Latest NewsElection SpecialElection 2019

പരാജയം നുണച്ചവർ പരിഭ്രാന്തിയിലോ ? കള്ളക്കഥകളുമായി കോൺഗ്രസ് രംഗത്ത് : മുൻ സൈനികരെ പോലും രാഹുൽ ഗാന്ധി അപമാനിക്കുന്നു -മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

ഇന്ന് കോൺഗ്രസ് വീണ്ടും മറ്റൊരു കള്ളക്കഥയുമായി രംഗത്ത് വന്നു; രാജ്യത്തെ അനവധി സേനാ നായകന്മാർ ,മുൻ പ്രതിരോധ ഉദ്യോഗസ്ഥർ നരേന്ദ്ര മോദിയെ വിമര്ശിച്ചുകൊണ്ട് രാഷ്ട്രപതിക്ക് കത്തയച്ചുഎന്നതായിരുന്നു അത്. ബാലക്കോട്ട് സൈനികാക്രമണത്തിന് നേതൃത്വമേകിയ സൈനികർക്കായി നിങ്ങളുടെ ആദ്യ വോട്ട് സമർപ്പിക്കൂ എന്ന് പ്രധാനമന്ത്രി മോഡി ഒരു പൊതുസമ്മേളനത്തിൽ പറഞ്ഞതാണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. സൈനികർക്കായി വോട്ട് സമർപ്പിക്കൂ എന്ന് പറഞ്ഞാൽ അതെന്ത് അപകടമാണ്…….?. അത് പറഞ്ഞുകൊണ്ട് പൂർവ സൈനികർ രംഗത്ത് വന്നുവെന്നും അവർ രാഷ്ട്രപതിയെ പ്രതിഷേധം അറിയിച്ചു എന്നുമാണ് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസുകാർ പ്രചരിപ്പിച്ചത്. പച്ചക്കള്ളമായിരുന്നു അതെന്ന് തെളിയാൻ മണിക്കൂറുകൾ പോലും വേണ്ടിവന്നില്ല. ആ കത്തിൽ ഒപ്പുവെച്ചു എന്ന് പറയുന്ന മുൻ സൈനികർ ഒന്നൊന്നായി അത് നിഷേധിച്ചു. അതിനു പിന്നാലെ ഇങ്ങനെ ഒരു കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്‌ട്രപതി ഭവനും ഔപചാരികമായി അറിയിച്ചു…… കള്ളത്തരം ശീലമാക്കിയവർ കുടുങ്ങുകയാണ്. ആദ്യഘട്ടം വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസിന് ലക്ക് കെട്ടു എന്നുവേണോ കരുതാൻ?.

മുൻ ആർമി വൈസ് ചീഫ് എംഎൽ നായിഡു, ജനറൽ എസ്എഫ് റോഡ്രിഗ്‌സ്, മുൻ എയർ ചീഫ് മാർഷൽ എൻസി സൂരി…… അങ്ങിനെ നിഷേധിച്ചവരുടെ എണ്ണം കൂടിക്കൂടിവരുകയാണ്, ഓരോ മണിക്കൂറിലും. പലരും ഇങ്ങനെ ഒരു കത്ത് തയ്യാറാക്കിയതോ അയച്ചതോ ഒന്നും അറിഞ്ഞിട്ടേയില്ല; ചിലർ ടിവി ചാനലുകളിൽ കണ്ടറിഞ്ഞു. ചിലർക്ക് ഇത് വാട്സാപ്പിൽ കിട്ടിയെന്ന് പറയുന്നു, അല്ലാതെ അവർ നിലപാട് അറിയിച്ചിട്ടില്ല. സൈനികരുടെ പേരിൽ പോലും കള്ളത്തരത്തിന് കോൺഗ്രസ് മുതിരുന്നു എന്നതാണ് ഇതിലെ രാഷ്ട്രീയം.

എന്താണ് കോൺഗ്രസിനെ അലട്ടുന്നത്?. ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ കുറേനാളുകളായി രാഹുൽ ഗാന്ധിയും കൂട്ടരും വെറും നുണക്കഥകൾ പറഞ്ഞുനടക്കുകയാണ്. റഫാൽ കോടതി വിധി വളച്ചൊടിച്ചു എന്ന് ഇതിനകം ആക്ഷേപമുയർന്നിട്ടുണ്ട്; മാത്രമല്ല അത് കോടതിയലക്ഷ്യ ഹർജിയുടെ സ്ഥിതിയിലുമെത്തി. 15 ന് ഹർജി പരിഗണിക്കാമെന്ന് ഇന്നിപ്പോൾ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവരക്കേട് പറയാം, എന്നാൽ കോടതിവിധിയെക്കുറിച്ച് അബദ്ധം എഴുന്നള്ളിച്ചാലോ?. അതാണ് രാഹുലിനെ പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിച്ചത്.

