KeralaLatest NewsNewsIndia

ക്ഷേത്ര ആചാരങ്ങളിലും മൂർത്തികളിലും വിശ്വാസം ഇല്ലാത്തവർ എന്തിന് ക്ഷേത്രത്തിന്റെ ഉള്ളിൽ കടക്കണം? : അഞ്‍ജു പാർവതി

ചെന്നൈ: തമിഴ്‌നാട്ടിലെ ഹിന്ദു ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് കൊടിമരത്തിനപ്പുറം പ്രവേശനം വിലക്കിക്കൊണ്ടുള്ള വിധി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എസ്. ശ്രീമതിയാണ് വിധി പ്രഖ്യാപിച്ചത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഴനി ക്ഷേത്ര ഭക്തരുടെ സംഘടനാ തലവനായ ഡി. സെന്തില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പിന്നാലെ വിധിക്കെതിരെ ഇടത് സൈബർ അനുകൂലികൾ രംഗത്തെത്തി. ഇടതുപക്ഷ യൂടൂബ് ചാനലായ കറുപ്പർകൂട്ടം, ഹൈന്ദവദേവനായ മുരുകന്റെ പ്രശസ്തമായ തമിഴ് സ്തുതി സ്കന്ദഷഷ്ടി കവചത്തെ മോശമാക്കി അവതരിപ്പിച്ചപ്പോൾ അന്ന് കനത്ത നിശബ്ദത പാലിച്ചവർ ഇന്ന് പഴനിമല മുരുകന്റെ ദർശന സായൂജ്യം അഹിന്ദുക്കൾക്ക് മൊത്തം അടങ്കൽ വാങ്ങി കൊടുക്കാൻ പരക്കം പായുകയാണെന്ന് പരിഹസിച്ച് എഴുത്തുകാരി അഞ്‍ജു പാർവതി രംഗത്ത്.

ആരാധനാലയങ്ങൾ എല്ലാം വിശ്വാസികൾക്ക് മാത്രം പ്രവേശിക്കാനുള്ള തീർത്ഥാടന ഇടങ്ങളാണെന്നും, അല്ലാതെ പിക്നിക് സ്‌പോട്ടുകൾ അല്ലെന്നും അഞ്‍ജു ഓർമിപ്പിക്കുന്നു. ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അർഹതയുള്ളത് സ്വമനസ്സ് കൊണ്ട് അതാത് ആചാരങ്ങൾ പാലിച്ചു പോകാൻ തയ്യാറായിട്ടുള്ള വിശ്വാസികൾക്ക് മാത്രമാണെന്നിരിക്കെ, പഴനി ക്ഷേത്രവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ വിധി വന്നപ്പോൾ ഇത്രയ്ക്ക് അത്ഭുതം കൂറേണ്ട എന്ത്‌ കാര്യമാണ് പ്രബുദ്ധർക്ക് ഉള്ളത് എന്നത് മനസ്സിലാവുന്നതേയില്ലെന്ന് അഞ്‍ജു ഫേസ്‌ബുക്കിൽ കുറിച്ചു.

അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇടതുപക്ഷ യൂടൂബ് ചാനലായ കറുപ്പർകൂട്ടം, ഹൈന്ദവദേവനായ ശ്രീ. മുരുകന്റെ പ്രശസ്തമായ തമിഴ് സ്തുതി സ്കന്ദഷഷ്ടി കവചത്തെ മോശമാക്കി അവതരിപ്പിച്ചപ്പോൾ അന്ന് കനത്ത നിശബ്ദത പാലിച്ചവർ ഒക്കെ ഇന്നും ഇന്നലെയുമായി പഴനിമല മുരുകന്റെ ദർശന സായൂജ്യം അഹിന്ദുക്കൾക്ക് മൊത്തം അടങ്കൽ വാങ്ങി കൊടുക്കാൻ പരക്കം പായുകയാണ്.

