Latest NewsKerala

ഭ്രാന്തമായ ആവേശത്തോടെ കുഞ്ഞിന്റെ വായിലേക്ക് ചപ്പാത്തിക്കഷണം തിരുകുകയായിരുന്നു ആ അമ്മ; എന്തായാലും തൊടുപുഴയിലെ അമ്മയെപ്പോലെയാവില്ല- കണ്ണുനനയിക്കുന്ന കുറിപ്പ്

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിനാല്‍ കൊല്ലപ്പെട്ട കുഞ്ഞ് ഇന്ന് കേരളത്തിന്റെ ആകെ നൊമ്പരമായി മാറിയിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ ക്രൂരത മലയാളിക്ക് മറക്കാന്‍ കഴിയില്ല. ഇപ്പോഴിതാ സമനില തെറ്റിയ ഒരമ്മയെക്കുറിച്ച് എഴുതിയിരിക്കുകയാണ് ജയ് കുമാര്‍ എന്‍.കെ. എന്ന യുവാവ്. തന്റെ ഓഫീസിന് തൊട്ടടുത്ത് കണ്ട ഒരു സ്ത്രീയേയും അവരുടെ മക്കളേയും കുറിച്ചാണ് കുറിപ്പ്. രണ്ടാമതും ഗര്‍ഭിണിയായ അമ്മയെ പരിചരിക്കുന്ന കുഞ്ഞുമകള്‍.. ഒടുവില്‍ അമ്മ പ്രസവിക്കുന്നു. കുഞ്ഞിനെ എങ്ങനെ പരിചരിക്കണമെന്നറിയാതെ അമ്മ കുഞ്ഞിന്റെ വായയില്‍ ചപ്പാത്തി തിരുകികയറ്റിയതുമെല്ലാം ജയ്കുമാര്‍ ഓര്‍ത്തെടുക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഭ്രാന്തിയും കുഞ്ഞുങ്ങളും
—————————-

പത്തിരുപത് വര്ഷം മുൻപത്തെ ഓർമ്മയാണ്…

കരിയറിന്റെ ആദ്യകാലങ്ങൾ. അന്ന് പൂനെയിലാണ് ജോലി, ഞങ്ങൾക്കന്ന് ഒരു സ്ഥാപനമുണ്ട്. ഒരു തണുപ്പുകാലത്താണ് രാവിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോൾ തൊട്ടെതിരെയുള്ള കെട്ടിടത്തോട് ചേർന്ന് വഴിവക്കിൽ ഒരു പേക്കോലം ചുരുണ്ടു കിടക്കുന്നു. ധരിച്ചിരിക്കുന്നത് സാരി പോലൊരു വസ്ത്രമായതു കൊണ്ട് അതൊരു സ്ത്രീയാണെന്ന് മനസ്സിലായി. പുലരിയുടെ തണുപ്പിൽ നല്ലയുറക്കമാണ്, ഒരനക്കവുമില്ല. അതോ ചത്ത് കിടക്കുകയാണോ? ഞങ്ങളുടെ കെട്ടിടത്തിലെ എല്ലാവർക്കും അതൊരു മടുപ്പുളവാക്കുന്ന കാഴ്ചയായിത്തോന്നി. എന്തൊരു മാരണമാവോ?

