KeralaLatest News

രാഹുലിന്റെ വാഗ്ദാനം ഉഡായിപ്പ് – മന്ത്രി ഡോ. തോമസ്‌ ഐസക് 

വർഷം തോറും പാവങ്ങൾക്ക് പ്രതിവർഷം 72000 രൂപ വീതം നല്‍കുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം ഉഡായിപ്പാണെന്ന് ധനമന്ത്രി ഡോ. തോമസ്‌ ഐസക്. തിരഞ്ഞെടുപ്പിനെ നേരിടാൻ ഉഡായിപ്പു തന്ത്രങ്ങളുമായി ഇറങ്ങുകയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും. നാട്ടിലെ പാവങ്ങൾക്ക് ഏതു രൂപത്തിലായാലും സഹായം നൽകുന്നത് സ്വാഗതാർഹമാണ്. എന്നാൽ അപ്രായോഗികമായ വാഗ്ദാനങ്ങൾ നൽകി അവരെ വഞ്ചിക്കരുത്. മോദിയുടെ പതിനഞ്ചു ലക്ഷം പോലൊരു തട്ടിപ്പാണ് പാവങ്ങൾക്ക് വർഷം തോറും 72000 രൂപ സഹായധനം നൽകുമെന്ന കോൺഗ്രസിന്റെ വാഗ്ദാനമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മന്ത്രി ഡോ. തോമസ്‌ ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

തിരഞ്ഞെടുപ്പിനെ നേരിടാൻ ഉഡായിപ്പു തന്ത്രങ്ങളുമായി ഇറങ്ങുകയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും. വർഷം തോറും പാവങ്ങൾക്ക് പ്രതിവർഷം 72000 രൂപ വീതം നൽകുമത്രേ. നാട്ടിലെ പാവങ്ങൾക്ക് ഏതു രൂപത്തിലായാലും സഹായം നൽകുന്നത് സ്വാഗതാർഹമാണ്. എന്നാൽ അപ്രായോഗികമായ വാഗ്ദാനങ്ങൾ നൽകി അവരെ വഞ്ചിക്കരുത്. മോദിയുടെ പതിനഞ്ചു ലക്ഷം പോലൊരു തട്ടിപ്പാണ് പാവങ്ങൾക്ക് വർഷം തോറും 72000 രൂപ സഹായധനം നൽകുമെന്ന കോൺഗ്രസിന്റെ വാഗ്ദാനം.

72000 രൂപ വിതരണം ചെയ്യുന്ന പദ്ധതിയുടെ ധനസ്രോതസ് ഏതാണ്? ലോകപ്രശസ്ത ധനതത്ത്വശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയെപ്പോലുള്ളവരുമായി ചർച്ച ചെയ്താണ് പദ്ധതിയ്ക്ക് രൂപ നൽകിയത് എന്നൊക്കെയാണ് രാഹുൽ ഗാന്ധിയുടെ അവകാശവാദം. പിക്കറ്റിയെപ്പോലുള്ളവർ സമ്പന്നരിൽ നിന്ന് വലിയതോതിൽ നികുതി ഈടാക്കി ദരിദ്രർക്കു കൈമാറണം എന്ന വാദമാണ് മുന്നോട്ടു വെയ്ക്കുന്നത്. ഇത്തരത്തിൽ സമ്പന്നരുടെ മേൽ നികുതി ചുമത്താൻ കോൺഗ്രസ് തയ്യാറാണോ?

സമ്പന്നർ ഉപയോഗിക്കുന്ന ആഡംബര വസ്തുക്കളുടെ മേൽ ശരാശരി ഉണ്ടായിരുന്ന 40 ശതമാനം നികുതി 28 ശതമാനം ആയി കുറച്ചത് ഇനിയും 18 ശതമാനമായി കുറയ്ക്കണമെന്നാണല്ലോ രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്. കോൺഗ്രസ് ഉണ്ടാക്കിയ ധനഉത്തരവാദിത്ത നിയമപ്രകാരം ധനക്കമ്മി 3 ശതമാനം അധികരിക്കാൻ പാടില്ല. ആഗോള സാമ്പത്തികക്കുഴപ്പത്തിന്റെ കാലത്തെ ധനക്കമ്മിയിലേയ്ക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുപോയാൽ ഉണ്ടാകാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാൻ കോൺഗ്രസ് തയ്യാറുണ്ടോ?