ആരാധനാലയങ്ങൾ എല്ലാം തന്നെ വിശ്വാസികൾക്ക് മാത്രം പ്രവേശിക്കാനുള്ള തീർത്ഥാടന ഇടങ്ങളാണ്, അല്ലാതെ പിക്നിക് സ്‌പോട്ടുകൾ അല്ല. ഹൈന്ദവ ക്ഷേത്രങ്ങൾ ആവട്ടെ അതാത് പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആചാരങ്ങൾ പാലിക്കപ്പെട്ടു പോകേണ്ട ഇടങ്ങളും. അവിടെ പ്രവേശിക്കാൻ അർഹതയുള്ളത് സ്വമനസ്സ് കൊണ്ട് അതാത് ആചാരങ്ങൾ പാലിച്ചു പോകാൻ തയ്യാറായിട്ടുള്ള വിശ്വാസികൾക്ക് മാത്രവും. അവരിൽ ഹിന്ദുക്കളും അഹിന്ദുക്കളും ഉൾപ്പെടുന്നു. പഴനി ക്ഷേത്രവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ വിധി വന്നപ്പോൾ ഇത്രയ്ക്ക് അത്ഭുതം കൂറേണ്ട എന്ത്‌ കാര്യമാണ് പ്രബുദ്ധർക്ക് ഉള്ളത് എന്നത് മനസ്സിലാവുന്നതേയില്ല.

അഹിന്ദുക്കൾ ശ്രീകോവിലിൽ പ്രവേശിക്കരുത് എന്ന് ഹൈക്കോടതി വിലക്കിയേ എന്ന് കരയുന്ന ഒരുപാട് പേരെ ഇന്നലെയും ഇന്നും സോഷ്യൽ മീഡിയയിൽ കണ്ടു. അഹിന്ദുക്കൾ ആരും തന്നെ അകത്ത് പ്രവേശിക്കരുത് എന്ന് കോടതി വിലക്കിയിട്ടില്ല. മറിച്ച് അഹിന്ദുക്കൾ ആരെങ്കിലും ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഹിന്ദുമതത്തിലും ആചാരങ്ങളിലും ക്ഷേത്രദൈവങ്ങളിലും വിശ്വസിക്കുന്നു എന്ന് രേഖാമൂലം ഉറപ്പ് വാങ്ങണമെന്നാണ് ജഡ്ജി ഉത്തരവിട്ടത്. അതിൽ എന്താണ് തെറ്റ്? അത് തന്നെയല്ലേ അതിന്റെ ശരി. ക്ഷേത്ര ആചാരങ്ങളിലും മൂർത്തികളിലും വിശ്വാസം ഇല്ലാത്ത ഒരു ഇതര മതസ്ഥൻ എന്തിന് ക്ഷേത്രത്തിന്റെ ഉള്ളിൽ കടക്കണം?

കേവലം ആകർഷണം കൊണ്ട് ഒരു സ്ഥലത്ത് പോകുന്നത് പിക്നിക്. മറിച്ച് വിശ്വാസം കൊണ്ട് ഒരു മൂർത്തിയെ ദർശിക്കുവാൻ സന്ദർശിക്കുവാൻ പോകുന്നത് തീർത്ഥാടനം. അവിശ്വാസിയായ ഒരു ഹിന്ദു തിരുനടയ്ക്ക് മുന്നിൽ ഭഗവാനെ കൈകൂപ്പാതെ നില്ക്കുന്നതിനേക്കാൾ ഭഗവാനിഷ്ടം വിശ്വാസിയായ ഒരു അഹിന്ദു ഭക്ത്യാദരപൂർവ്വം തന്നെ ദർശിക്കുന്നതാണ് .ജന്മം കൊണ്ട് ഹിന്ദുവായ അവിശ്വാസിയാവുന്നതിനേക്കാൾ നൂറ് കോടി പുണ്യം ലഭിക്കുക കർമ്മം കൊണ്ട് ഭക്തനായ അഹിന്ദു ആവുന്നതിലാണ്. അങ്ങനെ ഭക്തിയുള്ള ഒരു അഹിന്ദു ഉണ്ടെങ്കിൽ അയാൾക്ക് സത്യവാങ്മൂലം സമർപ്പിക്കുവാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നത് യാഥാർഥ്യം. സത്യവാങ്മൂലം എഴുതാൻ മടി ഉണ്ടെങ്കിൽ അതിനർത്ഥം അയാൾക്ക് ആ മൂർത്തിയോട് ഉള്ളത് വിശ്വാസം അല്ല, മറിച്ച് ഒരു ആകർഷണം മാത്രം എന്നതാണ്.