കുറേക്കഴിഞ്ഞപ്പോൾ അവരുടെ തുണിക്കെട്ടുകൾക്കിടയിൽ ഒരു ചലനം. ഒരു കുഞ്ഞിത്തല ഉയർന്നു വരുന്നു. ചെമ്പിച്ച തലമുടിയുമായി ഒരു പെൺകുഞ്ഞ് .മൂന്നാലു വയസ്സ് പ്രായം തോന്നും. കീറിപ്പറിഞ്ഞ ചെളി പുരണ്ട ഒറ്റയുടുപ്പിട്ട മറ്റൊരു കോലം. ഉത്സാഹത്തോടെയാണവൾ ഉണർന്നത്. കെട്ടുകൾക്കിടയിൽ നിന്ന് ഒരു പ്ലാസ്റ്റിഗ് മഗ് എടുത്തു അവൾ നേരെ പോയത് തൊട്ടടുത്തുള്ള ഒരു ഹാഥ് ഗാഡി(ഉന്തുവണ്ടി)യിലേക്കാണ്. അത് ആ ഏരിയയിൽ സ്ഥിരമായി ചായക്കച്ചവടം നടത്തുന്ന ഒരു മലയാളിച്ചേട്ടന്റെയാണ്. ഒരു കൂസലും ഇല്ലാതെ അവൾ ആ മഗ് ചേട്ടന്റെ നേർക്ക് നീട്ടി. പൈസയുണ്ടോ എന്നൊക്കെ ചോദിച്ചത്തിന് മറുപടിയൊന്നും കിട്ടിയില്ലെങ്കിലും ചേട്ടൻ ആ മഗ്ഗിലേക്കു ചായ ഒഴിച്ച് കൊടുത്തു. സൂക്ഷ്മതയോടടെ അവൾ ആ മഗ്ഗുമായി ചുരുണ്ടു കിടക്കുന്ന കോലത്തിനെ വിളിച്ചുണർത്തി.രണ്ടു പേരും ചൂടൻ ചായ ആസ്വദിച്ച് കുടിക്കുന്നതു ഞങ്ങൾ കണ്ടു.

കുറെ നേരം കഴിഞ്ഞു ആ സ്ത്രീ എഴുന്നേറ്റപ്പോഴാണ് ഞങ്ങൾ ഞെട്ടിപ്പോയത്. മെലിഞുണങ്ങിയ അവളുടെ വയർ മാത്രം നിറഞ്ഞു വീർത്തിരിക്കുന്നു. ” ഇതിന്റെ പുറത്തും പെടച്ചു കയറിയ പൂ**മോനാരാണെടാ” എന്ന് എന്റെ ബോസ് ഒരു പറഞ്ഞപ്പോഴാണ് അത് ഒരു ഗർഭമാണ് എന്ന് മനസ്സിലായത്. അതൊരു ചോദ്യം തന്നെയായിരുന്നു. ആ സ്ത്രീയുടെ അടുത്ത് കൂടി തന്നെ പോവാൻ തന്നെ തോന്നില്ല, പിന്നെയല്ലേ പ്രാപിക്കാൻ തോന്നുക. നാറുന്നു എന്ന് തന്നെ പറയാം. എന്നിട്ടും അങ്ങനെയും ഒരാണുണ്ടായല്ലോ എന്നോർത്തു.

എന്തിനേറെപ്പറയുന്നു, അവർ ഞങ്ങൾക്ക് ഒരു ബാധ്യതയായി, അവളും മോളും അവിടെതന്നെയങ്ങു കൂടി. അവൾ ഒരു ഭ്രാന്തിയായിരുന്നു. എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരിക്കും. ആ മോൾ തെണ്ടി നടന്നു ഭക്ഷണം സംഘടിപ്പിക്കും, അമ്മയെ ഊട്ടും. പിന്നീട് അവൾ സ്വയം കണ്ടു പിടിച്ച കളികളിൽ മുഴുകും. ഞങ്ങൾ മഹാനഗരപാലികയെ (മുനിസിപ്പൽ കോർപറേഷൻ) ഇങ്ങനെ ഒരു മാരണം വന്നുപെട്ടിട്ടുണ്ടുവെന്നും എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണം എന്നുമാവശ്യപ്പെട്ടു. ഒരു ഫലവും ഉണ്ടായില്ല. എന്നിരുന്നാലും ഞങ്ങളിൽ ചിലർ ചെറിയ സഹായം ചെയ്യുകയും ചെയ്തിരുന്നു. ചിലർ പഴയ തുണികൾ അവരുടെ മുൻപിൽ ഇട്ടിട്ടു പോയി, മറ്റു ചിലർ ഭക്ഷണവും.