2016-17ലെ കേന്ദ്ര ഇക്കണോമിക് സർവെയിൽ കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം സാർവത്രിക അടിസ്ഥാന വരുമാന ഉറപ്പു പദ്ധതിയെക്കുറിച്ച് പ്രത്യേക അധ്യായം തന്നെ എഴുതിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങളിൽത്തട്ടി അതു നടപ്പായില്ല. ഈ പദ്ധതിയുടെ അവസാന പരിണാമരൂപമാണ് മോദി പ്രഖ്യാപിച്ച കൃഷിക്കാർക്കുള്ള 6000 രൂപ സഹായം.

എന്നാൽ ഇതുപോലും നടപ്പിലാക്കാനുള്ള സാമ്പത്തികസ്ഥിതിയിലല്ല കേന്ദ്രസർക്കാർ. അതുകൊണ്ട് രണ്ടോ മൂന്നോ കോടി ആളുകൾക്ക് രണ്ടായിരം രൂപ വെച്ച് വിതരണം ചെയ്ത് കേന്ദ്രസർക്കാർ തടി കഴിച്ചിലാക്കി. ഇതുപോലൊന്നല്ല കോൺഗ്രസ് വിഭാവനം ചെയ്യുന്ന പദ്ധതിയെന്ന് രാജ്യത്തെ ജനങ്ങളെ ധരിപ്പിക്കേണ്ടതിൻ്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധിയ്ക്കുണ്ട്.

അടിസ്ഥാന വരുമാന ഉറപ്പു പദ്ധതിയുടെ ആദർശം ദാരിദ്ര്യനിർമ്മാർജനത്തിന് അടിസ്ഥാന വരുമാനം ഉറപ്പു നൽകിയാൽ മതി, പ്രത്യേക സ്കീമുകൾ ആവശ്യമില്ല എന്നാണ്. ദരിദ്രർ അവരുടെ വരുമാനം ഏറ്റവും ഉചിതമായി ചെലവഴിച്ച് ദാരിദ്ര്യത്തിൽ നിന്ന് കരകയറുമെന്നാണ്. ഇത്തരത്തിൽ നിലവിലുള്ള ദാരിദ്ര്യനിർമ്മാർജന പദ്ധതികൾക്കു പകരമാണോ പുതിയ സ്കീം എന്നാണ് ചോദ്യം.

ഇനി, വർഷം 72000 രൂപ വരുമാനമില്ലാത്തവരെ എങ്ങനെ കണ്ടെത്തും? അതിനാവശ്യമായ ഡാറ്റാബേസ് എവിടെയുണ്ട്? 72000 രൂപ തികയുന്നില്ലെങ്കിൽ വിടവു നികത്തുമെന്നാണ് വാഗ്ദാനം. ഈക്കൂട്ടരെയും എങ്ങനെ കണ്ടെത്തും. സർവെ നടത്തി കണ്ടെത്താമെന്നു വെച്ചാൽ അതിനെത്ര കാലമെടുക്കും?

ഈ സാഹചര്യത്തിലാണ് ദാരിദ്യ നിർമ്മാർജനത്തിൽ കേരളം തെരഞ്ഞെടുത്ത പദ്ധതി അഭികാമ്യമാകുന്നത്. ഭൂപരിഷ്കരണം, വേതന വർദ്ധന, സൌജന്യവും സാർവത്രികവുമായ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും കുടുംബശ്രീ തുടങ്ങിയ സ്കീമുകൾ എന്നിവയൊക്കെ ചേർന്നപ്പോഴാണ് ഒക്കെച്ചേർന്നപ്പോഴാണ് കേരളം ഇന്ത്യയിൽ ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനമായി മാറിയത്.

ഈ മാതൃക പിൻപറ്റാൻ രാഹുൽ ഗാന്ധിയും കോൺഗ്രസും തയ്യാറുണ്ടോ? നിലവിലുള്ള സ്കീമുകൾ റദ്ദാക്കുന്നില്ലെങ്കിൽ 72000 രൂപ വിതരണം ചെയ്യുന്ന പദ്ധതിയ്ക്കാവശ്യമായ 5.3 ലക്ഷം കോടി രൂപ പ്രത്യേകമായി കണ്ടെത്തിയേ തീരൂ. ഇതെവിടെ നിന്നു കണ്ടെത്തും? ഉത്തരം പറയേണ്ടത് രാഹുൽ ഗാന്ധിയും കോൺഗ്രസുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button