Latest NewsKerala

സംസ്ഥാനത്തിന് സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതുമായി സംബന്ധിച്ച യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തിന് സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗം ഇന്നു ചേരും. തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന യോഗത്തില്‍ ധനവകുപ്പ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, വ്യോമസേന പ്രതിനിധി, പൊതുഭരണ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതുമായി സംബന്ധിച്ചുള്ള സാമ്പത്തിക വിനിയോഗം കണക്കാക്കാന്‍ ധനവകുപ്പ് സെക്രട്ടറിയെയും വ്യോമസേന പ്രതിനിധിയെയും കഴിഞ്ഞ യോഗത്തില്‍ ചുമതലപ്പെടുത്തിയിരുന്നു. സ്വകാര്യ കമ്പനിയില്‍ നിന്ന് പത്തു പേര്‍ക്ക് യാത്ര ചെയ്യാനുള്ള ഹെലികോപ്റ്റര്‍ വാടയ്‌ക്കെടുക്കാനാണ് തീരുമാനം. പോലീസിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വിഐപികളുടെ യാത്രക്കുമാണ് ഹെലികോപ്റ്റര്‍ വാടയ്‌ക്കെടുക്കുന്നത്.

ഇടയ്ക്കിടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രകള്‍ ഉണ്ടാക്കിയ വിവാദങ്ങളാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റര്‍ എന്നതിലേയ്ക്ക് വഴിവച്ചത്. തൃശൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വലിയ വിവാദമായിരുന്നു. അതേസമയം വി എസ് സര്‍ക്കാരിന്റെ കാലത്ത് തള്ളികളഞ്ഞ ശുപാര്‍ശയാണ് പിണറായി സര്‍ക്കാര്‍ വീണ്ടും സജീവമാക്കുന്നത്. മാവോയിസ്റ്റ് വിരുദ്ധപോരാട്ടത്തിനും പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ അടിയന്തര സേവനങ്ങളെത്തിക്കാനും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുകയോ വാങ്ങുകയോ ചെയ്യണമെന്നായിരുന്നു ഡിജിപിയുടെ ശുപാര്‍ശ.

എപ്പോള്‍ ആവശ്യപ്പെട്ടാലും കരാര്‍ പ്രകാരമുളള മണിക്കൂറുകള്‍ ഹെലികോപ്റ്റര്‍ പറത്താന്‍ കമ്പനികള്‍ തയ്യാറണമെന്നാകും വ്യവസ്ഥ. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തപ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകള്‍ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിക്കും. അതേസമയം ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ലെങ്കിലും പ്രതിമാസം കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button