Latest NewsElection 2019

മോദിക്ക് പകരമാകുമോ രാഹുല്‍: പ്രധാനമന്തിയായാലും ഇല്ലെങ്കിലും കരുത്തനാകുന്നത് മോദി തന്നെ

രതി നാരായണന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഡല്‍ഹിയില്‍ അധികാരകസേരയിലിരിക്കുന്നതാരാണെന്ന ആകാംക്ഷയിലാണ് രാജ്യം മുഴുവന്‍. മോദിയുടെ രണ്ടാമൂഴം ഉറപ്പാക്കി ബിജെപി പ്രചാരണം ശക്തമാക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിക്കസേരയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതേസമയം മോദിയ്ക്ക് പകരം നില്‍ക്കുന്ന ഒരു പ്രധാനമന്ത്രി നിലവില്‍ രാജ്യത്തി് ഒരു പാര്‍ട്ടിയിലും ഇല്ലെന്ന അഭിപ്രായക്കാരും കുറവല്ല.

വേണ്ടത് സുസ്ഥിരസര്‍ക്കാര്‍

രണ്ടായിരത്തി പതിനാലില്‍ ബിജെപി നേടിയ ഉജ്ജ്‌ല വിജയം ആവര്‍ത്തിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഇന്ത്യ ഭരിക്കുന്നത് എന്‍ഡിഎ തന്നെയാകുമെന്നാണ് പൊതുവേ അഭിപ്രായ സര്‍വേഫലങ്ങള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ തന്നെ ശക്തനായ ഒരു പ്രധാനമന്ത്രിയുണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കില്ല എന്നതാണ് പ്രധാന കാരണം. സഖ്യകക്ഷി അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രി പദത്തിനായി മമതയും രാഹുലും മായാവതിയും മമതയും ചരട് വലിക്കുമെന്നും തത്കാല വിട്ടുവീഴ്ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപീകൃതമാകുന്ന ഒരു സര്‍ക്കാരിന്റെ ഭാവി എന്താകുമെന്നുമാണ് സാമാന്യം രാഷ്ട്രീയ അവബോധമുള്ളവര്‍ ഉന്നയിക്കുന്ന ചോദ്യം. അതേസമയം മോദി രാജ്യത്തിന്റെ വികസനത്തിലും ജനക്ഷേമത്തിലും എന്ത് പങ്കാണ് വഹിച്ചതെന്ന വിമര്‍ശനമുയര്‍ത്തുന്നവര്‍ക്ക് മുന്നില്‍ മോദി സര്‍ക്കാരിന്റെ ചില സുപ്രധാനനയങ്ങളും തീരുമാനങ്ങളും ചര്‍ച്ച ചെയ്യാം.

ആയുസില്ലാത്ത സഖ്യങ്ങള്‍

രാഹുലും മമതയും മായാവതിയും ഒരുപോലെ പ്രധാനമന്ത്രിപദം സ്വപ്‌നം കാണുന്നവരാണ്. മൂന്ന് പേര്‍ക്കും ഒന്നിച്ച് ലഭിക്കുന്ന ഒരു പദവിയല്ലാത്തതിനാല്‍ പ്രധാനമന്ത്രികസേരയിലെത്തുന്നവരെ അത് കിട്ടാത്ത പാര്‍ട്ടിക്കാര്‍ മുള്‍മുനയില്‍ നിര്‍ത്തുമെന്നുറപ്പ്. ചരിത്രം പരിശോധിച്ചാല്‍ സഖ്യകക്ഷികള്‍ ചേര്‍ന്നു രൂപീകരിക്കുന്ന സര്‍ക്കാരുകളിടുടെ ഭാവി എന്തായിത്തീരുമെന്ന് കൃത്യമായി മനസിലാകും. കോണ്‍ഗ്രസിന് ശേഷം 1977 ല്‍ അധികാരത്തിലെത്തിയ ജനതാപാര്‍ട്ടിയുടെയും 16 ദിവസമുള്ള ആദ്യവാജ്‌പേയി സര്‍ക്കാരിന്റെയും ഉള്‍പ്പെടെയുള്ള സര്‍ക്കാരുകളുടെ ഗതി രാജ്യം കണ്ടതാണ്. മൃഗീയഭൂരിപക്ഷം ബിജെപിയും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യം ശക്തമാക്കുന്നതില്‍ അമിത് ഷാ എന്ന ബിജെപിയുടെ ചാണക്യന്് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന് എടുത്തുപറയത്തക്ക സഖ്യമൊന്നും ഇതുവരെ രൂപീകരിക്കാനായിട്ടില്ല.

