Latest NewsElection NewsIndia

തെരഞ്ഞെടുപ്പ് റെയ്ഡുകള്‍: കര്‍ശന നിര്‍ദ്ദേശം നല്‍കി കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും നടത്തുന്ന റെയ്ഡുകള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. റെയ്ഡുകള്‍ നടത്തുന്നതിന് മുമ്പ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും, റെയ്ഡുകള്‍ നിഷ്പക്ഷവും നീതിയുക്തവും ആയിരിക്കണമെന്നുമാണ് കമ്മീഷന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം രാജ്യത്തെ അമ്പതോളം ഇടങ്ങളില്‍ ഇന്നലെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി അടുപ്പമുള്ളവരുടെ വസതികളിലും റെയ്ഡ് നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

കമല്‍നാഥിന്റെ ഓഫീസര്‍ ഓഫ് സ്പെഷ്യല്‍ ഡ്യൂട്ടി (ഓ.എസ്.ഡി) പ്രവീണ്‍ കക്കാറിന്റെ വസതിയിലടക്കം ഇന്‍ഡോറിലെയും ഭോപ്പാലിലെയും 50 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഫ്ളാറ്റുകളില്‍ അടക്കം നടന്ന റെയ്ഡിനെക്കുറിച്ച് പലരും പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം.

അതേസമയം റെയ്ഡുകളില്‍ നിന്ന് വന്‍തുക കണ്ടെത്തിയതായി ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.ഹവാല പണം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍നിന്നുള്ള 300 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ്് വിവിധ ഇടങ്ങളില്‍ റെയ്ഡിനെത്തിയത്. സിആര്‍പിഎഫ് സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അതേസമയം പ്രവീണ്‍ കക്കാറിനോട് അടുപ്പമുള്ള അശ്വിന്‍ ശര്‍മയുടെ വസതിയില്‍ റെയ്ഡിനിടെ സംസ്ഥാന പോലീസ് എത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചു. പോലീസ് ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വീടിന്റെ വാതിലുകള്‍ അടച്ചു.

റെയ്ഡുമായി സഹകരിക്കുന്നതിന് പകരം മധ്യപ്രദേശ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കുകയാണെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button