കഴിഞ്ഞ ദിവസം അമേത്തിയിൽ ഉണ്ടാക്കിയ നാടകം രാജ്യം കണ്ടതാണ്. രാഹുൽ ഗാന്ധിയെ വധിക്കാൻ പദ്ധതിയിട്ടു എന്നും മറ്റുമുള്ള വാർത്തകളാണ് ഇന്നലെ കോൺഗ്രസ് ചമച്ചുവിട്ടത് . ഇത് പുറത്തുവിട്ടത് ഡൽഹിയിലാണ്, കോൺഗ്രസ് നേതൃത്വമാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. അത് സംബന്ധിച്ച് ഒരു കത്ത് കോൺഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നൽകിയിട്ടുണ്ട് എന്നും പറഞ്ഞു; പക്ഷെ അവർക്കാർക്കും കത്ത് ലഭിച്ചില്ല. അമേത്തിയിലെ റോഡ് ഷോ-ക്കിടയിൽ ഒരു ‘പച്ച ലേസർ ലൈറ്റ്’ രാഹുലിന്റെ ശരീരത്തിൽ പതിക്കുന്നത് കണ്ടു എന്നും അത് അദ്ദേഹത്തെ വധിക്കാൻ തയ്യാറാക്കിയ പദ്ധതിയാണ് എന്നുമാണ് ആക്ഷേപം. വാർത്ത പുറത്തുവിട്ടതോടെ ബിജെപി വിരുദ്ധ മാധ്യമങ്ങൾ കൊട്ടിഘോഷിക്കാൻ തുടങ്ങി. മലയാളത്തിലെ കോൺഗ്രസ് അനുകൂല മാധ്യമങ്ങൾക്ക് പറഞ്ഞിട്ടും തീരാത്ത വാർത്തയായി അത് മാറുന്നത് കണ്ടതാണല്ലോ. ‘രാഹുലിനെ വധിക്കാൻ പദ്ധതി’ എന്ന മട്ടിലാണ് അവർ അതിനെ ചിത്രീകരിച്ചത്. അത് ഒരു ആസൂത്രിത പദ്ധതിയായിരുന്നു എന്നത് തീർച്ച. എന്നാൽ മിനിട്ടുകൾക്കകം സുരക്ഷാ ഏജൻസിയായ എസ്‌പിജി ഇക്കാര്യത്തിൽ വിശദീകരണം നൽകി ……… “രാഹുൽ ഗാന്ധി യാത്രചെയ്ത വാഹനത്തിൽ എഐസിസി നിയോഗിച്ച ക്യാമറാമാൻ ഉണ്ടായിരുന്നു; അയാളുടെ ക്യാമറയിലെ ലൈറ്റ് ആണ് അത് …” അതെന്നുമായിരുന്നു വിശദീകരണം. അതാണ് യാഥാർഥ്യവും. എന്നാൽ അത് എന്താണെന്ന് പോലും പരിശോധിക്കാതെയാണ് കോൺഗ്രസ് സ്വന്തം പാർട്ടി അധ്യക്ഷനെ വധിക്കാൻ ശ്രമിച്ചു എന്ന പരാതിയുമായി തെരുവിലിറങ്ങിയത്. ഇത്തരമൊരു നാടകം മുൻപും കോൺഗ്രസ് അമേത്തിയിൽ കളിച്ചിട്ടുണ്ട്; 1977 ൽ, അതിലേക്ക് വരാം.

