Latest NewsEntertainment

അവരുടെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും കാണിച്ചു കണ്ണീരൊഴുക്കി കയ്യടി നേടാനുള്ള ഡോക്യുമെന്ററി ആവരുത് മലയാള സിനിമകൾ; ട്രാൻസ് ജെൻഡേഴ്‌സിനെകുറിച്ചെഴുതിയ യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

മലയാള സിനിമയും പ്രേക്ഷകരും ട്രാൻസ് ജെൻഡർ സമൂഹത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയമാണ്. ആ സംശയം ഊട്ടിയുറപ്പിക്കുകയാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ദേശബന്ധു കെ.ഓ എന്ന യുവാവിന്റെ കുറിപ്പ്. ഒൻപതെന്നും ശിഖണ്ടിയെന്നും മൂന്നാം ലിംഗമെന്നും ഹിജടയെന്നും നപുംസകമെന്നുമൊക്കെ കളിയാക്കി വിളിക്കുന്ന ഒരു സമൂഹത്തിനു മുന്നിലേക്ക് അവരുടെ കഥ പറയുന്ന സിനിമയുമായി ചെന്നാൽ വാണിജ്യപരമായി വിജയിക്കുമോ എന്ന ആശങ്ക ആയിരിക്കും പല സംവിധായകർക്കുമെന്ന് ദേശബന്ധു പറയുന്നു.

ട്രാൻസ് ജെൻഡേഴ്സിന്റെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും കാണിച്ചു കണ്ണീരൊഴുക്കി കയ്യടി നേടാനുള്ള ഡോക്യുമെന്ററി ആവരുത് മലയാള സിനിമയെന്നും. മലയാളത്തേക്കാൾ തമിഴ് സിനിമകൾ ട്രാൻസ് ജെൻഡർ സമൂഹത്തിന് വ്യക്തമായ ഒരിടം നൽകുന്നുണ്ടെന്ന് ഉദാഹരണങ്ങളോടെ യുവാവ് ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം യുവാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

മുമ്പ് ടോവിനോ നായകനായ ഹിറ്റ് ചിത്രം മായാനദിയിലെ അപർണ(അപ്പു ) എന്ന കഥാപാത്രത്തെ സൈക്കോയായി കണ്ടുകൊണ്ട് ദേശബന്ധു മുമ്പ് എഴുതിയ കുറിപ്പും തൂവാനത്തുമ്പികൾ, മേഘമൽഹാർ, രാമന്റെ ഏദൻ തോട്ടം, 96 എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ സാമ്യതയെക്കുറിച്ച് എഴുതിയ കുറിപ്പും വാർത്തയായിരുന്നു. അതേ സമീപനമാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിനും ലഭിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം ……..

മലയാള സിനിമ ഇനിയും വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത ഒരു വിഭാഗമാണ് ട്രാൻസ് ജെൻഡർസ്. ഉപയോഗിച്ചിട്ടില്ല എന്നല്ല പറഞ്ഞത് വേണ്ടവിധത്തിൽ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. പലരും ഈ വിഷയത്തിൽ കൈവയ്ക്കാൻ മടിക്കുന്നത് അതിനെ പറ്റി വ്യക്തമായ ധാരണയോ അറിവോ ഇല്ലാത്തതുകൊണ്ടാകാം.

ട്രാൻസ് ജൻഡേഴ്സിന്റെ മാനസിക ഭാവങ്ങളെ പറ്റി പൊതു സമൂഹത്തിലെ ഭൂരിഭാഗം പേർക്കും അറിവില്ല എന്നത് തന്നെയാണ് സത്യം. ശരിക്കും അവരെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നു പോലും അറിയാത്തൊരു സമൂഹമുണ്ട്. ഒൻപതെന്നും ശിഖണ്ടിയെന്നും മൂന്നാം ലിംഗമെന്നും ഹിജടയെന്നും നപുംസകമെന്നുമൊക്കെ കളിയാക്കി വിളിക്കുന്ന ഒരു സമൂഹത്തിനു മുന്നിലേക്ക് അവരുടെ കഥ പറയുന്ന സിനിമയുമായി ചെന്നാൽ വാണിജ്യപരമായി വിജയിക്കുമോ എന്ന ആശങ്ക ആയിരിക്കണം. വാണിജ്യപരമായി വിജയിക്കണമെങ്കിൽ മലയാളി പ്രേക്ഷകനെ കോമാളിത്തരം കാണിച്ചു ചിരിപ്പിക്കണം. കോമഡി റിയാലിറ്റി ഷോകളിൽ പോലും ഒരുപക്ഷെ ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് നേരിടുന്ന ഒരു വിഭാഗം ഇവർ തന്നെയാണ്.