രണ്ടാഴ്ച തികയുന്നതിന് മുൻപ് തന്നെ അത് സംഭവിച്ചു. മറ്റൊരു പ്രഭാതത്തിൽ അവൾ കിടന്നു പുളയാൻ തുടങ്ങി. എന്റെ ബോസ് തന്റെ ഫ്‌ളാറ്റിൽ നിന്നും ഭാര്യയുടെ വസ്ത്രങ്ങൾ കൊണ്ടിട്ടു കൊടുത്തു. പിന്നെയാരും അങ്ങോട്ട് ശ്രദ്ധിച്ചില്ല. എന്താണ് നടക്കുന്നത് എന്നും അതൊരു സുഖമുള്ള കാഴ്ചയല്ല എന്നും അറിയാമല്ലോ..?

കുറച്ചു കഴിഞ്ഞ് അവിടെ നിന്നും നേരിയ ഒരു കരച്ചിൽ പുറത്തു കേട്ടു. നരകജീവിതത്തിലേക്ക് ഒരാളെക്കൂടെ വലിച്ചെറിഞ്ഞിരിക്കുന്നു, പ്രകൃതി. അവളുടെ മോൾ സാകൂതത്തോടെ പുതിയ ജീവനെ നോക്കി നിന്നു. അടുത്തു പുറത്തുള്ള സ്ത്രീകൾ ആ ഭ്രാന്തിയമ്മയെ സഹായിച്ചുവെന്നാണ് ഓർമ്മ.

ഇപ്പോളോർക്കുന്ന മറ്റൊരു കാഴ്ച്ച ആ ‘അമ്മ കൈക്കുഞ്ഞിന് മഗ്ഗിൽ നിന്നും വെള്ളം ശ്രദ്ധയോടെ ഒഴിച്ച് കൊടുക്കുന്നതാണ്. മണ്ണിനടിയിൽ പൊട്ടിക്കിടക്കുന്ന പൈപ്പിൽ നിന്നും ഉയർന്നു വന്ന വെള്ളം ആ മോൾ എടുത്തു കൊടുത്തതാണ് കുഞ്ഞിന്റെ വായിലേക്ക് ഇറ്റിക്കുന്നത്. തടയാൻ ചെന്നവരെ അവൾ ആട്ടിയോടിച്ചു. പിന്നീട് അവൾ ആ കുഞ്ഞിന് ചായ ഇറ്റിച്ചു കൊടുക്കുന്നതും കണ്ടിരുന്നു,. അന്ന് കുഞ്ഞുങ്ങളില്ലായിരുന്ന എന്റെ ബോസ്സിന്റെ അനുജൻ ആ അമ്മയെയും കുഞ്ഞിനേയും നോക്കി നെടുവീർപ്പിട്ടു.. അദ്ദേഹം എന്നോട് പറഞ്ഞു.

” ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ ചെയ്യാത്ത ചികിത്സയില്ല, ചെയ്യാത്ത പൂജയില്ല, വിളിക്കാത്ത ദൈവങ്ങളില്ല. എന്നിട്ടും ഞങ്ങൾക്കില്ല. പക്ഷെ ഏറ്റുനില്ക്കാൻ ജീവൻ പോലുമില്ലാത്ത ഒന്നിന് രണ്ടു തവണ അത് കിട്ടിയിരിക്കുന്നു.. പൂജയിലും ദൈവത്തിലും ഒന്നും ഒരു കാര്യവുമില്ല..”

അദ്ദേഹം അങ്ങനെ പറഞ്ഞതിൽ ഒരദ്ഭുതവുമില്ലായിരുന്നു. അടുത്തു ചെന്ന് ഞാനും ഒരു നോക്ക് അതിനെ കണ്ടു. നല്ല മിടുക്കി/മിടുക്കനായിരുന്നു ആ കുഞ്ഞ്. മറ്റ് പലരും അത് തന്നെ പറഞ്ഞു. നമ്മുടെ ഭാര്യമാർ ഗർഭിണികളായാൽ എന്തൊക്കെ നാടകങ്ങളാണ്, പ്രസവിച്ചാൽ എന്തൊക്കെ അഭിനയമാണ് എന്ന് പരസ്പരം പറഞ്ഞു ചിരിച്ചു. ഇപ്പോൾ മനസ്സിലാവുന്നു, എന്ത് പട്ടിണിയിലാണെങ്കിലും ഒരു ഗർഭസ്ഥശിശുവിന് കഴിയാനുള്ളത് സ്ത്രീശരീരത്തിൽ പ്രകൃതി സൂക്ഷിച്ചിരിക്കും, അവൾ പ്രായപൂർത്തി ആവുന്നതോട് കൂടി.