ഇവിടെ ശ്രദ്ധിക്കേണ്ടത്, രാഹുൽ ഗാന്ധി മാത്രമല്ല, സോണിയയും മകൾ പ്രിയങ്കയും എസ്‌പിജി സംരക്ഷണയിലാണ് എന്നതാണ് . രാജ്യത്തെ രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർക്കൊക്കെ അനുവദിച്ചിട്ടുള്ള ഇസഡ് പ്ലസ് സുരക്ഷാ സംവിധാനമാണ് അവർക്ക് ഇന്നുള്ളത്. മകൾ ജനപ്രതിനിധി ഒന്നുമല്ലെങ്കിലും താമസിക്കുന്നത് സർക്കാർ ബംഗ്ലാവിലാണ്….. സ്വാഭാവികമായും അവരുടെ എല്ലാം സുരക്ഷാ സംവിധാനം എസ്‌പിജി ആണ് നോക്കുന്നത്; അവർ അത് യഥാസമയം വിലയിരുത്തുന്നുണ്ടാവണം. എന്നാൽ ഈ സുരക്ഷാ സംവിധാനമൊക്കെ മറികടന്നുകൊണ്ട്, അതൊക്കെ വേണ്ടെന്ന് എഴുതിക്കൊടുത്തുകൊണ്ടാണ്, ഇതേ രാഹുൽ ഗാന്ധി പലപ്പോഴും യാത്ര ചെയ്തിട്ടുള്ളത് എന്നത് മറന്നുകൂടാ. അദ്ദേഹത്തിന്റെ വിദേശത്തെ ‘രഹസ്യ യാത്രകൾ ‘ ഓർമ്മിക്കുക .

കേന്ദ്ര സർക്കാരിന് കോൺഗ്രസ് കൊടുത്തു എന്ന് പറയുന്നു കത്ത് ഇതിനകം പുറത്തായിരുന്നുവല്ലോ; ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വധത്തെക്കുറിച്ചു അതിൽ പരാമർശിച്ചിട്ടുണ്ട്. രാഷ്ട്രത്തിന് വേണ്ടി തീവ്രവാദത്തിന് അവർ കീഴടങ്ങി എന്നതാണ് സൂചന. അവരുടെ വധം തീർച്ചയായും രാഷ്ട്രത്തിന് ദുഃഖമേ പകർന്നു നൽകിയിട്ടുള്ളൂ. എന്നാൽ അതൊക്കെ സംഭവിച്ചത് കോൺഗ്രസ് ഭരണത്തിൽ തന്നെയാണ് എന്നത് അവർ മറന്നു. രണ്ടുപേരും മരണമടയുന്നത് പ്രധാനമന്ത്രി ആയിരിക്കെയുമാണല്ലോ. അങ്ങിനെ ഒരു വികാരമുണ്ടാക്കാനുള്ള ശ്രമമാണോ ഇതെന്നതാണ് അപ്പോൾ തോന്നിയ ഒരു സംശയം. മറ്റൊന്ന് , ഒരു പ്രശ്നമല്ലാത്ത കാര്യം അവർ ഉയർത്തിക്കൊണ്ടുവരുന്നു; സ്വന്തം ഫോട്ടോഗ്രാഫറുടെ ക്യമറയിൽ നിന്നുള്ള ലേസർ ലൈറ്റ് ദേഹത്തിൽ പതിച്ചത് വെറുതെ ഊതി വീർപ്പിക്കുകയായിരുന്നു. രാഹുലിനെപ്പോലെ ഒരാളെ സംബന്ധിച്ചാവുമ്പോൾ ബഹളവുമായി ഇറങ്ങുന്നതിന് മുൻപ് എന്താവാം ഇതെന്ന് ഒന്ന് ആലോചിക്കാമായിരുന്നില്ലേ കോൺഗ്രസുകാർക്ക്?. അത് ചെയ്തില്ല. മാത്രമല്ല കള്ളത്തരമാണ് എന്നറിയാത്തതുമാവണമെന്നില്ല എന്നുവേണ്ട കരുതാൻ?.

ഇതുപോലെ ഒരു ‘വധശ്രമ നാടകം’ മുൻപും അമേത്തിയിൽ ഉണ്ടായിട്ടുണ്ട്; 1977 -ലെ ലോകസഭാ തിരഞ്ഞെടുപ്പ് വേളയിലാണ്. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള പൊതു തിരഞ്ഞെടുപ്പ്. അന്ന് അമേത്തിയിൽ മത്‌സരിച്ചത് സഞ്ജയ്‌ ഗാന്ധിയാണ് ; ജനതാ പാർട്ടിയിലെ രവീന്ദ്ര പ്രതാപ് സിങ് എതിരാളിയും. ഏതാണ്ടൊക്കെ തോൽവി ഉറപ്പായപ്പോൾ ‘സഞ്ജയ് ഗാന്ധിയെ വധിക്കാൻ ശ്രമം’ എന്നൊരു വാർത്ത പടച്ചുവിട്ടു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്പാണ് . ഒരു ദിവസം രാത്രി ‘ആകാശവാണി’ ആണ് അന്ന് വാർത്ത പുറത്തുവിടുന്നത്. പിറ്റേന്ന് രാജ്യമെമ്പാടും പ്രതിഷേധം; ജനതാ പാർട്ടി സ്ഥാനാർഥിയെ അറസ്റ്റ് ചെയ്യാൻ ആവശ്യമുയരുന്നു…… പ്രതിപക്ഷത്തിനെതിരേ നീക്കം……… യഥാർഥത്തിൽ പരാജയ ഭീതിയിൽ കോൺഗ്രസ് പുറത്തിറക്കിയ ഒരു തുറുപ്പു ചീട്ടായിരുന്നു ഈ വധശ്രമ നാടകം. അത് ഏശിയില്ല….. അത്തവണ അമേത്തിയിലെ ജനത സഞ്ജയ് ഗാന്ധിയെ പരാജയപ്പെടുത്തുകയും ചെയ്തു.