അല്പമെങ്കിലും ട്രാൻസ്‌ജെൻഡർ ജീവിതങ്ങളോട് നീതി പുലർത്തിയ ചിത്രങ്ങളാണ് അർദ്ധനാരി, ആഭാസം, ഇരട്ട ജീവിതം എന്നിവയൊക്കെയാണെന്നാണ് എനിക്ക് തോന്നിയത്.
അർദ്ധനാരിയിൽ മനോജ്കെ ജയനും തിലകനുമൊക്കെ മത്സരിച്ച് അഭിനയിച്ചു ട്രാൻസ് ജെൻഡർസിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാൻ നോക്കിയെങ്കിലും ദയനീയമായി പരാചയപ്പട്ടു പോകുന്ന അവസ്ഥയാണ് കണ്ടത്. ഹിജഡകളുടെ കോമാളിത്തരം എന്നൊക്കെ അന്നത്തെ ഏതോ റിവ്യൂ വായിച്ചതായും ഓർക്കുന്നു. പക്ഷേ അങ്ങനൊരു പരീക്ഷണ സിനിമ നിർമ്മിക്കാൻ കാണിച്ച എംജി ശ്രീകുമാറെന്ന വ്യക്തിത്തത്തോട് അന്നേ ബഹുമാനം കൂടി..
ആണിന്റെ ഉള്ളിലുള്ള പെണ്ണെന്ന ഭാവവും പെണ്ണിന്റെ ഉള്ളിലുള്ള ആണെന്ന ഭാവവും തമ്മിലുള്ള സംഘർഷമാണ് ഇരട്ടജീവിതം. ആളൊരുക്കത്തിലും ട്രാൻസ്ജെൻഡർനെ നല്ല രീതിയിൽ കാണിച്ചിട്ടുണ്ടെന്നു അറിഞ്ഞു പക്ഷേ കാണാൻ കഴിഞ്ഞില്ല. ഇതൊക്കെ തന്നെയും കൊമേഴ്സിയൽ സിനിമകളുടെ കൂട്ടത്തിൽ പെടാതെ അവാർഡ് പടങ്ങൾ എന്ന പേരിൽ ഒതുക്കി നിർത്തപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

മലയാളി പ്രേകഷകന് വേണ്ടത് ചാന്തുപൊട്ടിലെ രാധയും, മായാമോഹിനിയിലെ ദിലീപും, 101 വെഡിങ്ങിലെ ജയസൂര്യയും ഒക്കെയാണ്.ചാന്ത്പൊട്ടിൽ ദിലീപ് അവതരിപ്പിക്കുന്നത് ട്രാൻസ്‍ജൻഡർ അല്ല എങ്കിൽ കൂടി ട്രാൻസ്ജൻഡർ എന്നാൽ അതാണെന്ന് തെറ്റുധരിച്ച ഒരാളായിരുന്നു പലരെയും പോലെ ഞാനും. പലരുടെയും ആ തെറ്റിദ്ധാരണ പല ട്രാൻസ്‍ജൻഡറുകൾക്കും മാനഹാനി വരെ ഉണ്ടാക്കിയിട്ടുണ്ടെന്നു പിന്നീട് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

പ്രേക്ഷകരെ അതിൽ നിന്നും മാറ്റി ചിന്തിപ്പിക്കുകയും ചിന്താഗതികളുടെ നിലവാരം ഉയർത്തുകയും ചെയ്ത ഒരു ചിത്രമമാണ് ഞാൻ മേരിക്കുട്ടി. അതിൽ ഒരിടത്തും ജയസൂര്യയെ കാണാനില്ലാരുന്നു പൂർണ്ണമായും ഒരു ട്രാൻസ് sexualന്റെ എല്ലാ ഭാവങ്ങളോടും കൂടി അദ്ദേഹം അത് അവതരിപ്പിച്ചു. പക്ഷേ ഒരിക്കലും ഒറ്റയ്ക്ക് പോരാടി മുൻനിരയിലേക്ക് വന്നവർ അല്ല ട്രാൻസ് വ്യക്തികൾ അവർക്ക് അവരുടേതായ കൂട്ടായ്മയും മറ്റുമുണ്ട്. ട്രാൻസ് വ്യക്തികളുടെ സ്വാഭാവിക ജീവിതത്തിൽ നിന്നും വ്യത്യസ്തമാണ് മേരിക്കുട്ടി എന്നൊതൊഴിച്ചാൽ ഇങ്ങനൊരു വിഷയം തിരഞ്ഞെടുത്തു അതിനെ വാണിജ്യപരമായി വിജയിപ്പിക്കാൻ സാധിച്ചതിൽ രഞ്ജിത്ത് ശങ്കർ എന്ന സംവിധായകൻ വിജയിച്ചു. നമുക്ക് ചുറ്റുമുള്ള സമൂഹങ്ങളിലെ ആളുകളുടെ കാഴ്ചപ്പാടും ചാന്തുപൊട്ടിൽ നിന്നും മേരിക്കുട്ടി വരെ ആയി മാറിയതിൽ അഭിമാനിക്കാം..

