Latest NewsCandidates

ലോക്‌സഭാ തെരഞ്ഞെടുപ്പ്; അട്ടിമറി സ്വപ്‌നങ്ങളുമായി മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയായി വി.പി സാനു

മലപ്പുറം: 17-ം ലോക് സഭയില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് വി.പി സാനു. അട്ടിമറി സ്വപ്നങ്ങളുമായാണ് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു മലപ്പുറത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായെത്തുന്നത്. ഏറെ ആവേശത്തോടെയാണ് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരാവാദിത്വത്തെ കാണുന്നതെന്ന് സാനു പറഞ്ഞു. വലിയൊരു മാറ്റത്തിനുവേണ്ടി മലപ്പുറം കാതോര്‍ക്കുകയാണ്. മലപ്പുറത്തെ ഇടത് വിജയം ബാലികേറാ മലയൊന്നുമല്ല. വിജയിക്കാന്‍ വേണ്ടിത്തന്നെയാണ് താന്‍ മത്സരിക്കുന്നതെന്നാണ് വി.പി സാനുവിന്റെ പക്ഷം. മുന്‍കാലങ്ങളില്‍ എസ്.എഫ്.ഐ നേതാക്കള്‍ സംസ്ഥാനത്ത് അട്ടിമറി വിജയം നേടിയിട്ടുണ്ടെന്നും സാനു വിലയിരുത്തുന്നു.

1991 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം വിപി സക്കറിയയുടെ മകനാണു സാനു. മലപ്പുറം വളാഞ്ചേരി മുക്കില്‍പീടിക സ്വദേശിയായ സാനു ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് എത്തുന്നത്. മുന്‍കാല എസ്.എഫ്.ഐ നേതാക്കന്മാരില്‍ നിന്ന് വ്യത്യസ്തമായി ഏറെ പെട്ടന്നാണ് സാനുവിനെ തേടി ഉയര്‍ന്ന സ്ഥാനങ്ങള്‍ എത്തിയത്. എസ്.എഫ്.ഐയില്‍ പ്രായപരിധി നടപ്പാക്കുന്നതിന് മുന്‍പുതന്നെ ബാലസംഘം ജില്ലാ പ്രസിഡന്റായിരുന്ന വി.പി സാനുവിനെ നേരിട്ട് എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റാക്കിയിരുന്നു. തുടര്‍ന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരിക്കെ കാലിക്കറ്റ് സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് നേതൃത്വം നല്‍കിയതോടെ സാനു ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

തുടര്‍ന്ന് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന വി.പി സാനു അപ്രതീക്ഷിതമായി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മാസങ്ങള്‍ മാത്രമേ സാനു ആ സ്ഥാനത്ത് തുടര്‍ന്നുള്ളു. വൈകാതെ നടന്ന ദേശീയ സമ്മേളനത്തില്‍ സാനു എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലത്തില്‍ എസ്.എഫ്.ഐ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് സാനുവിനെ തേടി ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം എത്തുന്നത്. സാനുവിനെ പോലൊരു യുവ സ്ഥാനാര്‍ത്ഥിയുടെ സാന്നിദ്ധ്യം മണ്ഡലത്തില്‍ ചെറിയ മുന്നേറ്റമെങ്കിലും സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം ക്യാമ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button