, നിര്‍മല പറഞ്ഞു.പുല്‍വാമയില്‍ സൈനികരുടെ ജീവനെടുത്തവര്‍ക്കുനേരെ ശക്തമായ തിരിച്ചടി നല്‍കാന്‍ നമുക്കായി. പാക്കിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ച്ചെന്ന് ഭീകരതാവളം തകര്‍ത്തു. ഒരു ലോകരാഷ്ട്രവും ഇന്ത്യന്‍ നടപടിയെ എതിര്‍ത്തില്ല.

മാത്രമല്ല, എല്ലാവരും പിന്തുണയ്ക്കുകയും ചെയ്തു.നരേന്ദ്രമോദിയെ എല്ലാ രാജ്യങ്ങളും പുകഴ്ത്തി. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി നടത്തിയ വിദേശയാത്രകളിലൂടെ ഉണ്ടാക്കിയെടുത്ത ബന്ധത്തിന്റെ ഫലമായിരുന്നു അത്.പ്രധാനമന്ത്രിയുടെ വിദേശയാത്രകളെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണിത്. എന്നാല്‍ നാട്ടില്‍ ചിലര്‍ പാക് പ്രധാനമന്ത്രിക്ക് നോബല്‍ സമ്മാനം കൊടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഒരു സൈനികനെ തിരിച്ചുനല്‍കി എന്നതിന്റെ പേരിലാണിത്. 1971ല്‍ ആയിരക്കണക്കിന് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യ തിരിച്ചുനല്‍കിയപ്പോള്‍ അന്നത്തെപ്രധാനമന്ത്രിക്ക് സമ്മാനം നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ല എന്നത് ഓര്‍ക്കണം.

പിടിയിലായ ഭാരതീയ സൈനികനെ അന്താരാഷ്ട്ര വ്യവസ്ഥയനുസരിച്ച്‌ തിരിച്ചുനല്‍കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു, നിര്‍മല പറഞ്ഞു. സിപിഎമ്മിനെതിരെയും നിർമ്മല വിമർശനം ഉന്നയിച്ചു.കേരളത്തെ സംഘർഷങ്ങളുടെ നാടാക്കി സിപിഎം മാറ്റിയെടുക്കുകയായിരുന്നു. കേവലം റിമോർട് കൺട്രോളിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി അല്ല നരേന്ദ്രമോദി. മറിച്ച് നാടിനും നാട്ടാർക്കും എന്ത് വേണം എന്ന് കണ്ട് അറിഞ്ഞ് പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.മോദി സർക്കാർ കേരളത്തോട് ഒരിക്കലും പക്ഷപാതം കാണിച്ചിട്ടില്ല.

ആപത്ത് ഘട്ടങ്ങളിൽ എല്ലാം കേന്ദ്ര സർക്കാർ കേരളത്തോടൊപ്പം നിന്നു. കുമ്മനം രാജശേഖരന് വേണ്ടി മാത്രമല്ല മറിച്ച് മോദി സർക്കാരിന് കൂടി വേണ്ടി കുമ്മനത്തിന് വോട്ട് ചെയ്യണമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.വൻ ഭൂരിപക്ഷത്തോടെ മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും .2019 ൽ നരേന്ദ്ര മോദി തിരിച്ചെത്തണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച സർക്കാരിനെ ജനങ്ങൾ തിരികെ എത്തിക്കും .കള്ളരേഖകളും കള്ളപ്പേപ്പറുകളും ഉയര്‍ത്തിക്കാട്ടി വ്യാജ ആരോപണങ്ങള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് ഉന്നയിക്കുകയാണ്. നിലവിലുള്ള 44 സീറ്റെങ്കിലും നിലനിര്‍ത്താനുള്ള വെപ്രാളമാണ് ഇതിന് കാരണം. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് അക്രമരാഷ്ട്രീയം ചര്‍ച്ചാവിഷയമാകും. സിപിഎം അക്രമത്തെക്കുറിച്ച്‌ പറയുമ്ബോള്‍ ആര്‍എസ്‌എസ് ബിജെപി അക്രമത്തെ ഒപ്പം ചേര്‍ക്കുന്നത് കാപട്യമാണ്. ബിജെപി ഭരിക്കുന്നിടത്തോ ശക്തിയുള്ളിടത്തോ കൊലപാതക രാഷ്ട്രീയമില്ല. കേരളത്തില്‍ ബിജെപി അക്രമരാഷ്ട്രീയം കാണിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ ആരോപണമുന്നയിച്ച്‌ പുകമറ സൃഷ്ടിക്കുകയല്ല, നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button