Latest NewsIndia

‘ഹാർദ്ദിക്‌ പട്ടേൽ പ്രത്യേക സമുദായങ്ങളെ പ്രകോപിപ്പിക്കുന്നു’, കോടതിയിൽ സർക്കാർ

ഗുജറാത്തില്‍ 2015 ല്‍ നടന്ന പട്ടിദാര്‍ സംവരണ പ്രക്ഷോഭ കാലത്തെ കേസില്‍ 2018 ജൂലൈയില്‍ ഹര്‍ദ്ദിക് പട്ടേലിനെ വിസ്‌നഗര്‍ സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു.

അഹമ്മദാബാദ്: വിസ്‌നഗര്‍ കലാപ കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍.തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്ന ഹര്‍ദ്ദിക്കിന്റെ ആവശ്യത്തെ എതിര്‍ത്ത സര്‍ക്കാര്‍ അദ്ദേഹത്തിന് ചില പ്രത്യക സമുദായങ്ങളെ പ്രകോപിപ്പിക്കുന്നതില്‍ താത്പര്യം ഉണ്ടായിരുന്നുവെന്നും കുറ്റപ്പെടുത്തി. ഗുജറാത്തില്‍ 2015 ല്‍ നടന്ന പട്ടിദാര്‍ സംവരണ പ്രക്ഷോഭ കാലത്തെ കേസില്‍ 2018 ജൂലൈയില്‍ ഹര്‍ദ്ദിക് പട്ടേലിനെ വിസ്‌നഗര്‍ സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു.

പട്ടിദാര്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കലാപത്തിന് നേതൃത്വം നല്‍കിയ കേസുകളില്‍ രണ്ട് വര്‍ഷത്തേക്കാണ് ഹര്‍ദ്ദിക് പട്ടേലിനെ വിസ്‌നഗര്‍ കോടതി ശിക്ഷിച്ചത്. ഹര്‍ദ്ദിക് നിയമത്തിന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും, ഏത് വേദിയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചാലും സമൂഹത്തിലെ സമാധാനം തകര്‍ക്കുന്ന വിധത്തിലാണ് അദ്ദേഹം സംസാരിക്കുകയെന്നും ഇത് പിന്നീട് ക്രമസമാധാന പ്രശ്നമായി മാറുന്നുവെന്നും പബ്ലിക് പ്രൊസിക്യുട്ടര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ വ്യക്തമായ തെളിവുകളില്ലാതെയാണ് ഹര്‍ദ്ദിക്കിനെതിരെ ശിക്ഷ വിധിച്ചിരിക്കുന്നതെന്ന വാദത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സെയ്‌ദ് ഉറച്ചുനിന്നു. ശിക്ഷ നിലനില്‍ക്കുകയാണെങ്കില്‍ ഹര്‍ദ്ദിക്കിന് ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും, ഇത് പിന്നീട് പരിഹരിക്കാന്‍ സാധിക്കില്ലെന്നും സെയ്ദ് ചൂണ്ടിക്കാട്ടി. ചുരുങ്ങിയ പക്ഷം വിധി സ്റ്റേ ചെയ്യുകയെങ്കിലും വേണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. ഇതിനെയാണ് സംസ്ഥാന സർക്കാർ എതിർത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button