Latest NewsKerala

കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച് ഉയരങ്ങള്‍ കീഴടക്കിയത് സ്വന്തം പരിശ്രമത്തില്‍

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച് ഉയരങ്ങള്‍ കീഴടക്കിയത് സ്വന്തം പരിശ്രമത്തിലാണ്. മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയെന്ന ഗ്രാമത്തിലെ സാധാരണ കര്‍ഷകകുടുംബത്തിലെ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകന്‍ നേടിയ വിജയങ്ങള്‍ കഠിനാധ്വാനത്തിലൂടെ വെട്ടിപ്പിടിച്ചതാണ്. മരങ്ങാട്ടുപള്ളി സെന്റ് തോമസിലും കടപ്ലാമറ്റം സെന്റ് ആന്റണീസിലും കുറവിലങ്ങാട് സെന്റ് മേരീസിലും പാലാ സെന്റ് തോമസിലുമൊക്കെയായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സിലും തേവര സേക്രഡ് ഹാര്‍ട്‌സിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. മദ്രാസ് ലോ കോളജില്‍നിന്ന് 1955ല്‍ നിയമബിരുദം നേടി. ഹൈക്കോടതി ജഡ്ജിയായിരുന്ന പി. ഗോവിന്ദമേനോന്‍ അഭിഭാഷകനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴിലാണ് പ്രാക്ടീസ് തുടങ്ങിയത്. ഒരുവര്‍ഷത്തെ പ്രാക്ടീസിനുശേഷം കോഴിക്കോടുനിന്ന് പാലായില്‍ മടങ്ങിയെത്തിയ മാണിയെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയാണ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്. ആദ്യം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്. 1959ല്‍ കെപിസിസി അംഗമായി. 1964ല്‍ കോട്ടയം ഡിസിസിയുടെ സെക്രട്ടറിയായി. രാഷ്ട്രീയ വളര്‍ച്ചയുടെ നാളുകള്‍ ഇവിടെനിന്നു തുടങ്ങുന്നു.

പി.ടി. ചാക്കോയുടെ വിയോഗത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ കെ.എം. ജോര്‍ജിന്റെയും ആര്‍. ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടു. 1964 ഒക്ടോബര്‍ 8ന് തിരുനക്കരയില്‍ മന്നത്തു പത്മനാഭന്‍ കേരള കോണ്‍ഗ്രസിനു തിരിതെളിച്ചു. കോട്ടയം ഡിസിസി ഏതാണ്ട് അതേപടി കേരള കോണ്‍ഗ്രസിന്റെ ജില്ലാക്കമ്മിറ്റിയായി. കെ.എം. ജോര്‍ജ് പാര്‍ട്ടി ചെയര്‍മാനായി. അങ്ങനെ ഇന്നത്തെ കോരളകോണ്‍ഗ്രസിന്റെ ജനനമായിരുന്നു അത്

്1965 മാര്‍ച്ച് 4ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി കെ.എം.മാണി മത്സരിച്ച് വിജയിച്ചു. ആ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് 26 സീറ്റുകള്‍ കിട്ടി. കോണ്‍ഗ്രസിന് 40, സിപിഎമ്മിന് 36. ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. 1971ലും 1972ലും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായതോടെ മാണി പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിച്ചു തുടങ്ങി. 1976 ഡിസംബര്‍ 11ന് കെ.എം. ജോര്‍ജ് നിര്യാതനായി. അതിനുശേഷം പാര്‍ട്ടിയില്‍ മാണിയുടെ വളര്‍ച്ചയുടെ നാളുകളായിരുന്നു. കേരള കോണ്‍ഗ്രസ് ചെയര്‍മാനായ മാണി അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി.

കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ മാണി കേരള കോണ്‍ഗ്രസിലൂടെയാണ് വളര്‍ന്നത്. പ്രാദേശിക രാഷ്്ട്രീയ പാര്‍ട്ടികളുണ്ടാക്കി മുന്നേറ്റം സ്വപ്നം കണ്ട പല പ്രമുഖരും പരാജയപ്പെട്ടിടത്ത് കേരള കോണ്‍ഗ്രസ്(എം) എന്ന പാര്‍ട്ടി ശക്തമായി നിലനില്‍ക്കുന്നതിനു പിന്നില്‍ മാണിയുടെ മാത്രം മിടുക്കായിരുന്നു. തെറ്റിപ്പിരിഞ്ഞവര്‍ പിന്നീട് മാണിക്കൊപ്പം വരികയോ രാഷ്ട്രീയത്തില്‍ തളരുകയോ ചെയ്തു. അവസരങ്ങള്‍ ഉപയോഗിക്കുന്നതിലെ മിടുക്കും പോരാട്ടവീര്യവും ഒത്തുചേര്‍ന്നപ്പോള്‍ അധികാരസ്ഥാനങ്ങള്‍ മാണിക്കൊപ്പംവന്നു. മധ്യകേരളത്തില്‍ പാര്‍ട്ടി വളര്‍ന്നു. സൂക്ഷ്മതയോടെ കാര്യങ്ങള്‍ പഠിച്ചു മികച്ച ഭരണാധികാരിയെന്ന പേരെടുത്തു. ഒപ്പം പാലായെന്ന മണ്ഡലത്തെ വികസനപ്രവര്‍ത്തനങ്ങളിലൂടെ 52 വര്‍ഷം ഒപ്പം നിര്‍ത്തി. ബാര്‍കോഴ ആരോപണത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചു കോണ്‍ഗ്രസിനോട് അകലം പാലിച്ചെങ്കിലും പിന്നീട് യുഡിഎഫിലേക്ക് തിരിച്ചുവന്ന മാണി തുല്യതയില്ലാത്ത രാഷ്ട്രീയചരിത്രം ബാക്കിവച്ചാണ് യാത്രയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button