പക്ഷേ ട്രാൻസ് ജെൻഡറുകളുടെ പ്രശ്നങ്ങളും അവരുട കഷ്ടപ്പാടുകളും കാണിച്ചു കണ്ണീരൊഴുക്കി കയ്യടി നേടാനുള്ള ഡോക്യുമെന്ററി ആവരുത് മലയാള സിനിമകൾ.
അവർക്കും ജീവിതമുണ്ട് പ്രണയമുണ്ട് സന്തോഷങ്ങളുണ്ട് വികാരങ്ങളുണ്ട് അതൊക്കെ എടുത്തു കാട്ടിയുള്ള സിനിമകളാണ് ഉണ്ടാവേണ്ടത്.

ശരിക്കും മലയാള സിനിമ തമിഴ് സിനിമയെ കണ്ടു പഠിക്കണം. കാഞ്ചന സിനിമയിൽ പഠിച്ചു ഡോക്ടർ ആവുന്ന ട്രാൻസ് യുവതിയും, അരുവി സിനിമയിൽ എയ്ഡ്‌സ് വന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട പെണ്ണിനെ അവസാനം വരെ ചേർത്തു നിർത്തുന്ന ട്രാൻസ് യുവതിയും, പേരൻപ് സിനിമയിൽ നായികയായി തന്നെ വന്ന ആദ്യ ട്രാൻസ് യുവതിയും, പേട്ട സിനിമയിൽ സാക്ഷാൽ രജനികാന്ത് സഹോദരിയുടെ പ്രസവം നോക്കാൻ വന്ന് കൈ കൂപ്പി അപേക്ഷിക്കുന്നതും ഇതേ ട്രാൻസ് വ്യക്തിത്വങ്ങളുടെ മുന്നിലാണ്.
തമിഴ് സിനിമ ട്രാൻസ് ജൻഡർ കമ്മ്യൂണിറ്റിയെ വേർതിരിവ് ഇല്ലാതെ സഹജീവിയായി ഉൾക്കൊണ്ട് മുഖ്യധാരയിൽ എത്തിക്കുന്നത് മലയാള സിനിമ നോക്കി പഠിക്കേണ്ടത് തന്നെയാണ്.

മലയാളത്തിലിറങ്ങിയ ട്രാൻസ് സിനിമകൾ മോശം ആണെന്നല്ല പറയുന്നത്. തമിഴിലെ ഈ ചിത്രങ്ങൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തു വിജയം നേടിയപ്പോൾ മലയാളത്തിലെ മേരിക്കുട്ടി ഒഴികെയുള്ള ചിത്രങ്ങൾ എത്രപേർ കണ്ടു എന്നതുതന്നെ സംശയമാണ്.
ട്രാൻസ് വ്യക്തികൾക്ക് ട്രാൻസ്‍ജൻഡർ കഥാപാത്രങ്ങളെ ചെയ്യാൻ കഴിയു എന്നില്ല. പൂർണ്ണമായും സ്ത്രീയുടെയും പുരുഷന്റെയും കഥാപാത്രങ്ങൾ ചെയ്യാൻ അവർക്ക് സാധിക്കും. കഴിവിലാണ് കാര്യം..

മലയാള സിനിമയും മാറ്റത്തിന്റെ പാതയിലാണ് ടിനി ടോം ട്രാൻസ്‍ജൻഡർ ആവുന്ന Operation Arapaima, Viral 2019 സിനിമയ്ക്ക് വേണ്ടി Noushad Alathur ട്രാൻസ്‍ജൻഡർ നു വേണ്ടി മാത്രം നടത്തിയ ഓഡിഷൻ… ഇതെല്ലാം മലയാള സിനിമയ്ക്ക് പുത്തൻ പ്രതീക്ഷ നൽകുന്നവയാണ്.

ട്രാൻസ്‍ജൻഡർസ്നെ പറ്റിയുള്ള സിനിമ ആസ്വദിക്കണമെങ്കിൽ ആദ്യം ട്രാൻസ്‍ജൻഡർ, ട്രാൻസ് സെക്ഷ്വൽ, ഇന്റർ സെക്സ്, LGBTQI ഇതൊക്കെ എന്താണെന്ന് സമൂഹം അറിഞ്ഞിരിക്കണം.
പ്രാഥമിക ലൈംഗീക വിദ്യാഭ്യാസം പോലും കിട്ടാത്ത നമ്മുടെ സ്കൂളുകളിൽ നിന്നും ഇതേ പറ്റി ഒരു അറിവ് പോലും നമ്മുടെ കുട്ടികൾക്ക് കിട്ടാൻ പോകുന്നില്ല.
ഒരു സിനിമയെങ്കിലും ട്രാൻസ്‍ജൻഡർ ജീവിതങ്ങളിലേക്ക് ഇറങ്ങി ചെല്ലട്ടെ…

https://www.facebook.com/desabendhu/posts/2001276533333644

shortlink

Related Articles

Post Your Comments

Related Articles


Back to top button