Latest NewsIndia

ന്യായ് പദ്ധതി മുഖ്യ വാഗ്ദാനം;കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കും. എ.ഐ.സി.സി ആസ്ഥാനത്ത് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കുക. കാര്‍ഷിക കടം എഴുതി തള്ളല്‍, തൊഴിലവസരം സൃഷ്ടിക്കാനായുള്ള പദ്ധതികള്‍, തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പത്രികയില്‍ ഉണ്ടാകും. മിനിമം വരുമാന പദ്ധതിയായ ന്യായ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പത്രികയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനം. ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പത്രിക പുറത്തിറങ്ങുന്നതോടെ അറിയാം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ക്ക് പത്രികയില്‍ ഊന്നല്‍ നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കര്‍ഷക കടം എഴുതി തള്ളല്‍, കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍, ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ താങ്ങുവില തുടങ്ങിയ വാഗ്ദാനങ്ങളും ഉണ്ടാകും.

വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലേക്ക് കൂടുതല്‍ തുക വകയിരുത്തുമെന്ന വാഗ്ദാനം ഉണ്ടാകും. ദേശസുരക്ഷ സംബന്ധിച്ച പരാമര്‍ശങ്ങളും പത്രികയില്‍ ഇടം പിടിക്കും. കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ 33 ശതമാനം വനിത സംവരണം കൊണ്ടുവരും, സ്ത്രീ സുരക്ഷ ഉറപ്പാക്കും, വനിത സംവരണ ബില്‍ പാസാക്കും എന്നീ വാഗ്ദാനങ്ങളും പത്രികയില്‍ ഉണ്ടാകും. ജി.എസ്.ടി ലളിതമാക്കാനും ജി.എസ്.ടിയും നോട്ട് അസാധുവാക്കലും ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാനുമുള്ള നിര്‍ദേശങ്ങളും ഉണ്ടാകും. നീതിന്യായ വ്യവസ്ഥയില്‍ ദളിത് ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ധിപ്പിക്കും, സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം കൊണ്ട് വരും, ആള്‍ക്കൂട്ട ആക്രമണങ്ങളും വര്‍ഗീയ കലാപങ്ങളും തടയാന്‍ നിയമനിര്‍മ്മാണം തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം.

സുസ്ഥിര വികസനവുമായി ബന്ധപ്പെട്ടുള്ള പ്രകൃതി സംരക്ഷണം, പാവപ്പെട്ടവര്‍ക്ക് നിയമ സഹായം, അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് രക്തസാക്ഷി പദവി, ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ നടപടികള്‍ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് പി ചിദംബരം അധ്യക്ഷനായ സമിതിയാണ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കിയത്. കഴിഞ്ഞ മാസം ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് പത്രികയ്ക്ക് അന്തിമ രൂപം നല്‍കിയത്.അതേസമയം മദ്ധ്യപ്രദേശിലെ കര്‍ഷകരുടെ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം വാഗ്ദാന ലംഘനം മാത്രമാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button