Latest NewsKeralaCandidates

മാവേലിക്കര തഴവ സഹദേവനെ നെഞ്ചേറ്റുമോ?

ആദ്യം ബിജെപി ഏറ്റെടുത്ത മാവേലിക്കര മണ്ഡലം വച്ചുമാറ്റത്തിലൂടെയാണ് ബിഡിജെഎസിന്റെ കൈകളിലെത്തിയതോടെയാണ് തഴവ സഹദേവന് നറുക്കു വീണത്. മാവേലിക്കര സഹദേവന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് പാര്‍ട്ടിക്കറിയാം. മാവേലിക്കര ഏറ്റെടുത്ത ബിഡിജെഎസിന് മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനെടുത്ത കാലതാമസം ഇവിടെയുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ തഴവ സഹദേവനെ നേതൃത്വം ഞൊടിയിടയില്‍ കണ്ടെത്തുകയായിരുന്നു. കെഎസ്ആര്‍ടിസിയില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചതാണ് സഹദേവന്‍. എന്നാല്‍ ഈ കൈകളില്‍ അഭിനയവും ഭദ്രമാണ്. നാടോടി മന്നന്‍, സൈറ, രാമന്‍, ഇവന്‍ മേഘരൂപന്‍ തുടങ്ങിയ സിനിമകളിലും പത്തോളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിലും ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്കിടയില്‍ ആ താരപരിവേഷം തഴവ സഹദേവനെ തുണച്ചിട്ടുണ്ട്.

ശക്തമായ മത്സരം നടന്ന കുന്നത്തൂര്‍ മണ്ഡലത്തില്‍ 21,742 വോട്ട് നേടിയാണ് സഹദേവന്‍ മിന്നയത്. മാവേലിക്കര മണ്ഡലത്തില്‍ ബിഡിജെഎസിന് നിര്‍ദേശിക്കാവുന്ന മികച്ച സ്ഥാനാര്‍ഥി തന്നെയാണു തഴവ സഹദേവന്‍. ഉപവരണാധികാരി ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. അലക്സ് ജോസഫ് മുന്‍പാകെയാണ് പത്രിക നല്‍കിയത്. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ബി.ജെ.പി. ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയാണ് സഹദേവന്‍ പത്രിക നല്‍കിയത്. മാവേലിക്കരയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി തഴവ സഹദേവന്‍ തിരഞ്ഞെടുപ്പ് കമ്മിഷനു മുമ്പില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ കൈവശം 25,000 രൂപയാണുള്ളത്. കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല. വിവിധ ബാങ്കുകളിലായി 65,193 രൂപയുടെ നിക്ഷേപവും 5,05,870 രൂപ വിലമതിക്കുന്ന കാറും 20,000 രൂപ വിലവരുന്ന സ്‌കൂട്ടറുമാണുള്ളത്. എട്ട് പവന്‍ സ്വര്‍ണവും തഴവ വില്ലേജില്‍ 22 ലക്ഷം രൂപ വിലമതിക്കുന്ന 11 സെന്റ് കാര്‍ഷികേതര ഭൂമിയുമുണ്ട്. കൂടാതെ രണ്ട് ലക്ഷം രൂപ വിലവരുന്ന വാണിജ്യാവശ്യത്തിനുള്ള കെട്ടിടവും 36 ലക്ഷം വിലമതിക്കുന്ന വീടും അദ്ദേഹത്തിന്റെ പേരിലുണ്ട്. കരുനാഗപ്പള്ളി എസ്.ബി.െഎ. ശാഖയില്‍ നാലുലക്ഷം രൂപയുടെ വാഹനവായ്പയും തഴവ സഹദേവന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ കൈവശം 5,000 രൂപയും 25 പവന്‍ സ്വര്‍ണവുമാണുള്ളത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കന്നിക്കാരനാണ് സഹദേവന്‍. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സുപരിചിതനായി മാറിയ അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും നര്‍മ്മം കലര്‍ന്ന സംഭാഷണവും ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ്. ഇടത്- വലത് മുന്നണികള്‍ ജയിച്ചിട്ടുള്ള മണ്ഡലത്തിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ചാണ് സഹദേവന്‍ വോട്ട് തേടുന്നത്. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുകൂടിയായ കൊടിക്കുന്നില്‍ സുരേഷും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറുമാണ് സഹദേവന്റെ മുഖ്യ എതിരാളികള്‍. മുഖ്യ മുന്നണികള്‍ക്ക് ശക്തികേന്ദ്രങ്ങളായ അസംബ്ലി സെഗ്മെന്റുകള്‍ ഉള്ള ഒരു ലോകസഭാ മണ്ഡലം ആണ് മാവേലിക്കര. മാവേലിക്കരക്കാര്‍ ആരെ നെഞ്ചിലേറ്റുമെന്ന് നമുക്ക് കാത്തിരുന്ന് കാണുക തന്നെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button