ഭ്രാന്തിയമ്മയ്ക്ക് ഓമനയായിരുന്നു ആ കുഞ്ഞ്. അതിനെ അവൾ കൈപ്പിടിയിൽ നിന്ന് മാറ്റിവച്ചിട്ടേയില്ല. എപ്പോഴും ചേർത്ത് പിടിച്ചിരുന്നു. അതെ പോലെ ആ മോളെയും. കൺവെട്ടത്തു നിന്ന് മറയാൻ അവളെ സമ്മതിച്ചിട്ടില്ല. കണ്ണുകൾ അവളെ തേടിക്കൊണ്ടിരിക്കും.

കുറെയേറെ ദിവസം ആ പിഞ്ചിന്റെ കരച്ചിൽ അവിടെ ഇടക്കിടെ കേട്ടിരുന്നു. ഒരു പത്തു ദിവസത്തോളം, പിന്നീടാരോ പറഞ്ഞു അവൾ ആ കുഞ്ഞിന്റെ വായിൽ ഉണക്ക ചപ്പാത്തി വച്ച് കൊടുക്കുന്നുവെന്ന്. അത് കേട്ടറിഞ്ഞ തടയാൻ ചെന്ന ഞങ്ങളെ അവൾ ഭീതിയോടെ നോക്കി. അറിയാവുന്ന ഭാഷയിലൊക്കെ ഞങ്ങൾ അവളോട്‌ പറഞ്ഞു നോക്കി, അങ്ങനെയൊന്നും ചെയ്യരുത് എന്ന്. ഹാഥ് ഗാഡിയിൽ നിന്ന് പാൽ കുപ്പിയിലാക്കി കൊടുത്തു. അത് കുഞ്ഞിന് അവൾ കൊടുക്കുമായിരുന്നുവെങ്കിലും ഇടയ്ക്കിടെ അവൾ ചപ്പാത്തി വായിൽ വച്ച് കൊടുക്കാൻ നോക്കും. ഒരു പക്ഷെ ആ അമ്മയുടെ കണ്ണിൽ അവൾ വളരുകയായിരിക്കും.

അധികം ദിവസം അത് പോയില്ല. ഒരു പകൽ പുലർന്നതിൽപ്പിന്നെ ആ കുഞ്ഞിന്റെ കരച്ചിൽ ഞങ്ങൾ കേട്ടില്ല. ഉച്ചയാകാറായപ്പോഴേക്കും ഞങ്ങൾക്ക് കാര്യം മനസ്സിലായി. അപ്പോഴും അവൾ ഭ്രാന്തമായ ആവേശത്തോടെ കുഞ്ഞിന്റെ വായിലേക്ക് ചപ്പാത്തിക്കഷണം തിരുകുകയായിരുന്നു. ഇടക്കിടെ ആ കുഞ്ഞിനെ കുലുക്കി വിളിക്കും.

കുഞ്ഞു മരിച്ചു പോയി എന്ന് ഞങ്ങൾ പറഞ്ഞത് ഭ്രാന്തിക്ക് മനസ്സിലാകാഞ്ഞിട്ടാണോ അതോ വിശ്വസിക്കാനുള്ള മടിയാണോ, അവൾ വീണ്ടും വീണ്ടും പകപ്പോടെ കുഞ്ഞിനെ വിളിച്ചു കൊണ്ടിരുന്നു. അവളുടെ മകൾ അന്ന് ഞങ്ങളുടെ നേർക്ക് കൈ നീട്ടിയില്ല. അവളും അനിയത്തിയോട് ചേർന്നിരുന്നു.