തോല്‍വിയിലും ജയത്തിലും കരുത്തന്‍

ഇനി തെരഞ്ഞെടുപ്പിന് ശേഷം തട്ടിക്കൂട്ടിയ സഖ്യവുമായി യുപിഎ വീണ്ടും അധികാരത്തിലെത്തിയെന്നിരിക്കട്ടെ. അഞ്ച് വര്‍ഷം ആ സര്‍ക്കാര്‍ തികയ്ക്കുമെന്ന ഉറപ്പ് നേതാക്കള്‍ക്ക് പോലും ഉണ്ടാകില്ല. അവിടെയാണ് മോദി കൂടുതല്‍ കരുത്തനാകുന്നത്. അടിയന്തരാവസ്ഥക്ക് ശേഷം ജനം ഉപേക്ഷിച്ച ഇന്ദിര പതിന്‍മടങ്ങ് ശക്തയായി തിരിച്ചെത്തിയത് ഇടയില്‍ വന്നവരെ ജനത്തിന് മടുത്തതുകൊണ്ടു മാത്രമാണ്. 77ല്‍ ഇന്ദിരയുടെ രാഷ്ട്രീയജീവിതം അവസാനിച്ചെന്നായിരുന്നു പ്രചാരണം. എന്നാല്‍ എണ്‍പതില്‍ പഴയതിലും കരുത്തയായി അവര്‍ പ്രധാനമന്ത്രിക്കേസരയിലിരുന്നത് വിമര്‍ശകരുടെ മുന്നിലായിരുന്നു. അങ്ങനെ നോക്കിയാല്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ മോദി വീണ്ടും അധികാരത്തിലെത്തിയാലും അദ്ദേഹത്തിന് പ്രധാനമന്ത്രിക്കസേര നഷ്ടമായാലും അത് നേട്ടം മാത്രമേ നല്‍കുകയുള്ളു.

നോട്ട്‌നിരോധനം മണ്ടന്‍ തീരുമാനമോ?

ജനങ്ങള്‍ക്ക് വേണ്ടി മോദി ഒന്നും ചെയ്തില്ല എന്ന ആരോപണമാണ് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രധാനമായും ഉന്നയിക്കുന്നത്. അതേസമയം ഒരു രാജ്യത്തിന്റെ, പ്രത്യേകിച്ച് 122 കോടി ജനങ്ങളുള്ള ഇന്ത്യയെപ്പോലൊരു വികസിതരാജ്യത്തിന്റെ മുഖമുദ്ര പാടെ മാറ്റാന്‍ അഞ്ച് വര്‍ഷമെന്നത് എത്ര ചുരുങ്ങിയ കാലയളവാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കും. എന്നാല്‍ മോദിയുടെ പല നയങ്ങളും ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ ജീവിതനിലവാരത്തെ സ്വാധീനിക്കുന്നതാണെന്ന വസ്തുത തള്ളിക്കളയാനാകില്ല. നോട്ട് നിരോധനം ജനങ്ങളെ ബുദ്ധിമുട്ടിക്കുക മാത്രമാണ് ചെയ്തതെന്ന ആരോപണം ഇക്കാര്യത്തിലുള്ള അജ്ഞത കൊണ്ടാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിരോധിച്ച നോട്ടുകളുടെ 90 ശതമാനത്തിലധികം തിരിച്ചെത്തിയെന്ന ആര്‍ബിഐയുടെ വെളിപ്പെടുത്തലാണ് പ്രതിപക്ഷത്തിന്റെയും മോദി വിരുദ്ധരുടെയും പ്രധാന ആയുധം. നോട്ട് നിരോധനം കൊണ്ട് മോദി എത്ര കള്ളപ്പണക്കാരെ പിടിച്ചു എന്നും ഇവര്‍ ചോദിക്കുന്നു. അതേസമയം സ്വന്തം അക്കൗണ്ട് വഴിയല്ലാതെ മറ്റ് പലരുടെയും അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചവരെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതേയുള്ളു.