ഇന്നിപ്പോൾ അമേത്തിയിൽ രാഹുൽ പരാജയ ഭീതിയിലാണ് എന്നത് ആർക്കുമറിയാം. കഴിഞ്ഞ ദിവസമാണ് അദ്ദേഹം പത്രിക നൽകിയത്. അന്നവിടെ വലിയ ചലനമുണ്ടാക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വേണ്ടത്ര വിജയിച്ചില്ല എന്നതാണ് വിലയിരുത്തൽ. അതേസമയം ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി അമേത്തി- യെ അക്ഷരാർഥത്തിൽ ഇളക്കി മറിച്ചു; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അടക്കമുള്ളവർ റോഡ് ഷോയിൽ അണിനിരക്കുകയും ചെയ്തു. അമേത്തിയിലെ ചുമരെഴുത്ത് കോൺഗ്രസിന് മനസ്സിലായിരുന്നു, നേരത്തെ തന്നെ . അതുകൊണ്ടാണല്ലോ രാഹുൽ വയനാട്ടിലേക്ക് ഓടിയത് . പരാജയം തുറിച്ചു നോക്കുന്നു എന്ന യാഥാർഥ്യമാവണം ഇത്തരമൊരു കള്ളക്കഥ മെനയാൻകോൺഗ്രസിനെ പ്രേരിപ്പിച്ചത്. 1977 ആവർത്തിക്കുമെന്ന് രാഹുലിന് ബോധ്യമായി എന്നെ അർത്ഥമാക്കേണ്ടതുള്ളൂ.

വേറൊന്ന് എനിക്ക് തോന്നിയത്, ആദ്യഘട്ടം വോട്ടെടുപ്പ് കഴിയുമ്പോൾ ഏറെക്കുറെ എന്താണ് സംഭവിക്കുക എന്നത് കോൺഗ്രസിന് മനസിലായിട്ടുണ്ടാവണം. അവരും എക്സിറ്റ് പോളിന് ചില ഏജൻസികളെ ഏല്പിച്ചിരിക്കണമല്ലോ; അവർ കണക്ക് കൊടുത്തിരിക്കുമല്ലോ. പൊതുവെ കേക്കുന്നത്, വിധിയെഴുതിയ 91 മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിൽ എങ്കിലും കോൺഗ്രസ് ജയിച്ചാൽ ഭാഗ്യം എന്നതാണ്. അത്രക്ക് പിന്നിലാണ് അവർ ആദ്യ റൗണ്ടിൽ….. പ്രതീക്ഷ നഷ്ടപ്പെട്ടു. പിന്നെ, വിമുക്ത ഭടന്മാർ, സൈനികർ അവരുടെയൊക്കെ കുടുംബങ്ങൾ എന്നിവർ ഇത്തവണ ഏതാണ്ട് ഒറ്റക്കെട്ട് എന്നപോലെ ബിജെപിക്കൊപ്പം അണിനിരന്നിരിക്കുന്നു. അത് ആദ്യ റൗണ്ടിൽ വ്യക്തമാണത്രെ. അപ്പോൾ ഇനി സൈനികരെയും കുടുംബങ്ങളെയും മുൻ സൈനികരെയുമൊക്കെ തെറ്റിദ്ധരിപ്പിക്കണം എന്ന് തീരുമാനിച്ചിരിക്കണം…..അതാണിപ്പോഴത്തെ കള്ളകഥ. കോൺഗ്രസും കൂട്ടാളികളും ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമ്പോഴത്തെ ദുഃഖമാണ് അതിൽ നിഴലിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close