Latest NewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രഖ്യാപനത്തിന് മുമ്പ് ഒരുമണിക്കൂറിനുള്ളില്‍ ജനങ്ങള്‍ ഗൂഗിളില്‍ തെരഞ്ഞത് നോട്ട് നിരോധനവും സര്‍ജിക്കല്‍ സ്‌ട്രൈക്കും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുള്ള ആ പ്രഖ്യാപനത്തിന് മുമ്പ് എന്തായിരിക്കും പറയാന്‍ പോകുന്നു എന്നതിനെ കുറിച്ച് ജനങ്ങള്‍ ആകാംക്ഷാഭരിതരായിരുന്നു. മാര്‍ച്ച് 27-ബുധനാഴ്ച രാവിലെ 11:45നും 12നും ഇടയില്‍ ഒരു സുപ്രധാന സന്ദേശവുമായി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തതിനു പിന്നാലെ എന്തായിരിയ്ക്കും ആ അതിപ്രധാനമായ സന്ദേശം എന്ന് എല്ലാ ജനങ്ങളും ഉറ്റുനോക്കി.

പ്രധാനമന്ത്രി എന്തായിരിയ്ക്കും പ്രഖ്യാപിയ്ക്കുക എന്ന ആകാംക്ഷയില്‍ ഈ ഒരുമണിക്കൂറിനുള്ളില്‍ പിന്നെ ജനങ്ങള്‍ ഗൂഗിളില്‍ തെരച്ചിലായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴൊക്കെ നയപരമായ തീരുമാനങ്ങള്‍ അല്ലെങ്കില്‍ പ്രതിരോധരംഗത്തെ നേട്ടം എന്നിവയാണ് പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ മറ്റൊരു നോട്ട് നിരോധനത്തിനോ സര്‍ജിക്കല്‍ സ്‌ട്രൈക്കിനോ രാജ്യം സാക്ഷിയാകേണ്ടി വരുമോ, അല്ലെങ്കില്‍ ബാലാക്കോട്ട് വ്യോമാക്രണം നടത്തിയതിനുള്ള വിശദീകരണമായിരിക്കുമോ തുടങ്ങിയ സംശയത്തിലായിരുന്നു രാജ്യം.

സമൂഹമാധ്യമങ്ങള്‍ ഊഹക്കളികള്‍ കൊണ്ടും ഹാഷ്ടാഗുകളും കൊണ്ടു നിറയുന്ന കാഴ്ചയ്ക്കാണ് പിന്നീട് സൈബര്‍ ലോകം സാക്ഷിയായത്.
ഏകദേശം 12 മണി ആയപ്പോള്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന ആരംഭിക്കുമ്പോഴേക്കും സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ദാവൂദ് ഇബ്രാഹിം, മസൂദ് അസഹര്‍ തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി മാറിയിരുന്നു. അതേസമയം, നോട്ട് നിരോധനവും സര്‍ജിക്കല്‍ സ്‌ട്രൈക്കുമായിരുന്നു ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ മുന്നിലുണ്ടായിരുന്നത്.

ഇവ സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ എന്താണെന്ന് അറിയാനായിരുന്നു കൂടുതല്‍ ആളുകള്‍ക്കും താല്‍പര്യം. 2016 നവംബര്‍ 8-ന് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച ശേഷം അഭിസംബോധന ചെയ്യുതതെന്നത് ആകാംക്ഷയ്ക്ക് ആക്കം കൂട്ടി. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ലെന്നത് ഉറപ്പായിരുന്നു.

രാഷ്ട്രീയ നേതാക്കളുള്‍പ്പടെയുള്ളവര്‍ മോദിയുടെ പ്രഖ്യാപനം സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതെന്നായിരുന്നു ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. നോട്ട് നിരോധത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ശശി തരൂര്‍ എംപിയുടെ ട്വീറ്റ്.

12 മണിക്ക് അഭിസംബോധന ചെയ്യുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 25 മിനിറ്റ് വൈകി സന്ദേശവുമായി പ്രധാനമന്ത്രിയെത്തി. ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന സന്ദേശമായിട്ടായിരുന്നു മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button