നോട്ട് നിരോധനത്തിന് ശേഷം നിഷ്‌ക്രിയമായും മിനിമം ബാലന്‍സിലും കിടന്നിരുന്ന അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ വന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തുമ്പോള്‍ രാജ്യത്ത് കള്ളപ്പണക്കാരുടെ ഏകദേശ കണക്ക് ലഭിക്കും. എന്നാല്‍ ഇത് വ്യക്തി കേന്ദ്രീകൃതമായതിനാല്‍ ഓരോ വ്യക്തിയുടെയും അക്കൗണ്ട് പരിശോധിച്ച് കണ്ടെത്തണം. ഇവരുടെ വിലാസം തേടിപ്പിടിച്ച് ് അക്കൗണ്ടിലെത്തിയ വന്‍തുകയുടെ ഉറവിടം കണ്ടെത്തുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവരും. ഇതിനുള്ള നടപടികള്‍ ഇന്‍കം ടാക്‌സ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മോദിസര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടര്‍ന്നാല്‍ നോട്ട് നിരോധനത്തിന്റെ തുടര്‍നടപടികള്‍ ഊര്‍ജ്ജിതമാകും. കാരണം നോട്ട് നിരോധനം ഒരു മണ്ടന്‍ തീരുമാനമായിരുന്നില്ല എന്ന് തെളിയിക്കേണ്ടത് മോദിയുടെ ഏറ്റവും വലിയ ആവശ്യമാണ്.

സാമ്പത്തിക അച്ചടക്കം ഉറപ്പിച്ചത് മോദി

സാമ്പത്തിക ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കിയത് മോദി സര്‍ക്കാരിന്റെ വിപ്ലവകരമായ ഒരു മാറ്റമാണെന്നത് ആര്‍ക്ക് നിഷേധിക്കാനാകും. എന്തായാലും അനധികൃത ഇടപാടുകാര്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും കടിഞ്ഞാണിടാന്‍ നോട്ട് നിരോധനവും സാമ്പത്തിക നിയന്ത്രണങ്ങളും വലിയ ഒരളവ് വരെ സഹായിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ആരോഗ്യനയം ആയുഷ്മാന്‍ ഭാരത് യോജന, ശുചിത്വത്തിനും ആരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന സ്്വച്ഛ് ഭാരത് അഭിയാന്‍, കര്‍ഷക ക്ഷേമത്തിന് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി, സാമൂഹ്യ സാമ്പത്തിക സുരക്ഷയ്ക്കായി പ്രധാനമന്ത്രി ജന്‍ധന്‍ യോജന, പെണ്‍കുട്ടികളുടെ അഭിവൃദ്ധിക്കായി ബേട്ടാ ബഛാവോ ബേട്ടാ പഠാവോ തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് മോദി ആദ്യദൗത്യം പൂര്‍ത്തിയാക്കുന്നത്. പത്ത് ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റല്‍ വില്ലേജാക്കുന്നത് ഉള്‍പ്പെടെയുള്ള സ്വപ്‌ന പദ്ധതികള്‍ തുടക്കത്തിലുമാണ്. ഗ്രാമീണമേഖലകളില്‍ വൈദ്യുതിയും പാചകവാതകവും എത്തിക്കുന്ന പദ്ധതികള്‍ വേറെ. വിദേശ രാജ്യങ്ങളില്‍ മറ്റൊരു പ്രധാനമന്ത്രിക്കും കിട്ടാത്ത സ്വീകാര്യത, രാജ്യത്തിന്റെ ശക്തമായ വിദേശബന്ധങ്ങള്‍ അങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ എടുത്തുപറയേണ്ട നേട്ടങ്ങള്‍ കൈവരിച്ച് തുടര്‍ വികസനത്തിനായി വീണ്ടും മോദി എന്ന ബിജെപിയുടെ പടനായകന്‍ ഇറങ്ങുമ്പോള്‍ തോറ്റുപോകും എന്നാര്‍ക്ക് പറയാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button