Latest NewsIndia

രാഹുലിന്റെ വിമര്‍ശനങ്ങളെ പുച്ഛിച്ച് തള്ളി മമത ബാനര്‍ജി

സിപിഎമ്മുകാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സംഭവിച്ചത് പോലെയുള്ള അതിക്രമങ്ങള്‍ മമതയുടെ ഭരണത്തിന്‍ കീഴിലും നടക്കുന്നുണ്ടെന്നും രാഹുല്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തനിക്ക് നേരെയും സര്‍ക്കാരിന് നേരെയും നടത്തിയ പരാമര്‍ശങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ”അവന്‍ വെറും കുട്ടി’യാണെന്നായിരുന്നു മമതയുടെ പരിഹാസം. ബംഗാളില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന വേളയില്‍ രാഹുല്‍ മമതയേയും സര്‍ക്കാരിനേയും കടന്നാക്രമിച്ചിരുന്നു.

ഇതേക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മമതയുടെ പ്രതികരണം. ‘അവന്‍(രാഹുല്‍) തോന്നിയതെല്ലാം വിളിച്ചു പറയുകയാണ്. അതിലൊന്നും യാതൊരു അഭിപ്രായവും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവന്‍ ഒരു കുട്ടിയാണ്. ഇതല്ലാതെ താന്‍ ഈ വിഷയത്തില്‍ എന്തു പറയാനാണെന്നും മമത ചോദിച്ചു. ബംഗാളിലെ ഭരണം ഒരാളുടെ മാത്രം നിയന്ത്രണത്തിലാണെന്നായിരുന്നു രാഹുലിന്റെ പ്രധാന വിമര്‍ശനം. ‘അവര്‍ ആരോടും സംസാരിക്കുകയോ ആരുടേയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. തന്നിഷ്ടത്തിന് കാര്യങ്ങള്‍ ചെയ്യുന്ന മുഖ്യമന്ത്രിയാണവര്‍.’

‘ഒരു സംസ്ഥാനം മുഴുവന്‍ ഒരാളുടെ കാല്‍ക്കീഴിലാകുന്ന അവസ്ഥയാണിവിടെ. മമതയുടെ ഭരണം മുന്‍പുണ്ടായിരുന്ന ഭരണത്തെക്കാള്‍ ഒട്ടും മെച്ചമല്ല. നിരവധി വര്‍ഷങ്ങള്‍ ഇടതുപക്ഷം തുടര്‍ച്ചയായി ഭരിച്ച ശേഷമാണ് മമത സര്‍ക്കാര്‍ അധികാരമേറ്റത്. തൊഴിലില്ലായ്മക്കും കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സിപിഎമ്മുകാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സംഭവിച്ചത് പോലെയുള്ള അതിക്രമങ്ങള്‍ മമതയുടെ ഭരണത്തിന്‍ കീഴിലും നടക്കുന്നുണ്ടെന്നും’ രാഹുല്‍ പറഞ്ഞിരുന്നു. എന്നാൽ ഇതിനെക്കുറിച്ചൊന്നും മമത പ്രതികരിക്കാതെ രാഹുലിനെ പരിഹസിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button