ഇത്തവണ ഞങ്ങളുടെ വിളി മഹാനഗരപാലിക കേട്ടു. ഒരു മണിക്കൂറിനുള്ളിൽ അവർ വാഹനവുമായി വന്നു. കുഞ്ഞിന്റെ ജഡം ആ ഭ്രാന്തിയമ്മയുടെ കൈയ്യിൽ നിന്നും വാങ്ങിയെടുക്കാൻ അവർ ഏറെ പണിപ്പെട്ടു. ഒരാൾ പിന്നിൽ നിന്നും അവളെ ബലമായി പിടിച്ചു നിർത്തിയാണ് അമ്മയിൽ നിന്നും കുഞ്ഞിനെ വേർപെടുത്തിയെടുത്തത്. അവളുടെ മകൾ അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു നിന്ന് ഉറക്കെക്കരഞ്ഞു. അവളുടെ കരച്ചിലും ഭ്രാന്തിയമ്മയുടെ ശാപവാക്കുകളും കൂടിനിന്നവരുടെയെല്ലാം മുകളിൽപ്പതിഞ്ഞു.

കോർപ്പറേഷൻ തൊഴിലാളികൾ അവളുടെ ജഡവുമായി അമ്മയിൽ നിന്ന് രക്ഷപെട്ടു വാഹനത്തിലേക്ക് ഓടിക്കയറുകയായിരുന്നു . കുഞ്ഞുജഢം വണ്ടിയിൽ എത്തിച്ചതിനു ശേഷമാണ് അവളുടെ മേലുള്ള പിടി വിട്ടത്. വാഹനം കുതിച്ചതിന്റെ പിന്നാലെ അവളും പാഞ്ഞു, വാഹനവും അവളും ദൂരെ മറഞ്ഞു.

കുറച്ചു കഴിഞ്ഞ് അവൾ കരഞ്ഞു കൊണ്ട് തിരിച്ചു വന്നു ,ചുരുണ്ടുകിടന്നു. ഇടയ്ക്കിടെ വീണു കിടക്കുന്ന തുണികൾ കെട്ടിപിടിച്ച് ഏങ്ങലടിക്കുന്നത് കണ്ടു.

അത് കണ്ട ഒരു സ്ത്രീ പറഞ്ഞു. ” ഭ്രാന്തിയാണെങ്കിലും അതും ഒരമ്മയല്ലേ…”

അന്ന് രാത്രി ഞങ്ങൾ അവളുടെ മുൻപിൽ കൊണ്ട് വച്ച ഭക്ഷണം പിറ്റേന്ന് അവിടെ അങ്ങനെ തന്നെയിരിപ്പുണ്ടായിരുന്നു. ഭ്രാന്തിയെയും അവളുടെ മകളെയും മാത്രം കണ്ടില്ല.

വാൽക്കഷണം: പിന്നീട് ഏകദേശം ഒരു വർഷത്തിന് ശേഷം ഒരു ചൊവ്വാഴ്ച ഭിക്ഷയെടുക്കാൻ വന്ന കുട്ടികളുടെ ഇടയിൽ ഒരു മുഖം കണ്ടു പരിചയം തോന്നി. ആ മുഖവും പകപ്പോടെ ആ സ്ഥലം മാറി മാറി നോക്കുന്നുണ്ടായിരുന്നു. ഏതോ ഓർമ്മ വീണ്ടെടുക്കുന്നത് പോലെ.

ആ മോളല്ലേയത് …? ഉറപ്പില്ല….എന്തായാലും ഇപ്പോൾ അവളും ഒരമ്മയായിട്ടുണ്ടാവും. എന്തായാലും തൊടുപുഴയിലെ അമ്മയെപ്പോലെയാവില്ല. അതുറപ്പ്‌.

https://www.facebook.com/photo.php?fbid=2283665528351430&set=a.184442771607060&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button