Devotional

സകല ദുരിതങ്ങളും ശമിപ്പിക്കാന്‍ പഴനി-മുരുക ദര്‍ശനം

ദ്രാവിഡദൈവവും ശിവ-പാര്‍വതിമാരുടെ പുത്രനുമായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്ടിലെ പഴനിയിലുള്ള പഴനി മുരുകന്‍ ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നില്‍ക്കുന്ന ശ്രീ മുരുകന്റെ പ്രതിഷ്ഠയായതിനാല്‍ ‘ദണ്ഡായുധപാണിക്ഷേത്രം’ എന്ന് അറിയപ്പെടുന്നു. ‘പഴനി ആണ്ടവന്‍’ എന്ന പേരില്‍ ഇവിടുത്തെ ഭഗവാന്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ പ്രസിദ്ധനാണ്. അറിവിന്റെ പഴമെന്ന അര്‍ഥമുള്ള ‘ജ്ഞാനപ്പഴമെന്ന’ വാക്കില്‍ നിന്നാണ് ‘പഴനി’ എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. സുബ്രഹ്മണ്യനെയാണ് ജ്ഞാനപ്പഴമായി കണക്കാക്കുന്നത്. പാലക്കാട് നിന്നും പൊള്ളാച്ചി വഴി 67 കിലോമീറ്ററും എറണാകുളം ഭാഗത്ത് നിന്ന് ചാലക്കുടി-വാല്‍പ്പാറ അല്ലെങ്കില്‍ മൂന്നാര്‍ വഴി 200 കിലോമീറ്ററും തൃശ്ശൂര്‍ നിന്നും വടക്കഞ്ചേരി-നെന്മാറ-കൊല്ലങ്കോട്-പൊള്ളാച്ചി വഴി 180 കിലോമീറ്ററും കോട്ടയത്ത് നിന്നും കമ്പം-തേനി വഴി 294 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്ന ‘പഴനി’ എന്ന നഗരത്തിലുള്ള മലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

മലയുടെ താഴെ ശ്രീ മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ക്ഷേത്രങ്ങളില്‍ ഒന്നായ തിരു-ആവിനാന്‍-കുടി സ്ഥിതി ചെയ്യുന്നു. പരബ്രഹ്മസ്വരൂപനായ സുബ്രഹ്മണ്യന്റെ ആറു മുഖങ്ങളുള്ള ഷണ്മുഖന്‍ എന്ന പ്രതിഷ്ഠയാണിവിടെ. നവപാഷാണങ്ങള്‍ എന്ന ഒന്‍പതു സിദ്ധ ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ പ്രത്യേക ഔഷധക്കൂട്ടാണ് പഴനി മുരുകന്റെ പ്രതിഷ്ഠ നിര്‍മ്മിക്കാന്‍ ഭോഗമഹര്‍ഷി ഉപയോഗിച്ചത് . അതിനാല്‍ ഈ പ്രതിഷ്ഠയില്‍ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതം, ചന്ദനം എന്നിവ സര്‍വരോഗശമനിയായി ഭക്തര്‍ കരുതുന്നു. ഭഗവാനെ രാജകീയ രൂപത്തില്‍ അണിയിച്ചൊരുക്കുന്ന വൈകുന്നേരത്തെ ‘രാജാലങ്കാര പൂജ'(സായരക്ഷ) തൊഴുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം.

‘കാവടി’ എടുക്കുന്നതും തലമുടി കളയുന്നതും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. ഞാനെന്ന അഹംഭാവം ഉപേക്ഷിച്ചു ജഗദീശ്വരനോട് താദാത്മ്യം പ്രാപിക്കുന്നു എന്നതിന്റെ പ്രതീകമായാണ് തല മുണ്ഡനം ചെയ്യുന്നത്. പഞ്ചാമൃതവും, വിഭൂതിയുമാണ് (ഭസ്മം) പ്രസാദം. തൈമാസത്തില്‍ (Jan15- Feb 15) ധാരാളം ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്തുന്നു. തൈ മാസത്തിലെ പൗര്‍ണമി ദിവസമായ ‘തൈപ്പൂയമാണ്’ പ്രധാന ഉത്സവം. അന്നേ ദിവസം ഭക്തരുടെ കാവടിയാട്ടവും ഭഗവാന്റെ തങ്കരഥത്തിലുള്ള എഴുന്നള്ളത്തും നടക്കുന്നു. നവപാഷാണരൂപിയായ പഴനി മുരുകനെ ദര്‍ശിക്കുന്നത് സകല ദുരിതങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.

shortlink

Post Your Comments


Back to top button