ഏതൊരു അമ്പലത്തിലും അവിടുത്തെ ദേവനിലോ ദേവിയിലോ അചഞ്ചല ഭക്തിയും വിശ്വാസവുമുള്ള ഏതൊരാൾക്കും ക്ഷേത്രാചാരം പാലിക്കുമെങ്കിൽ ഭഗവത് സന്നിധിയിൽ എത്തപ്പെടാൻ കഴിയണം. അവിശ്വാസിയായ ഒരാൾ മതം നല്കുന്ന പ്രിവിലേജ് കൊണ്ട് വെറുതെ ഭഗവാനെ കണ്ട് പിക്നിക് മൂഡ് ഉണ്ടാക്കുന്നതിനേക്കാൾ നല്ലതാണ് വിശ്വാസിയായ അന്യമതത്തിലെ ഭക്തൻ ഭഗവാനെ ദർശിച്ച് സായൂജ്യം നേടുന്നത് എന്നത് മറക്കുന്നില്ല. പക്ഷേ മദ്രാസ് ഹൈക്കോടതി അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിച്ചേ, ഫാസിസം കാണിച്ചേ, എന്നൊക്കെ അലമുറ ഇടുന്നവർ പറയാതെ മാറ്റിവച്ച ഒരു കാര്യം, അതും ജഡ്ജി പ്രാധാന്യത്തോടെ പറഞ്ഞ ഒരു കാര്യം കൂടി പൊതുസമൂഹം ചർച്ച ചെയ്യണം. അത് എന്തെന്നല്ലേ? ബൃഹദീശ്വര ക്ഷേത്രത്തിൽ അന്യമതത്തിൽപ്പെട്ട ഒരു സംഘം ആളുകൾ ക്ഷേത്രപരിസരത്ത് മാംസാഹാരം കഴിച്ചതായ റിപ്പോർട്ടുകളും,
മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ ഇതര മതത്തിൽപ്പെട്ടവർ അവരുടെ പുണ്യഗ്രന്ഥവുമായി ശ്രീകോവിലിനു സമീപം പ്രവേശിച്ച് പ്രാർത്ഥന നടത്താൻ ശ്രമിച്ചതും ചൂണ്ടികാട്ടിയ ജഡ്ജി ഈ സംഭവങ്ങൾ ഹിന്ദുക്കൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഇനി പറയൂ പ്രബുദ്ധരേ, ബൃഹദീശ്വര ക്ഷേത്രത്തിലെ മൂർത്തിയെ കാണുവാൻ മാംസ ഭക്ഷണം കഴിച്ചേ അകത്ത് കയറു എന്ന് ഇതര മതസ്ഥർ ശഠിക്കുന്നത് വിശ്വാസമാണോ അതോ മതനിന്ദ എന്ന അജണ്ട ആണോ? മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ ഇതര മതത്തിൽപ്പെട്ടവർ അവരുടെ പുണ്യഗ്രന്ഥവുമായി ശ്രീകോവിലിനു സമീപം പ്രവേശിച്ച് അവരുടെ മത പ്രാർത്ഥന നടത്തുന്നത് മീനാക്ഷി ദേവിയോടുള്ള ഭക്തിയോ അതോ മതനിന്ദ എന്ന അജണ്ടയോ?
തമിഴ് ജനതയെ അവരുടെ സാംസ്‌കാരികത പഠിപ്പിക്കണ്ട ആവശ്യമില്ല. ഹൈന്ദവ വിശ്വാസങ്ങളിൽ മാത്രം ഇടപ്പെടുന്ന പുരോഗമനമെന്ന അലക്കിപിഞ്ചിയ വാക്കിനെ ചവറ്റുകൊട്ടയിലിടാൻ തമിഴ്ജനതയ്ക്കറിയാം. അവരത് “ഷഷ്ഠിയെ നോക്ക ശരവണ ഭവന “യെന്നു പാടി തെരുവുകൾ തോറും കറുപ്പർക്കൂട്ടത്തെ ഒരിക്കൽ കാണിച്ചു കൊടുത്തതാണ്. മുപ്പത്തിരുപാൽ മുനവേൽ കാക്ക
