KeralaLatest NewsCandidates

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പോരാട്ടം ശക്തമാക്കാന്‍ വടകരയില്‍ ബിജെപിയ്ക്കായി സജീവന്‍ ഒരുങ്ങി

വടകര: ശക്തമായ പോരാട്ടം നടക്കാന്‍ പോകുന്ന മണ്ഡലം എന്ന നിലയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹിയും മണ്ഡലത്തില്‍ സുപരിചിതനുമായ അഡ്വ.വി.കെ സജീവനാണ് ബിജെപി സ്ഥാനാര്‍ത്ഥി. രണ്ടാം തവണയാണ് സജീവന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ജനവിധി തേടുന്നത്. നേരത്തെ കാസര്‍ഗോട്ടേക്ക് പരിഗണിച്ചിരുന്ന വി.കെ.സജീവനെ പോരാട്ടം ശക്തമാക്കാനാണ് വടകരയില്‍ തന്നെ മത്സരിപ്പിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സജീവന്‍ മത്സരിച്ചപ്പോള്‍ നാല്പതിനായിരം വോട്ടില്‍ നിന്ന് 76227 ലേക്ക് ഉയര്‍ത്തിയിരുന്നു.പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ ലോകസഭാ മണ്ഡലത്തില്‍പെട്ട തലശ്ശേരിയില്‍ നല്ല മത്സരം കാഴ്ച വെക്കുകയും മുമ്പുണ്ടായിരുന്ന 6973 വോട്ട് 22125 ആക്കി ഉര്‍ത്തി കണ്ണൂര്‍ ജില്ലയില്‍ നിന്ന് ആദ്യമായി കെട്ടിവെച്ച തുക തിരിച്ചു പിടിക്കുകയും ചെയ്തു.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ സജീവന്‍ ആര്‍എസ്എസ്സിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കൂടാതെ ആര്‍എസ്എസ്സിന്റെയും എബിവിപിയുടെയും യുവമോര്‍ച്ചയുടെയും ബിജെപിയുടെയും വിവിധ ചുമതലകള്‍ വഹിച്ചിട്ടുമുണ്ട്. പിന്നീട് യുവമോര്‍ച്ച മേപ്പയ്യൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1997-1999 കാലയളവില്‍ കൊച്ചി എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. യുവമോര്‍ച്ച കാസര്‍ഗോഡ്, കോട്ടയം ജില്ലകളുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി, മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ ചുമതലകളും ബിജെപി സംസ്ഥാനസമിതിയംഗം, പാര്‍ട്ടി ഔദ്യോഗിക വക്താവ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

2015 മുതല്‍ ബിജെപി സംസ്ഥാന സെക്രട്ടറിയുമാണ് സജീവന്‍. യുവമോര്‍ച്ചയും ബിജെപിയും നടത്തിയ വിവിധ സമ്മേളനങ്ങളുടെയും സംസ്ഥാനതല ജാഥകളുടെയും കോ-ഓര്‍ഡിനേറ്ററായും തെരഞ്ഞെടുപ്പുകളില്‍ ഇന്‍ചാര്‍ജ്ജായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു. 2010ല്‍ എടച്ചേരി ഡിവിഷനില്‍ നിന്ന് കോഴിക്കോട് ജില്ലാപഞ്ചായത്തിലേക്കും 2011ല്‍ കുറ്റ്യാടി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്. മോദി ഗവണ്‍മെന്റിന്റെ ഭരണനേട്ടങ്ങളും,ശബരിമല വിഷയവും ചര്‍ച്ചയാക്കി വന്‍മുന്നേറ്റം നടത്താന്‍ പറ്റുമെന്നാണ് ഇവിടെയും ബിജെപിയുടെ കണക്കുകൂട്ടല്‍. ജയരാജന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകൂമ്പോള്‍ ടിപി കേസ് ഉള്‍പ്പെടെ യുഡിഎഫും,എല്‍ഡിഎഫും ഒത്തുതീര്‍പ്പാക്കിയകേസുകളും ദേശീയ തലത്തിലെ ധാരണകളും ബിജെപി പ്രചരണവിഷയമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button