Latest NewsIndia

സൂപ്പര്‍ ഡിലക്‌സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചു; വിജയ് സേതുപതിക്കെതിരേ കേസെടുക്കണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ്

ചെന്നൈ: ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത് വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി എത്തിയ സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക രേവതി.

സൂപ്പര്‍ ഡിലക്‌സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് രേവതി ആരോപിക്കുന്നു. ശില്‍പ്പ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സൂപ്പര്‍ ഡിലക്‌സില്‍ മുംബൈയില്‍ ജീവിക്കുന്ന കാലത്ത് രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി പിച്ചക്കിരുത്തുന്നതില്‍ താനും അറിയാതെ ഭാഗമായിപ്പോയെന്ന് ശില്‍പ്പ എന്ന കഥാപാത്രം കുറ്റസമ്മതം നടത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഇതിനെതിരേയാണ് രേവതിയുടെ പ്രധാന വിമര്‍ശനം. ഈ രംഗം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് രേവതി പറയുന്നു.

‘വിജയ് സേതുപതി സാറിനോട് മാത്രമാണ് എനിക്ക് പറയാനുള്ളത്. താങ്കളോട് ജനങ്ങള്‍ അളവിലധികം മര്യാദയയും സ്‌നേഹവും കാണിച്ചിരുന്നു. താങ്കള്‍ക്കും ഞങ്ങളോട് അങ്ങനെ തന്നെയാണ് എന്നാണ് ഇതുവരെ കരുതിയിരുന്നത്. സിനിമ എടുക്കുന്നത് പണത്തിനാണ്. എന്നിരുന്നാല്‍ പോലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവരുടെ വികാരത്തെ മാനിക്കണെന്നും രേവതി പറഞ്ഞു.

മുംബൈയില്‍ ഏത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. ഞങ്ങള്‍ ആ തൊഴിലാണ് അവിടെ ചെയ്യുന്നതെന്ന് താങ്കള്‍ക്ക് ആരാണ് പറഞ്ഞു തന്നത്. രണ്ടാമതൊരു കാര്യം ട്രാന്‍സ്‌ജെന്‍ഡറായതിന് ശേഷം സാരി ധരിച്ച് ആദ്യമായി താങ്കള്‍ വീട്ടിലേക്ക് ചെല്ലുന്ന രംഗമുണ്ട്. ഒരു ട്രാന്‍സ്‌ജെന്‍ഡറിന് അത്ര പെട്ടെന്ന് സാരി ധരിച്ചു വീട്ടിലേയ്ക്ക് കയറിച്ചെല്ലാന്‍ കഴിയില്ല. അതത്ര എളുപ്പമുള്ള കാര്യമല്ല.

താങ്കള്‍ എന്റെ ആത്മകഥ വായിച്ചു നോക്കൂ. അത് ഒരു രേവതിയുടെ കഥയല്ല. ആയിരക്കണക്കിന് രേവതിമാരുടെ കഥയാണ്. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുടെ അച്ഛനായി പിന്നീട് ട്രാന്‍സ്‌ജെന്‍ഡറായി മാറുന്ന കഥാപാത്രമാണ് താങ്കളുടേത്. അതെങ്ങനെ സാധിക്കുമെന്നാണ് രേവതി ചോദിക്കുന്നത്.

പതിമൂന്നാമത്തെ വയസ്സില്‍ എന്നിലുള്ള സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍. ഞാന്‍ സ്ത്രീയായി മാറാന്‍ ഒരുപാട് യാതനകള്‍ സഹിച്ചു. വീട്ടുകാരുടെ അടിവാങ്ങി, പ്ലാറ്റ്ഫോമില്‍ ഉറങ്ങി. ഇങ്ങനെ ഒരു സിനിമയില്‍ താങ്കള്‍ അഭിനയിച്ചത് എന്നെ വേദനിപ്പിക്കുന്നു. രേവതി പറയുന്നു.

ജീവിക്കാന്‍ പിച്ചയെടുത്തിട്ടുണ്ടെന്ന് മറ്റൊരു ട്രാന്‍സ്‌ജെന്‍ഡറായ പ്രേമ പറയുന്നു.ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ കഷ്ടപ്പാടുകളെ നിസാരവല്‍ക്കരിച്ച സിനിമാ സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ നെതിരേയും അഭിനയിച്ച വിജയ് സേതുപതിക്കെതിരേയും കേസെടുക്കണമെന്നും പ്രേമ ആവശ്യപ്പെട്ടു. ഇതിനായി സുപ്രീംകോടതി വരെ പോകാനും തയ്യാറാണെന്ന് പ്രേമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button