സെപ്പിയ നാവൈ സെവ്വേൽ കാക്ക
കന്നം ഇരണ്ടും കതിർവേൽ കാക്ക
എന്നിലന കഴുത്തൈ ഇനിവേൽ കാക്ക മാർവ്വൈ ഇരത്തന വടിവേൽ കാക്ക സെരില മുലൈമാർ തിരുവേൽ കാക്ക എന്നീ വരികളിൽ നാവും കന്നവും കഴുത്തും ഒന്നും വിമർശിക്കാൻ തോന്നാതെ മുലകളിൽ മാത്രം അശ്ലീലം കണ്ടെത്തിയവന്മാരുടെ മനസ്സിലെ അശ്ലീലത്തെ തെരുവ് തോറും അസ്സലായി നേരിട്ട് കണ്ടം വഴി ഓടിച്ചു വിട്ടതുമാണ്. അതിനാൽ ഈ വിധി ഒന്നും അവിടെ ഒരു ചർച്ച പോലും ആവില്ല വിശ്വാസി സമൂഹത്തിന്റെ ഇടയിൽ.
അയോദ്ധ്യയ്ക്ക് മേലെയുള്ള കുതിരകയറ്റം കഴിഞ്ഞു മല്ലു പൊക ടീമുകൾ ഇനിയെന്ത് എന്ന് കരുതി ഇരുന്നപ്പോൾ ദേ വന്നു പഴനി!! ഇനി കുറേ ദിവസത്തേയ്ക്ക് അവിടെയ്ക്ക് ഉള്ള പൊളിറ്റിക്കൽ കറക്ട്നെസ്സ് കാവടിയാട്ടം സോഷ്യൽ മീഡിയയിൽ കാണാം.
സഭൈ തന്നില്‍, തിരു സഭൈ തന്നില്‍ ഉരുവാകി
ഉലകോര്‍ക്കു പൊരുള്‍ കൂറും
പഴനീയപ്പാ, ജ്ഞാനപ്പഴനീയപ്പാ,
തമിഴ്ജ്ഞാനപ്പഴനീയപ്പാ.!!!
രണ്ടായിരം വര്‍ഷം മുമ്പത്തെ മഹാകവയത്രിയായ അവ്വയാറിന്റെ വരികൾ മനസ്സിൽ അലയടിക്കുന്നു. കെ ബി സുന്ദരാംബളിന്റെ ശബ്ദത്തിലാണ് നമ്മള്‍ അവ്വയാറിനെ കേട്ടത്. ലോകം ചുറ്റിവന്നിട്ടും ജ്ഞാനപ്പഴം കിട്ടാതെ വന്ന് നിരാശാഭരിതനായ ബാലമുരുകന്‍ അതേ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവ്വയാര്‍ പാടിയ വരികളാണിത്. പഴം നീയപ്പാ, ജ്ഞാനപ്പഴം നീയപ്പാ…സ്വയം ജ്ഞാനമായിരിക്കുന്ന ബാലകൻ തന്നെ ജ്ഞാനപ്പഴത്തിന് വേണ്ടി നിരാശപ്പെടുകയോ?
ജ്ഞാനപ്പഴം തന്നെയായ ശ്രീമുരുകാ, കറുപ്പർസ്വാമികൂട്ടത്തിന്റെ അജ്ഞതയുടെ ഇരുൾ മാറ്റിയത് പോലെ ഇവിടുത്തെ കറുപ്പ് പേടിയായ തിരുവടി അണികളുടെ അജ്ഞത നീ തന്നെ മാറ്റുക പ്രഭോ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button